കേട്ടയം: റബര്‍ സംഭരണം പ്രഖ്യാപിച്ചവര്‍ക്കും വിലയിടിവിന്റെ പേരില്‍ വോട്ട് ചോദിച്ചവര്‍ക്കും മിണ്ടാട്ടമില്ല, റബര്‍ കര്‍ഷകര്‍ നിലയില്ലാക്കയത്തില്‍. ജില്ലയുടെ കിഴക്കന്‍ മേഖലയുടെ സാമ്പത്തികാവസ്‌ഥയെ പാടേ തകിടം മറിച്ച് റബര്‍ വില കുത്തനെ ഇടിയുകയാണ്. ഒരാഴ്‌ചയ്‌ക്കിടെ പത്തു രൂപയിലേറെ കുറഞ്ഞ് ഇന്നലെ ആര്‍.എസ്.എസ്. നാല് ഗ്രേഡിന്റെ വില 135 രൂപയായി.
വീണ്ടും വിലയിടിയാനുള്ള സാധ്യതകളിലേക്കു വിരല്‍ചൂണ്ടി അന്താരാഷ്‌ട്ര വിലയും തകരുകയാണ്.
വീണ്ടും വിലയിടിയാനുള്ള സാധ്യതകളിലേക്കു വിരല്‍ചൂണ്ടി അന്താരാഷ്‌ട്ര വിലയും തകരുകയാണ്.
വേനല്‍ മഴ ലഭിച്ച് ടാപ്പിംഗ് പുനരാരംഭിക്കാന്‍ ഒരുങ്ങിയ കര്‍ഷകര്‍ ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ കര്‍ഷകരാണു പ്രതിസന്ധിയില്‍പ്പെട്ട് നട്ടംതിരിയുന്നത്. ഇപ്പോള്‍ ടാപ്പിംഗ് പുനരാരംഭിച്ചാലും ടാപ്പിംഗ് കൂലിക്കു പോലുമുള്ള പണം ലഭിക്കില്ലെന്നു കര്‍ഷകര്‍ പറയുന്നു. വിഷുത്തലേന്ന് 147 രൂപയായിരുന്നു വില. തുടര്‍ന്ന് ഓരോ ദിവസവും ഒന്നും രണ്ടും രൂപ കുറഞ്ഞ് 137.50 രൂപയിലെത്തി.
അന്താരാഷ്‌ട്ര വിപണിയില്‍ ബാങ്കോക്കില്‍ ഇന്നലെ 123 രൂപയും ടോക്കിയോ മാര്‍ക്കറ്റില്‍ 118 രൂപയുമായിരുന്നു വില. മലേഷ്യന്‍ ക്രംബ് റബറിന്റെ വില 102 രൂപയും. ഈ സാഹചര്യത്തില്‍ വിലയില്‍ വര്‍ധനവുണ്ടാകുമോയെന്ന ആശങ്കയിലാണു കര്‍ഷകര്‍.
കഴിഞ്ഞയാഴ്‌ച മുതലാണു കാഞ്ഞിരപ്പള്ളി, പാലാ മേഖലകളില്‍ ടാപ്പിംഗ് പുനരാരംഭിച്ചത്. ആദ്യ ദിവസങ്ങളില്‍ ഉല്‍പാദനം നന്നേ കുറവാണ്. വില കുത്തനെ ഇടിഞ്ഞതിനാല്‍ ആദ്യ രണ്ടാഴ്‌ചയിലെ റബര്‍ വിറ്റു ലഭിക്കുന്ന പണം ടാപ്പിംഗ് കൂലി നല്‍കാന്‍ പോലും തികയില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ ടാപ്പിന്റെ വേനല്‍ അവധി വെട്ടിച്ചുരുക്കിയ കര്‍ഷകരാണ് വെട്ടിലായിരിക്കുന്നത്.
ഇപ്പോള്‍ ടാപ്പിംഗ് ആരംഭിച്ചാലും ഒരു മാസത്തിനുള്ളില്‍ ഷേഡ് ഒട്ടിക്കേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ അതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കര്‍ഷകര്‍ക്കു കഴിയുന്നില്ല, സാമ്പത്തിക പ്രതിസന്ധി തന്നെ കാരണം.
ഇപ്പോള്‍ ടാപ്പിംഗ് പുനരാരംഭിക്കാന്‍ ചില്ലും കമ്പിയും പോലും വാങ്ങാന്‍ ത്രാണിയില്ലാത്ത കര്‍ഷകര്‍ ജില്ലയിലുണ്ട്. വിലയിടിവിനെത്തുടര്‍ന്ന് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ പോലും വിഷമിക്കുന്ന അവസ്‌ഥയിലാണ് ചെറുകിട കര്‍ഷകര്‍.








