ന്യൂഡല്‍ഹി: വ്യാഴാഴ്‌ച നടക്കുന്ന മൂന്നാംഘട്ട തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെട്ട ദേശീയ തലസ്‌ഥാനമായ ഡല്‍ഹിയില്‍ ആം ആദ്‌മി പാര്‍ട്ടിയെ പിന്തുണയ്‌ക്കാന്‍ സിപിഎമ്മില്‍ ധാരണയായി. പോളിറ്റ് ബ്യൂറോയിലെ തീരുമാനം ഔദ്യോഗികമായി ഡല്‍ഹിയിലെ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സിപിഎമ്മോ സഖ്യത്തിലുള്ള പാര്‍ട്ടികളോ മത്സരിക്കാത്ത മണ്ഡലങ്ങളില്‍ ബിജെപിയ്‌ക്കും കോണ്‍ഗ്രസിനും എതിരായി വിജയ സാധ്യതയുള്ള സ്‌ഥാനാര്‍ത്ഥിയ്‌ക്ക് വോട്ടു ചെയ്യാനുള്ള ധാരണ പ്രകാരമാണ് ഡല്‍ഹിയില്‍ സിപിഎം ആം ആദ്‌മിയ്‌ക്ക് പിന്തുണ നല്‍കുക. സിപിഐ മത്സരിക്കുന്ന തെക്കന്‍ ഡല്‍ഹിയിലെ മണ്ഡലങ്ങളിലൊഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും സിപിഎം ആം ആദ്‌മി പാര്‍ട്ടിയെയാകും പിന്തുണയ്‌ക്കുക. കഴിഞ്ഞ ഡിസംബറില്‍ നടന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 28 സീറ്റുകള്‍ നേടിയ ആം ആദ്‌മി കോണ്‍ഗ്രസ് പിന്തുണയോടെ അധികാരത്തില്‍ വന്നിരുന്നു.







