Home » , »

Written By Unknown on Thursday, 24 April 2014 | 20:52

കോഴിക്കോട്: മലയാളത്തിന്റെ പ്രിയ കഥാകൃത്ത് എംടി വാസുദേവന്‍ നായരെ ആദരിക്കാന്‍ ഏഷ്യാനെറ്റ് ന്യൂസൊരുക്കിയ പ്രിയപ്പെട്ട എംടി പരിപാടിക്ക് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ സമാപനമായി. മലയാളത്തിന്റെ അഭിമാനം മമ്മൂട്ടിയായിരുന്നു സമാപനച്ചടങ്ങില്‍ വിശിഷ്ടാതിഥി. അഭിനതാവ് എന്ന നിലയില്‍ തനിക്ക് കിട്ടിയ എല്ലാ അംഗീകാരങ്ങളും നല്ലവാക്കുകളും എംടിക്ക് സമര്‍പ്പിക്കുകയാണെന്ന് മമ്മൂട്ടി പറഞ്ഞു.

ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന പ്രിയപ്പെട്ട എംടി പരിപാടി സമാപിച്ചത് എംടിയും സിനിമയും എന്ന പരിപാടിയോടെയായിരുന്നു. പ്രൗഢമായ വേദിയില്‍ മലയാളത്തിന്റെ തലപ്പൊക്കമായി നമ്മുടെ ഒരേയൊരു എംടി. കൂടെ എംടിയുടെ നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കിയ അതുല്യനടന്‍ മമ്മൂട്ടി. എംടിയുടെ തിരക്കഥകളെ ചലച്ചിത്രശില്‍പ്പങ്ങളാക്കിയ സംവിധായകര്‍. സദസ്സില്‍ സാംസ്‌കാരികകേരളത്തിന്റെ എല്ലാ മേഖലകളേയും പ്രതിനിധീകരിക്കുന്ന പ്രമുഖര്‍. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് ടിഎന്‍ ഗോപകുമാര്‍ വേദിക്കും സദസ്സിനും സ്വാഗതം പറഞ്ഞു. 

സംവിധായകന്‍ ഹരിഹരനായിരുന്നു സമാപനച്ചടങ്ങിന്റെ അധ്യക്ഷന്‍. അഭിനേതാവ് എന്ന നിലയില്‍ തനിക്കുകിട്ടിയ എല്ലാ അംഗീകാരങ്ങളും എംടിക്ക് സമര്‍പ്പിക്കുകയാണെന്ന് മമ്മൂട്ടി പറഞ്ഞു. എംടിയുടെ കൃതികളാണ് എല്ലാക്കാലത്തും തന്നിലെ നടന് പ്രചോദനം.ഏഷ്യാനെറ്റ് ന്യൂസിന്റെ ഉപഹാരം മമ്മൂട്ടി എംടിക്ക് സമ്മാനിച്ചു. സംവിധായകരായ ഹരിഹരനും ഐവി ശശിയും എംടിയോടൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവച്ചു. പര്‍വ്വതസമാനമായ മഹാവ്യക്തിത്വത്തെക്കുറിച്ച് ചെറിയ കാര്യങ്ങള്‍ പറയാന്‍ താനാളല്ലെന്ന് രഞ്ജിത്. മഷിവറ്റാത്ത പേനയുമായി എംടി മലയാളത്തെ ഇനിയുമിനിയും അനുഗ്രഹിക്കട്ടെയെന്ന് ആശംസ. കേരളമനസാക്ഷിയുടെ സ്‌നേഹാദരങ്ങളേറ്റുവാങ്ങി നിറഞ്ഞ മനസ്സോടെ എംടിയുടെ മറുപടിപ്രഭാഷണം. 

എംടിയുടെ മകള്‍ അശ്വതിയും ഭര്‍ത്താവ് ശ്രീകാന്തും അവതരിപ്പിച്ച നൃത്തം ചടങ്ങിന് ശേഷം നടന്നു. മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിമാരാരുടെ ട്രിപ്പിള്‍ തായമ്പകയോടെയാണ് കഴിഞ്ഞ പത്തു ദിവസമായി കോഴിക്കോട്ടെ പൗരാവലിയും കോ!ഴിക്കോട് കോര്‍പ്പറേഷനുമായി സഹകരിച്ച് ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച പ്രിയപ്പെട്ട എംടി പരിപാടിക്ക് സമാപനമായത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.