കോഴിക്കോട്; കാരശേരി പഞ്ചായത്തിലെ മുഴുവന്‍
കരിങ്കല്‍ ക്വാറികളുടേയും പ്രവര്‍ത്തനം നിര്‍ത്തിവക്കാന്‍ ഗ്രാമ
പഞ്ചായത്ത് ഭരണസമിതി സ്‌റ്റോപ് മെമ്മോ നല്‍കി. പഞ്ചായത്ത് ഭരണസമിതി അടിയന്തിര യോഗം വിളിച്ചാണ്
സ്‌റ്റോപ് മെമ്മോ നല്‍കാന്‍ തീരുമാനിച്ചത്.
അനധികൃത ക്വാറികള്‍ക്കെതിരെ ഒരു മാസമായി സമരം നടത്തി വരുന്ന പാറത്തോട് പരിസ്‌ഥിതി സംരക്ഷണ സമിതി നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. ഇതേതുടര്‍ന്ന് പഞ്ചായത്തിലെ മുഴുവന്‍ ക്വാറികള്‍ക്കും സ്‌റ്റോപ് മെമ്മോ നല്‍കാനും തീരുമാനിച്ചു. പത്തു ക്വാറികള്‍ക്ക് അനുമതി നല്‍കിയതില്‍ ചട്ടലംഘനമുണ്ടെന്ന വിജിലന്‍സ് കണ്ടെത്തലും യോഗത്തില്‍ ചര്‍ച്ചയായി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റീന പ്രകാശിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. പഞ്ചായത്തിലെ മൂന്നു ക്വാറികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ ജില്ലാ കലക്‌ടറും നിര്‍ദേശം നല്‍കിയിരുന്നു. ക്വാറിയുടെ മറവില്‍ പ്രവര്‍ത്തിച്ച ക്രഷര്‍ യൂണിറ്റ് പൂട്ടിക്കാനും നിര്‍ദേശമുണ്ട്. സ്‌റ്റോപ് മെമ്മോ നല്‍കിയതോടെ ഒരു മാസമായി നടത്തി വന്ന അനിശ്‌ചിതകാല സമരം പിന്‍വലിച്ചതായി പാറത്തോട് പരിസ്‌ഥിതി സംരക്ഷണ സമിതി അറിയിച്ചു.








