Home » » ഷെഫീഖിനെ തിരികെ കൊണ്ടുവരാന്‍ തീരുമാനമായി.

ഷെഫീഖിനെ തിരികെ കൊണ്ടുവരാന്‍ തീരുമാനമായി.

Written By Unknown on Monday, 21 April 2014 | 17:57

കട്ടപ്പന : വിദഗ്‌ധ ചികിത്സയ്‌ക്കായി വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയ ഷെഫീഖിനെ മേയ്‌ 10 ന്‌ തിരികെ കൊണ്ടുവരാന്‍ തീരുമാനമായി. പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂര പീഡനത്തിനിരയായതിനെ ത്തുടര്‍ന്ന്‌ വെല്ലൂരില്‍ ചികിത്സിച്ചശേഷം ഷെഫീഖിന്‌ മുമ്പ്‌ താല്‍ക്കാലിക സംരക്ഷണമൊരുക്കിയ ഇടുക്കി സ്വധര്‍ ഷെല്‍ട്ടര്‍ ഹോമിലേക്കാണ്‌ വീണ്ടും കൊണ്ടുവരുന്നത്‌.
ഇതിനുശേഷം സംരക്ഷണം ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന വ്യക്‌തികള്‍ക്കോ സ്‌ഥാപനങ്ങള്‍ക്കോ കുട്ടിയെ കൈമാറാന്‍ ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റി തീരുമാനമെടുത്തതായി ചെയര്‍മാന്‍ പി.ജി. ഗോപാലകൃഷ്‌ണന്‍ നായര്‍ പറഞ്ഞു. പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടിയുടെ സംരക്ഷണം ഇത്തരത്തില്‍ കൈമാറുന്നത്‌ കേരളത്തില്‍ ആദ്യമായിരിക്കുമെന്നാണ്‌ വിലയിരുത്തല്‍.
ഇതിനായി വ്യക്‌തികള്‍, കുടുംബങ്ങള്‍, സ്‌ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ്‌ അപേക്ഷ സ്വീകരിക്കുന്നത്‌. സ്വന്തം കുഞ്ഞിനെപ്പോലെ ഷെഫീഖിനെ സംരക്ഷിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവരെയാണ്‌ പരിഗണിക്കുക. ഇവരെക്കുറിച്ച്‌ വിവിധതലങ്ങളില്‍ അന്വേഷണം നടത്തിയശേഷമേ ചികിത്സ അടക്കമുള്ളവയുടെ ഉത്തരവാദിത്വം ഏല്‍പ്പിച്ചുകൊണ്ട്‌ കുട്ടിയെ കൈമാറുകയുള്ളു. കൂടുതല്‍ അപേക്ഷകള്‍ വന്നാല്‍ കുട്ടിയുടെ ഉത്തമ താല്‍പര്യം സംരക്ഷിക്കാന്‍ കഴിവുള്ളവരെ അതില്‍ നിന്നു തെരഞ്ഞെടുക്കും. ഇതൊക്കെയാണെങ്കിലും കുട്ടിയുടെ മേലുള്ള യഥാര്‍ഥ അവകാശികള്‍ മാതാപിതാക്കളായിരിക്കും.
അഞ്ചുവയസുകാരനായ ഷെഫീഖിനെ കഴിഞ്ഞമാസം പകുതിയോടെയാണ്‌ തുടര്‍ ചികിത്സയുടെ ഭാഗമായി വീണ്ടും വെല്ലൂര്‍ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയത്‌.
ഇവിടെ ഡോ. ജോര്‍ജ്‌ തര്യന്റെ നേതൃത്വത്തിലാണ്‌ കുട്ടിക്ക്‌ നൂറോ റീഹാബിലിറ്റേഷന്‍ സെന്ററില്‍ ഫിസിയോ തെറാപ്പി നല്‍കുന്നത്‌. സാമൂഹികനീതി വകുപ്പ്‌ നിയോഗിച്ച ആയ രാഗിണി യാണു കുട്ടിയെ പരിചരിക്കാന്‍ കൂടെയുള്ളത്‌. അഞ്ചുവയസുണ്ടെങ്കിലും രണ്ടര വയസുകാരന്റെ മാനസിക വളര്‍ച്ചയേ ഷെഫീഖ്‌ പ്രകടിപ്പിക്കുന്നുള്ളു. നടക്കാന്‍ കഴിയില്ലെങ്കിലും പരസഹായത്തോടെ ഏഴുന്നേറ്റ്‌ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നുണ്ട്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.