Home » » സിനിമയെടുക്കാന്‍ അനിവാര്യമായ ഘടകം തന്റേടമാണെന്ന സ്വതസിദ്ധമായ കാഴ്‌ചപ്പാടോടെ സുദേവന്‍.

സിനിമയെടുക്കാന്‍ അനിവാര്യമായ ഘടകം തന്റേടമാണെന്ന സ്വതസിദ്ധമായ കാഴ്‌ചപ്പാടോടെ സുദേവന്‍.

Written By Unknown on Monday, 21 April 2014 | 17:35

തിരുവനന്തപുരം: സിആര്‍ നമ്പര്‍: 89 സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരത്തിന്‌ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അക്ഷരാര്‍ഥത്തില്‍ അംഗീകാരം ലഭിച്ചത്‌ സിനിമയെ ആത്മാര്‍ഥമായി സമീപിച്ച ഒരു യുവകലാകാരനാണ്‌. സങ്കടങ്ങളിലും സന്തോഷങ്ങളിലും അദ്ദേഹത്തോടൊപ്പം നിന്ന കൂട്ടായ്‌മയ്‌ക്കും കിട്ടിയ അതുല്യ ബഹുമതി. അവരുടെ സിനിമയെന്ന സ്വപ്‌നത്തിന്‌ താങ്ങും തണലുമേകിയ ഗ്രാമത്തിന്‌ എന്നെന്നും അഭിമാനിക്കാവുന്ന വിശിഷ്‌ട സമ്മാനം.

പാലക്കാട്‌ കൂറ്റനാട്‌ പെരിങ്ങോട്‌ ഗ്രാമത്തിന്റെ എല്ലാമെല്ലാമായ പി.പി സുദേവന്‍ ഒരൊറ്റ രാത്രി കൊണ്‌ടല്ല സിനിമാ സംവിധായകനായത്‌. അങ്ങനെ ആര്‍ക്കെങ്കിലും സിനിമാ സംവിധാനം ചെയ്യാനാവില്ലായെന്നും സുദേവന്‌ അറിയാം. കുട്ടിക്കാലം തൊട്ടേ സുദേവന്റെ മനസ്സിന്റെ ആകാശത്തില്‍ സിനിമയുടെ നക്ഷത്രസാന്നിധ്യമുണ്‌ടായിരുന്നു. അക്കാലത്ത്‌ നാട്ടിലെ സിനിമാകൊട്ടകയും ചുമരുകളില്‍ പതിപ്പിച്ചിട്ടുള്ള പോസ്റ്ററുകളുമായിരുന്നു സിനിമയുടെ പര്യായപദങ്ങള്‍. പിതാവിന്റെ വൈദ്യശാലയ്‌ക്ക്‌ നേരെ എതിരെയാണ്‌ സിനിമാ കൊട്ടക. ക്രമേണ സുദേവന്‍ എന്ന പ്രേക്ഷകന്‍ പട്ടാമ്പിയിലേയ്‌ക്കും ഷൊര്‍ണ്ണൂരിലേയ്‌ക്കും സിനിമാ കൊട്ടകകള്‍ തേടിപ്പോയി. സിനിമയോടുള്ള ഇഷ്‌ടം വായനശാലകളിലെ സൗഹൃദവര്‍ത്തമാനങ്ങളിലൂടെ പൂത്തുലഞ്ഞു.


സിനിമയിലും തിരക്കഥയിലും സംവിധാനത്തിലും യാതൊരുവിധ ബാലപാഠങ്ങളും പരിചിതമല്ലാത്ത ഒരാള്‍ക്കെങ്ങിനെ ആരെയും ഭ്രമിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരങ്ങളുടെ വിസ്‌മയപ്രപഞ്ചം തീര്‍ക്കാനാവുമെന്നൊന്നും ചിന്തിച്ച്‌ നേരം കളയാന്‍ സുദേവന്‍ ഒരുക്കമായിരുന്നില്ല. സിനിമയെടുക്കാന്‍ അനിവാര്യമായ ഘടകം തന്റേടമാണെന്ന സ്വതസിദ്ധമായ കാഴ്‌ചപ്പാടോടെ സുദേവന്‍ ഹ്രസ്വചിത്ര നിര്‍മാണത്തിന്‌ അരയും തലയും മുറുക്കി രംഗത്തിറങ്ങി. അയ്യായിരം രൂപയായിരുന്നു ആദ്യത്തെ മൂലധനം. ക്യാമറ നല്‍കി സഹായിച്ചത്‌ അടുത്ത വീട്ടിലെ പെണ്‍കുട്ടി. ഉറ്റചങ്ങാതിമാരുടെ പ്രോത്സാഹനം വേണ്‌ടുവോളം കിട്ടി. 17 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള വരൂ എന്ന ഹ്രസ്വചിത്രത്തിന്‌ ശേഷം പ്ലാനിംഗ്‌, രണ്‌ട്‌, തട്ടുമ്പുറത്തപ്പന്‍ എന്നീ ഹ്രസ്വചിത്രങ്ങള്‍ ഒന്നിനു പിറകെ ഒന്നായി സുദേവന്റെ നേതൃത്വത്തില്‍ രൂപം കൊണ്‌ടു. വായ്‌പ വാങ്ങിയും പിരിവെടുത്തും ആവിഷ്‌കരിച്ച പ്ലാനിംഗും തട്ടുമ്പുറത്തപ്പനും മികച്ച ചിത്രത്തിനും നടനുമുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ക്ക്‌ അര്‍ഹമായി. ഇവയുടെ പ്രദര്‍ശനത്താലും ഡി വി ഡി വില്‍പ്പനയാലും പ്രാപ്‌തമായ തുക ഉപയോഗിച്ചാണ്‌ സിആര്‍ നമ്പര്‍: 89 പൂര്‍ത്തിയാക്കിയത്‌.


അടിസ്ഥാനപരമായി പെയിന്ററാണെന്ന്‌ അദ്ദേഹം തുറന്നു പറയുന്നു. ഗ്രാമത്തിനു മാത്രമായ, നിഷ്‌കളങ്കമായ ഒരു മനസ്സാണ്‌ അവിടെ തെളിയുന്നത്‌. പ്രേക്ഷകനോട്‌ തികച്ചും സത്യസന്ധമായി സംവദിക്കുന്നതാകണം തന്റെ സിനിമകളെന്ന്‌ ആഗ്രഹിക്കുന്നതിനു പിന്നിലെ ചേതോവികാരവും മറ്റൊന്നല്ല. സുദേവന്റെ ഹ്രസ്വചിത്രങ്ങളിലെ കഥാപശ്ചാത്തലം പോലെ തീര്‍ത്തും സാധാരണമാണ്‌ സിനിമയിലേതും. ഒരു ദിവസം രണ്‌ടുപേര്‍ എന്തൊക്കെയോ സാധനങ്ങളുമായി ഗ്രാമത്തിലൂടെ പോകുന്നതിനിടയില്‍, വലിയൊരു തോട്ടത്തില്‍ അവരുടെ ജീപ്പ്‌ തകരാറിലാകുന്നു. അവിടുന്ന്‌ പുറത്തു കടക്കാനായി അവരുടെ ശ്രമം. ബുദ്ധിയുടെയും പരസ്‌പര വിദ്വേഷത്തിന്റെയും പരീക്ഷണഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ തന്നെ അവരുടെയുള്ളിലെ ധാര്‍മികബോധവും ഏറ്റുമുട്ടല്‍ ആരംഭിക്കുന്നു.

മലയാളികളുടെ ജീവിതത്തില്‍ ആയുധങ്ങളുടെ ആധിക്യം കൂടുതലാണെന്ന യാഥാര്‍ഥ്യമാണ്‌ ഈ 80 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള സിനിമയിലൂടെ സംവിധായകന്‍ ഓര്‍മിപ്പിക്കുന്നത്‌. വല്ലാതെ ശക്തി പ്രാപിക്കുന്ന അരക്ഷിതാവസ്ഥയും ആയുധസംസ്‌കാരവും സംബന്ധിച്ച്‌ തന്റെ പ്രിയപ്പെട്ട കലാമാധ്യമത്തിലൂടെ സംവിധായകന്‍ സമൂഹവുമായി ചര്‍ച്ച ചെയ്യുകയാണ്‌. മൗലികമായ രചനാശൈലിയും സംവിധാനരീതിയും സുദേവന്‍ എന്ന ആര്‍ജവമുള്ള നവസംവിധായകനെ വ്യത്യസ്‌തനാക്കുന്നു. ഷാന്‍ റഹ്മാന്‍, പ്രതാപ്‌ ജോസഫ്‌, സാദിഖ്‌ തൃത്താല എന്നിവരാണ്‌ ഛായാഗ്രാഹകര്‍. എഡിറ്റിംഗ്‌ ബിനോയ്‌ ജയരാജ്‌. എല്‍ഐസി ഏജന്റായ അച്യുതാനന്ദന്‍, ശില്‍പ്പിയായ അശോക്‌കുമാര്‍ തുടങ്ങിയ കൂട്ടുകാര്‍ തന്നെയാണ്‌ സുദേവന്‍ ചിത്രങ്ങളിലെ താരങ്ങളും. പേസ്‌ പ്രൊഡക്ഷന്‍സ്‌ നിര്‍മിച്ച ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തന്റെ സുഹൃത്തുക്കളും തന്റെ സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചവരുമെല്ലാമാണെന്ന്‌ വിനയത്തോടെ സുദേവന്‍ സാക്ഷ്യപ്പെടുത്തുന്നു. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ നെറ്റ്‌പാക്‌ പുരസ്‌കാരം, ചലച്ചിത്ര ഫിലിം സൊസൈറ്റിയുടെ അരവിന്ദന്‍ പുരസ്‌കാരം എന്നിവ സിആര്‍ നമ്പര്‍: 89 എന്ന ചലച്ചിത്രത്തിലൂടെ സുദേവന്‌ കരഗതമായി. ഇപ്പോഴിതാ, സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും. സുദേവന്റെ ചങ്കൂറ്റത്തോടെയുള്ള തുടര്‍യാത്രകള്‍ക്ക്‌ ഇതെല്ലാം ഊര്‍ജമേകും. പ്രതികൂലമായ സാഹചര്യങ്ങളിലും സിആര്‍ നമ്പര്‍: 89 സിനിമയിലെന്നതുപോലെ പ്രതീക്ഷയുടെ നേരുള്ള കാഴ്‌ചകള്‍ ബാക്കി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.