ന്യൂഡല്‍ഹി: ടി.പി കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചെന്ന ആഭ്യന്തരമന്ത്രി രമേശ്
ചെന്നിത്തലയുടെ വാദം പൊളിയുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കത്ത് ലഭിച്ചിട്ടില്ലെന്ന് സി.ബി.ഐ വ്യക്തമാക്കി. ടി.പി വധക്കേസിലെ ഗൂഡാലോചന അന്വേഷിക്കാനാവില്ലെന്ന് സി.ബി.ഐ നേരത്തെ സര്‍ക്കാരിനെ അറിയിച്ചിരുന്നതായി ചെന്നിത്തല പറഞ്ഞിരുന്നു. തുടര്‍ന്ന് ഇതേതുടര്‍ന്ന് സര്‍ക്കാര്‍ സിബിഐയ്ക്ക് കത്തയച്ചിരുന്നു. കേസ് സിബിഐ അന്വേഷിക്കണമെന്നു തന്നെയാണ് സര്‍ക്കാരിന്റെ നിലപാടെന്നും ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു.
എന്നാല്‍ ഇങ്ങനെയൊരു കത്ത് ലഭിച്ചിട്ടില്ലെന്ന് സി.ബി.ഐ വക്താവ് കാഞ്ചന്‍ പ്രസാദ് വ്യക്തമാക്കി. ടി.പി. വധത്തിലെ ഗൂഡാലോചന കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കില്ലെന്ന വിവരം ഒരാഴ്ച മുന്‍പ് തന്നെ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം ഇക്കാര്യം കേരള ആഭ്യന്തര വകുപ്പിനെ അറിയിച്ചിരുന്നു. ആര്‍.എം.പി നേതാക്കളെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഈ വിവരം ധരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിവരമറിഞ്ഞിട്ടും ആര്‍.എം.പി നേതാക്കള്‍ മൗനം പാലിക്കുകയായിരുന്നു. ഈ വിവരം ഇപ്പോള്‍ പുറത്തുവന്നാല്‍ തെരഞ്ഞെടുപ്പില്‍ അത് സി.പി.എമ്മിന് ഗുണകരമാകുമെന്ന് മനസിലാക്കിയ രാഷ്ട്രീയ നേതൃത്വം ഇക്കാര്യം രഹസ്യമാക്കി വയ്ക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം പുറത്തു വിടാനായിരുന്നു തീരുമാനം. എന്നാല്‍ ഇന്നലെ ടി.പി കേസ് സി.ബി.ഐ ഏറ്റെടുക്കില്ല എന്ന വാര്‍ത്ത മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് ഈ നീക്കം പൊളിഞ്ഞത്.







