Home » » ഫോണ്‍ വഴി പണമിടപാടുമായി വോഡഫോണ്‍ എം-പെസ

ഫോണ്‍ വഴി പണമിടപാടുമായി വോഡഫോണ്‍ എം-പെസ

Written By Unknown on Wednesday, 23 April 2014 | 11:19

കൊച്ചി ; മൊബൈല്‍ ഫോണ്‍ വഴി പണമിടപാടുകള്‍ സാധ്യമാക്കുന്ന എം-പെസ സംവിധാനം വോഡഫോണ്‍ കേരളത്തിലും ആരംഭിച്ചു. എളുപ്പത്തിലും വേഗത്തിലും സുരക്ഷിതമായും പണം കൈമാറാനുള്ള അവസരമൊരുക്കുന്ന എം-പെസ ബാങ്ക്‌ ശാഖകളില്ലാത്ത ഗ്രാമീണമേഖലകളിലുള്ളവര്‍ക്കും ബാങ്ക്‌ അക്കൗണ്ടില്ലാത്ത മറുനാടന്‍ തൊഴിലാളികള്‍ക്കും ഏറെ പ്രയോജനപ്പെടും വിധമാണ്‌ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന്‌ വോഡഫോണ്‍ ഇന്ത്യ ഓപ്പറേഷന്‍സ്‌ ഡയറക്‌ടര്‍ (സൗത്ത്‌) സുരേഷ്‌ കുമാര്‍ പറഞ്ഞു. ഐസിഐസിഐ ബാങ്കുമായി ചേര്‍ന്നാണ്‌ എം-പെസ നടപ്പാക്കുന്നത്‌.

എം-പെസ ഔട്‌ലെറ്റുകള്‍ വഴി ഉപഭോകക്കള്‍ക്ക്‌ പണം നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യാം. രാജ്യത്ത്‌ ഏത്‌ മൊബൈലിലേക്കും ഏത്‌ ബാങ്കിലേക്കും പണം കൈമാറ്റം ചെയ്യാം. മൊബൈല്‍ റീചാര്‍ജ്‌, ബില്‍ അടയ്‌ക്കല്‍, ഡിടിഎച്ച്‌ റീചാര്‍ജ്‌ തുടങ്ങിയവ എം-പെസ വഴി സാധ്യമാണ്‌. അംഗീകൃത ഷോപ്പുകളില്‍നിന്ന്‌ സാധനം വാങ്ങാനും ഇ-കൊമേഴ്‌സിലും എം-കൊമേഴ്‌സിലും പങ്കാളിയാവാനും എം-പെസ വഴി സാധിക്കുമെന്ന്‌ എം-പെസ ബിസിനസ്‌ ഹെഡ്‌ സുരേഷ്‌ സേഥി പറഞ്ഞു. കേരളത്തിലും എം-പെസ സംവിധാനം ആരംഭിച്ചതോടെ ആന്ധ്രയും ജമ്മു കശ്‌മീരും ഒഴികെ മറ്റെല്ലാ സംസ്‌ഥാനങ്ങളിലും ഈ സൗകര്യമായി.

പുതിയ സൗകര്യം സ്വന്തമാക്കുന്നതിന്‌ മൊബൈല്‍ ഫോണില്‍ നിന്ന്‌ നേരിട്ടോ എം-പെസ ഔട്‌ലെറ്റ്‌ വഴിയോ റജിസ്‌റ്റര്‍ ചെയ്യാം. വോഡഫോണ്‍ വരിക്കാര്‍ അല്ലാത്തവര്‍ക്കും എം-പെസ സാധ്യമാണെന്നത്‌ ശ്രദ്ധേയം. മറ്റു പണം ട്രാന്‍സ്‌ഫര്‍ സംവിധാനങ്ങളെക്കാള്‍ കുറവാണ്‌ എം-പെസയുടെ ഫീസ്‌ നിരക്കുകളെന്നും സുരേഷ്‌ സേഥി പറഞ്ഞു. 5000 രൂപയാണ്‌ ഒരു ഇടപാടിന്റെ ഉയര്‍ന്ന പരിധി. മാസ പരിധി 25000 രൂപയും.

സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലുമായി 1800 പരിശീലനം സിദ്ധിച്ച അംഗീകൃത ഏജന്റുമാര്‍ വഴി എം-പെസ സേവനം ലഭ്യമാവുമെന്ന്‌ കേരള ബിസിനസ്‌ ഹെഡ്‌ എസ്‌. മുരളി പറഞ്ഞു. അടിസ്‌ഥാനസൗകര്യവികസനരംഗത്ത്‌ ഒട്ടേറെ പദ്ധതികള്‍ നടക്കാനിരിക്കുന്നതിനാല്‍ കേരളത്തിലേക്ക്‌ ഇനിയും ഇതര സംസ്‌ഥാന തൊഴിലാളികള്‍ ഒഴുകിയെത്തും. അവര്‍ക്ക്‌ അവരുടെ നാട്ടിലേക്ക്‌ പണമയയ്‌ക്കാന്‍ ഏറ്റവും മികച്ച മാര്‍ഗമാവും എം-പെസ- അദ്ദേഹം പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.