കഴക്കൂട്ടം: ടെക്നോപാർക്കിൽ തെളിവെടുപ്പിന് കൊണ്ടുവന്ന ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിലെ പ്രതിയെ അവിടത്തെ ജീവനക്കാരായ യുവാക്കൾ വളഞ്ഞിട്ട് മർദ്ദിച്ചു. നാല് പൊലീസുകാർക്കും പരിക്കേറ്റു.
സഹപ്രവർത്തകയായ കാമുകിയെ സ്വന്തമാക്കാൻ ഭർത്തൃമാതാവിനെയും പേരക്കുട്ടിയെയും അരുംകൊല ചെയ്ത കേസിലെ പ്രതിയും ടെക്നോപാർക്ക് ഡൈമെൻഷൻ സൈബർ ടെക്ക് കമ്പനി ജീവനക്കാരനുമായ നിനോമാത്യുവിനാണ് മർദ്ദനമേറ്റത്. ആറ്റിങ്ങൽ കോടതിയിൽ നിന്ന് തിങ്കളാഴ്ച രാവിലെ 11നാണ് പ്രതിയെ ആറ്റിങ്ങൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. വൈകിട്ട് മൂന്ന് മണിയോടെയാണ് ആറ്റിങ്ങൽ സി.ഐ അനിൽകുമാറും നാല് പൊലീസുകാരും ചേർന്ന് ഇയാളെ ടെക്നോപാർക്കിൽ ജോലി ചെയ്തിരുന്ന കമ്പനിയിൽ തെളിവെടുപ്പിനായി കൊണ്ടുവന്നത്. ഇതറിഞ്ഞ് നൂറുകണക്കിന് ജീവനക്കാർ കമ്പനി പ്രവർത്തിക്കുന്ന നിള സമുച്ഛയത്തിന് താഴെ തടിച്ചു കൂടി. തെളിവെടുപ്പ് പൂർത്തിയാക്കി നിനോമാത്യുവിനെ ജീപ്പിലേക്ക് കയറ്റാൻ ഒരുങ്ങിയപ്പോഴാണ് ജീവനക്കാർ വളഞ്ഞിട്ട് മർദ്ദിച്ചത്. മർദ്ദനം ചെറുക്കാൻ ശ്രമിച്ച പൊലീസുകാർക്കും കണക്കിന് അടി കിട്ടി. വിവരമറിഞ്ഞ് കഴക്കൂട്ടം പൊലീസ് പാഞ്ഞെത്തുന്നതിന് മുമ്പ് തന്നെ പൊലീസുകാർ വല്ലവിധേയനും പ്രതിയുമായി രക്ഷപ്പെട്ട് കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. കൊലപാതകത്തിന് വേണ്ടി മുളക് പൊടിയും മറ്റും വാങ്ങിയ കഴക്കൂട്ടത്തെ കടകളിലും പ്രതിയെ കൊണ്ടു പോയി തെളിവെടുപ്പ് നടത്തി.







