സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടാകാന്‍ കാരണമായ അവസ്ഥയുണ്ടായതില്‍ ധനവകുപ്പിനും വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി കെ എം മാണിക്കും കെപിസിസിയുടെ വിമര്‍ശനം. സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായത് ട്രഷറിയിലെ നിക്ഷേപങ്ങള്‍ ബാങ്കുകളിലേക്ക് മാറ്റാനുള്ള തീരുമാനമായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് സാമ്പത്തിക പ്രതിസന്ധി പ്രതിപക്ഷം ആയുധമാക്കിയെന്നും കെപിസിസി വിലയിരുത്തി. ഇത്തരം നയപരമായ തീരുമാനങ്ങള്‍ ചര്‍ച്ചയില്ലാതെ നടപ്പിലാക്കരുതെന്നും കെപിസിസിയില്‍ വിമര്‍ശനമുയര്‍ന്നു.
ധനവകുപ്പ് സ്വീകരിച്ച ഈ നിലപാടിനെതിരെ എന്‍ജിഒ അസോസിയേഷന്‍ കെപിസിസി അദ്ധ്യക്ഷന്‍ വി എം സുധീരന് നിവേദനം നല്‍കിയിരുന്നു. ഇത് ചര്‍ച്ച ചെയ്തപ്പോഴാണ് വിമര്‍ശനം ഉയര്‍ന്നത്. നിക്ഷേപങ്ങള്‍ തിരികെ ട്രഷറിയിലെത്തിക്കണമെന്നും ചര്‍ച്ചയില്‍ നിര്‍ദേശമുണ്ടായി. നിക്ഷേപങ്ങള്‍ ബാങ്കിലേക്ക് മാറ്റിയതിനെ കുറിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്യണമെന്നും, അതിന്റെ ഗുണദോഷങ്ങള്‍ വിലയിരുത്തി തിരികെ ട്രഷറിയിലേക്ക് നിക്ഷേപം കൊണ്ടുവരണമെന്നും വി എം സുധീരന്‍ നിര്‍ദ്ദേശം നല്‍കി.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകിയതുള്‍പ്പെടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ സംസ്ഥാനം നേരിട്ടത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയും, മാധ്യമങ്ങള്‍ ഇത് മുഖ്യ വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരുന്ന സമയമായതിനാല്‍ ഇടതുപക്ഷത്തിന് ഇത് പ്രചരണായുധമാക്കാനും കഴിഞ്ഞു.







