Home » » പത്മനാഭ സ്വാമിക്ഷേത്രത്തില്‍ ലൈംഗിക പീഡന പരാതികള്‍ തുടര്‍ക്കഥയാകുന്നു.

പത്മനാഭ സ്വാമിക്ഷേത്രത്തില്‍ ലൈംഗിക പീഡന പരാതികള്‍ തുടര്‍ക്കഥയാകുന്നു.

Written By Unknown on Monday, 21 April 2014 | 02:51

തിരുവനന്തപുരം: പത്മനാഭ സ്വാമിക്ഷേത്രത്തില്‍ ലൈംഗിക പീഡന പരാതികള്‍ തുടര്‍ക്കഥയാകുന്നു. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച ലൈംഗിക പീഡനശ്രമത്തിനു പുറമേ, കഴിഞ്ഞ വര്‍ഷം നവംബറിലും പത്മനാഭ സ്വാമിക്ഷേത്രത്തില്‍ പീഡനശ്രമമുണ്ടായതായി റിപ്പോര്‍ട്ടുകള്‍. വള്ളക്കടവ് സ്വദേശിനിയായ ക്ഷേത്ര ജീവനക്കാരിയാണ് തനിക്കു നേരെ പീഡന ശ്രമമുണ്ടായെന്നു ചൂണ്ടിക്കാട്ടി ക്ഷേത്രത്തിലെ മൂന്ന് ജീവനക്കാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
ശ്രീപത്മനാഭസ്വാമിക്ഷേത്ര ജീവനക്കാരിക്കു നേരെ ലൈംഗിക പീഡന ശ്രമമുണ്ടായെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീം കോടതിക്കു നല്‍കിയ റിപ്പോര്‍ട്ട് ഞെട്ടലുളവാക്കുന്നതായിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കുന്നതിനിടെയാണ് ഇത്തരത്തില്‍ വേറെയും പരാതിയുണ്ടെന്നതിന് തെളിവു ലഭിച്ചത്.
തിരുവനന്തപുരം സ്വദേശിനിയായ ക്ഷേത്രജീവനക്കാരിയാണ് ലൈഗിക പീഡനം ആരോപിച്ച് 2013 ഡിസംബര്‍ 2ന് വനിതാ സെല്‍ എസ്.പിക്ക് പരാതി നല്‍കിയത്. കഴിഞ്ഞ നവംബര്‍ 16ന് രാവിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൊടുത്തുവിട്ട ഡ്രാഫ്റ്റ് കൈമാറാന്‍ കംപ്യൂട്ടര്‍ സെക്ഷനിലെത്തിയ തന്നെ ക്ലര്‍ക്ക് അനില്‍കുമാര്‍ കടന്നു പിടിച്ചെന്നും കൈ തട്ടിമാറ്റിയപ്പോള്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ തനിക്കെതിരെ അശ്ലീല പദപ്രയോഗമുണ്ടായെന്നും ജീവനക്കാരി പരാതിയില്‍ പറയുന്നു. ഈ സമയം ഓഫീസിലുണ്ടായിരുന്ന ഡെസ്പാച്ച് ക്ലര്‍ക്ക് ബബ്ലു ശങ്കര്‍, മാനേജര്‍ വേണുഗോപാല്‍ എന്നിവര്‍ ഈ പ്രവര്‍ത്തിക്ക് പ്രോത്സാഹനം നല്‍കി സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചു. സംഭവത്തെ കുറിച്ച് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് പരാതി നല്‍കിയെങ്കിലും അദ്ദേഹം ശരിയായ രീതിയില്‍ അന്വേഷിക്കാന്‍ തയ്യാറായില്ലെന്നും ജീവനക്കാരി പരാതിയില്‍ ആരോപിച്ചു. വനിതാ സെല്‍ എസ്.പി ഈ പരാതി തിരുവനന്തപുരം ഫോര്‍ട്ട് പൊലീസിനു കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ 2013 ഡിസംബര്‍ 12ന് ഫോര്‍ട്ട് പൊലീസ് ഈ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
2010 ജനുവരി 28-നാണ് തനിക്കു നേരെ പീഡന ശ്രമമുണ്ടായെന്നു കാട്ടി നെടുമങ്ങാട് സ്വദേശിനിയായ ക്ഷേത്ര ജീവനക്കാരി ഫോര്‍ട്ട് പൊലീസിന് പരാതി നല്‍കിയത്. ഇക്കാര്യമാണ് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചത്. ഇതുയര്‍ത്തിയ വിവാദം പുകയുന്നതിനു പിന്നാലെയാണ് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ വനിതാ ജീവനക്കാരിക്കു നേരെ വീണ്ടും ലൈംഗിക പീഡന ശ്രമമുണ്ടായെന്ന തെളിവുകള്‍ പുറത്തു വരുന്നത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.