കണ്ണൂര്‍: കെ.സുധാകരനും നേതൃത്വത്തിനുമെതിരെ കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.രാമകൃഷ്ണന്റെ പ്രസ്താവന. കെ.സുധാകരന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നും താന്‍ നടത്തിയ ആരോപണങ്ങളല്ല, സുധാകരന്റെ പ്രവൃത്തികളാണ് തോല്‍വിക്ക് കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. പണമുണ്ടാക്കല്‍ മാത്രമാണ് സുധാകരന്റെ ലക്ഷ്യം. പണമുണ്ടാക്കാന്‍ വേണ്ടി മാത്രമാണ് സുധാകരന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. പലരെയും കൊന്ന് പണമുണ്ടാക്കിയിട്ടുണ്ടെന്നും ഇപ്പോഴും പണം വാങ്ങുന്നുണ്ടെന്നും പി.രാമകൃഷ്ണന്‍ ആരോപിച്ചു.
ബിസിനസ് ബന്ധത്തിന്റെ പേരിലാണ് അബ്ദുള്ളക്കുട്ടിയെ എത്തിച്ചത്. അബ്ദുള്ളക്കുട്ടിക്കു വേണ്ടി മുല്ലപ്പള്ളിയെ തോല്‍പ്പിച്ച തനിക്ക് കിട്ടേണ്ട സീറ്റാണ് അബ്ദുള്ളക്കുട്ടിക്ക് കൊടുത്തത്. സീറ്റ് നല്‍കിയതിന് പകരമായി നല്ലൊരു തുക അബ്ദുള്ളക്കുട്ടിയില്‍ നിന്ന് കൈപ്പറ്റിയിട്ടുണ്ട്. ഇതിന് ഗള്‍ഫില്‍ നിന്നുള്ള വക്കീല്‍ വഴിയാണ് സുധാകരന്‍ പണം വാങ്ങിയത്. ഇപ്പോഴും പണം വാങ്ങിക്കൊണ്ടിരിക്കുന്നതായി അബ്ദുള്ളക്കുട്ടിയുടെ അമ്മാവന്‍ തന്നെ തന്നോട് വെളിപ്പെടുത്തിയിട്ടുണ്ട്.
രാഷ്ട്രീയത്തിന് പറ്റിയ ആളല്ല സുധാകരന്‍. ഇത് നേതാക്കള്‍ മനസിലാക്കുന്നില്ല. നേതാക്കള്‍ക്ക് ഇപ്പോഴും സുധാകരനെ പേടിയാണ്. പലതവണ സുധാകരനെതിരേ അന്വേഷണമാവശ്യപ്പെട്ട് പഴയ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം തയ്യാറായില്ല. സുധാകരനെതിരേ നടപടിയെടുക്കാനുള്ള ധീരത സുധീരനില്ല. അബ്ദുള്ളക്കുട്ടിയെ കൊണ്ടുവന്നത് തെറ്റായിപ്പോയി. കോണ്‍ഗ്രസുകാര്‍ക്ക് അബ്ദുള്ളക്കുട്ടിയെ ഇഷ്ടമല്ല. അബ്ദുള്ളക്കുട്ടി ഇപ്പോള്‍ ഭാരമാണ്.
മറ്റു പാര്‍ട്ടികളിലെ ക്രിമിനലുകളുമായി സുധാകരന് അടുത്ത ബന്ധമാണുള്ളത്. നമോവിചാര്‍മഞ്ചിനെ കൊണ്ടുവരാന്‍ കിണഞ്ഞു ശ്രമിച്ചു. വാസുമാഷുമായി തലശേരിയില്‍വെച്ച് കൂടിക്കാഴ്ച നടത്തി. സുധാകരന്‍ വന്നതിനു ശേഷമാണ് തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, വടകര മേഖലകളില്‍ കൂട്ടത്തോല്‍വിയുണ്ടാകുന്നതെന്നും പി രാമകൃഷ്ണന്‍ പറഞ്ഞു.








