മംഗലാപുരം: ലോകം പുരോഗമനത്തിന്റെ പാതയില്‍ അതിവേഗം മുന്നേറുന്ന കാലമാണിത് .പുരോഗമനത്തിന്റെ കാര്യത്തില്‍ നമ്മുടെ രാജ്യവും പിന്നിലല്ല .വികസ്വര രാജ്യമായിട്ടും പല കാര്യങ്ങളിലും വികസിത രാജ്യങ്ങള്‍ക്ക് ഒപ്പമാണ് ഇന്ത്യയുടെ സ്ഥാനം .
എന്നിരുന്നാലും പല വര്‍ഷങ്ങള്‍ ആയിട്ടും പല ദുരാചാരങ്ങളും നമ്മെ വിട്ടു പോയിട്ടില്ല എന്നതാണ് സത്യം .ജാതി തിരിച്ചുള്ള മേല്‍ക്കൊയ്മയാണ് അതില്‍ മുഖ്യം.സവര്‍ണ്ണരും അവര്‍ണ്ണരും ഇപ്പോഴും സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്നതാണ് സത്യം .വോട്ടിനു വേണ്ടി രാഷ്ട്രിയക്കാര്‍ കൂടി ജാതിയും വര്‍ഗ്ഗവും തിരിച്ചു ജനങ്ങളെ കാണാന്‍ തുടങ്ങിയതോടെ മുന്പത്തെതിലും കൂടുതലാണ് ഇപ്പോള്‍ ഇത്തരം വിഭാഗിയത എന്ന് പറയേണ്ടിവരും.അത്തരത്തില്‍ ജാതിയില്‍ കുറഞ്ഞു പോയി എന്ന കാരണത്താല്‍ ഒരു വനിതാ പ്രഫസറിനു നേരിടേണ്ടി വന്ന അപമാനമാണ് ഇവിടെ വാര്‍ത്തയായിരിക്കുന്നത് . ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് സംഭവം നടന്നത് . ക്ഷേത്രത്തിലെ ഭക്ഷണശാലയില്‍നിന്ന് അബ്രാഹ്മണയായ വനിതാ പ്രഫസറെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ ഇറക്കിവിട്ടു. മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജ് ഫിസിയോതെറപ്പി വിഭാഗം അസി. പ്രഫസര്‍ വനിതാ ഷെട്ടിയെയാണ് അബ്രാഹ്മണയെന്ന കാരണത്താല്‍ ഭക്ഷണശാലയില്‍നിന്ന് ഇറക്കിവിട്ടത്.
ഉയര്‍ന്ന ജാതി, കീഴ്ജാതി ക്രമത്തില്‍ ഭക്ഷണം വിളമ്പുന്ന ശ്രീകൃഷ്ണ ക്ഷേത്രത്തിലെ താഴത്തെ നിലയില്‍ ബ്രാഹ്മണര്‍ക്കും മുകള്‍നിലയില്‍ മറ്റുള്ളവര്‍ക്കുമാണ് ഭക്ഷണം ലഭിക്കുക. ഇത് മനസിലാക്കാതെ താഴത്തെ നിലയില്‍ ഭക്ഷണത്തിനായി ഇരുന്ന വനിതാ ഷെട്ടിക്ക് ഭക്ഷണം വിളമ്പുന്നത് ക്ഷേത്ര ഭാരവാഹികള്‍ തടഞ്ഞു. ഇലയിട്ടശേഷം ജാതി തിരിച്ചറിഞ്ഞ ഇവരോട് എഴുന്നേറ്റ് അബ്രാഹ്മണരുടെ പന്തിയില്‍ പോയി ഇരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ആള്‍ക്കൂട്ടത്തിന് മുന്നില്‍ അപമാനിതയായ പ്രഫസര്‍ ഒടുവില്‍ ഭക്ഷണം കഴിക്കാതെ കരഞ്ഞുകൊണ്ട് ക്ഷേത്രത്തില്‍നിന്ന് ഇറങ്ങിപ്പോയി. 800 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലെ അനാചാരം നിര്‍ത്തലാക്കുമെന്ന് അധികാരത്തിലേറുന്നതിന് മുമ്പ് പൊതുജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ വിഷയത്തില്‍ മൗനംപാലിക്കുകയാണ്. കര്‍ണാടകയിലെ വിവിധ ക്ഷേത്രങ്ങളില്‍ നിലനില്‍ക്കുന്ന പന്തിഭേദ, എച്ചില്‍ കുളി (ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ച ഇലയില്‍ കീഴ്ജാതിക്കാര്‍ ശയനപ്രദക്ഷിണം നടത്തല്‍) തുടങ്ങിയവ കരിമ്പട്ടികയിലുള്‍പ്പെടുത്തുന്ന ബില്ല് കൊണ്ടുവന്ന് കര്‍ശന ശിക്ഷ നടപ്പാക്കുമെന്നറിയിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസിലെ തന്നെ മുതിര്‍ന്ന നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ചുവപ്പുനാടയില്‍ കുരുങ്ങിയിരിക്കുകയാണ്.
ബന്ത് സമുദായത്തില്‍പെട്ട വനിതാ ഷെട്ടിയെ ഭക്ഷണം നല്‍കാതെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് സമുദായാംഗങ്ങളുടെ നേതൃത്വത്തില്‍ സര്‍ക്കാറിന് നിവേദനം നല്‍കി. ക്ഷേത്ര ഭാരവാഹികളുടെ നടപടിയില്‍ പ്രതിഷേധിച്ച് ബഹിഷ്കരണം ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.








