Home » » എസ്.ഡി.പി.ഐക്ക് ഭീകര സംഘടനകളുടെ രീതിയെന്ന് കെ.പി.സി.സി. യോഗം.

എസ്.ഡി.പി.ഐക്ക് ഭീകര സംഘടനകളുടെ രീതിയെന്ന് കെ.പി.സി.സി. യോഗം.

Written By Unknown on Wednesday, 23 April 2014 | 19:24

തിരുവനന്തപുരം : എസ്. ഡി. പി. ഐയുടെ കടുത്ത വര്‍ഗീയ നിലപാട് കോണ്‍ഗ്രസിന് ലഭിക്കേണ്ട ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ടെന്ന് കെ. പി. സി. സി. എക്‌സിക്യൂട്ടീവില്‍ വിലയിരുത്തലുണ്ടായി. സമൂഹത്തില്‍ കടുത്ത വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന തരത്തിലുള്ള എസ്. ഡി. പി. ഐയുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ പ്രത്യേകം നിരീക്ഷിക്കണമെന്നും ആവശ്യമുയര്‍ന്നു. എന്‍. ഡി. എഫിന്റെ രൂപം മാറി വന്ന എസ്. ഡി. പി. ഐ യുടെ പ്രവര്‍ത്തനങ്ങള്‍ അക്കമിട്ടുനിരത്തിയായിരുന്നു വിമര്‍ശം. ചൊവാഴ്ച എട്ടുമണിക്കൂറോളം നീണ്ട കെ. പി. സി. സി. യോഗത്തിലാണ് ഈ ആശങ്ക അംഗങ്ങള്‍ പങ്കുെവച്ചത്. 

പി. സി. വിഷ്ണുനാഥ്, സി. പി. മുഹമ്മദ്, കണ്ണൂര്‍ ഡി. സി. സി. പ്രസിഡന്റ് സുരേന്ദ്രന്‍, കോഴിക്കോട് ഡി. സി. സി. പ്രസിഡന്റ് കെ.സി അബു എന്നിവര്‍ ശക്തമായി ഇക്കാര്യം ഉന്നയിച്ചു. നരേന്ദ്രമോദി പ്രധാനമന്ത്രിയാകണമെന്നാണ് എസ്. ഡി. പി. ഐ. ആഗ്രഹിക്കുന്നതെന്ന് വിഷ്ണുനാഥ് പറഞ്ഞു. അതിലൂടെ സംജാതമാകുന്ന വര്‍ഗീയ അന്തരീക്ഷം തങ്ങളുടെ വളര്‍ച്ചയ്ക്ക് ഉപകരിക്കുമെന്നാണ് കണക്കുകൂട്ടല്‍. അതുകൊണ്ടുതന്നെ എസ്.ഡി.പി.ഐ വോട്ട് ഇടതുപക്ഷത്തിന് മറിച്ചുനല്‍കിയിട്ടില്ല. ന്യൂനപക്ഷവോട്ടുകള്‍ കിട്ടാവുന്നിടത്തോളം സമാഹരിക്കുകയാണ് ചെയ്്തത്. അദ്ദേഹം പറഞ്ഞു. സി. പി. മുഹമ്മദും മറ്റും അനുഭവങ്ങള്‍ നിരത്തി ഇക്കാര്യത്തെ പിന്തുണച്ചു. 
നാറാത്ത് എസ്. ഡി. പി. ഐ. പരിശീലന കേന്ദ്രത്തിലുണ്ടായ റെയ്ഡാണ് അവര്‍ക്ക് യു. ഡി. എഫിനോട് ശത്രുത വര്‍ദ്ധിക്കാന്‍ കാരണം. അധ്യാപകന്റെ കൈവെട്ട് കേസും മനുഷ്യരൂപത്തിലും മൃഗങ്ങളിലും നടത്തുന്ന വധ പരിശീലനങ്ങളും ഗൗരവത്തോടെ കാണണമെന്നും അഭിപ്രായമുയര്‍ന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ രീതിയിലല്ല, ഭീകരസംഘടനകളുടെ ശൈലിയിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. 

നിരോധിക്കപ്പെട്ട പല സംഘടനകളും പേരുമാറ്റി വീണ്ടും സജീവമാകുന്നുണ്ടെന്നും സുരക്ഷാ കാരണങ്ങളാല്‍ അത്തരം കാര്യങ്ങള്‍ വിശദമാക്കാനാകില്ലെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. 
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.