ന്യൂഡല്‍ഹി: ലൈംഗികാരോപണത്തെ തുടര്‍ന്ന് ഗോവയിലെ ജയിലില്‍ കഴിയുന്ന തെഹെല്‍ക്ക ചീഫ് എഡിറ്റര്‍ തരുണ്‍ തേജപാലിന്റെ ജാമ്യാപേക്ഷയില്‍ ഗോവാ സര്‍ക്കാറിന് സുപ്രീം കോടതിയുടെ നോട്ടീസ്. നാലാഴ്‌ചയ്‌ക്കകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തേജ്‌പാലിന്റെ ജാമ്യാപേക്ഷ കോടതി ഇന്നാണ് പരിഗണിച്ചത്. കഴിഞ്ഞ നവംബര്‍ മുതല്‍ ജയിലില്‍ കഴിയുന്ന തേജ്‌പാല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി മാര്‍ച്ച് 13-ന് തള്ളിയിരുന്നു. തേതുടര്‍ന്ന് തേജ്‌പാല്‍ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ 150-ലേറെ സാക്ഷികളുള്ളതിനാല്‍ വിസ്‌താരത്തിന് സമയമെടുക്കുമെന്ന് കാണിച്ചാണ് ഏപ്രില്‍ പത്തിന് തേജ്‌പാല്‍ സുപ്രീം കോടതിയിലെത്തിയത്. ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ തെഹല്‍ക്കയുടെ പരിപാടിയ്‌ക്കിടെ തന്റെ ജൂനിയറായ പത്രപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് തേജ്‌പാലിന് എതിരെയുള്ള കേസ്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പ്രഥമദൃഷ്‌ട്യാ തേജ്‌പാലിനെതിരെ തെളിവുണ്ടെന്ന് കണ്ടാണ് പോലീസ് റിമാന്‍ഡിലായത്.








