Home » » മലയാളത്തിന്‌ ദേവസ്‌പര്‍ശം പകര്‍ന്ന എം.വി. ദേവന്‍ വിടവാങ്ങി.

മലയാളത്തിന്‌ ദേവസ്‌പര്‍ശം പകര്‍ന്ന എം.വി. ദേവന്‍ വിടവാങ്ങി.

Written By Unknown on Tuesday, 29 April 2014 | 19:25

കൊച്ചി; വരയും വാക്കും വാസ്‌തുശില്‍പവും കൊണ്ട്‌ മലയാളത്തിന്‌ ദേവസ്‌പര്‍ശം പകര്‍ന്ന എം.വി. ദേവന്‍ (86) വിടവാങ്ങി. വാര്‍ധക്യസഹജമായ അവശതകളെ തുടര്‍ന്ന്‌ ആലുവയിലെ വസതിയില്‍  ഉച്ചയ്‌ക്കു 2.20 നായിരുന്നു അന്ത്യം. മൃതദേഹം ഇന്നു രണ്ടു മണിവരെ വസതിയിലും തുടര്‍ന്ന്‌ അഞ്ചുമണി വരെ ആലുവ മഹാത്മാഗാന്ധി മുനിസിപ്പല്‍ ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിനു വയ്‌ക്കും.
സംസ്‌കാരം 5.30 ന്‌ അമ്പാട്ടുകാവ്‌ ശ്‌മശാനത്തില്‍. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തുമെന്ന്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ദേവന്റെ അഭിലാഷമനുസരിച്ച്‌ ചടങ്ങു ലളിതമാക്കും. ചിത്രകാരന്‍, ശില്‌പി, വാസ്‌തുശില്‌പി, എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ ആറു പതിറ്റാണ്ടിലേറെ കേരളത്തിന്റെ സാമൂഹിക മണ്ഡലത്തില്‍ നിറഞ്ഞുനിന്ന വ്യക്‌തിത്വമാണു ദേവന്റേത്‌. മൗലിക ചിന്തയാലും ധിഷണയാലും ദേവന്‍ പലവട്ടം മലയാളഭാവനയെ ചൊടിപ്പിക്കുകയും ചോദ്യം ചെയ്യുകയും ചെയ്‌തു.

ആധുനികതയുടെ പുതുവെളിച്ചവുമായാണ്‌ ദേവന്‍ മലയാള ചിത്രകലാ ലോകത്തു നിറയുന്നത്‌. ലോക ചിത്രകലയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ തദ്ദേശീയരായ കലാകാരന്‍മാരെ ആനുകാലികമായി പരിചയപ്പെടുത്തിയതും അദ്ദഹമാണ്‌. കേരളത്തിലെ ആദ്യത്തെ ആര്‍ട്ടിസ്‌റ്റ്‌ ക്യാംപ്‌ പൊന്നാനിയില്‍ ദേവന്റെ നേതൃത്വത്തിലാണു സംഘടിപ്പിച്ചത്‌.

ചോളമണ്ഡലം, കേരള കലാപീഠം, മാഹി കലാഗ്രാമം എന്നിവ രൂപമെടുത്തതില്‍ ദേവന്റെ വലിയ പങ്കുണ്ട്‌. ഫാക്‌ടിന്റെ ഭാഗമായ ഫെഡോയുടെ ആര്‍ട്ട്‌ കണ്‍സള്‍റ്റന്റായും പ്രവര്‍ത്തിച്ചു. കേരളത്തിലെ ഒട്ടേറെ വീടുകളും ദേവാലയങ്ങളും ഓഡിറ്റോറിയങ്ങളും രൂപകല്‍പന ചെയ്‌തു. മദ്രാസ്‌ ലളിതകലാ അക്കാദമി സെക്രട്ടറിയും കേരള ലളിതകലാ അക്കാദമി ചെയര്‍മാനുമായി പ്രവര്‍ത്തിച്ചു. ദേവസ്‌പന്ദനം, ദേവായനം എന്നിവ പ്രധാന കൃതികളാണ്‌. ദേവരേഖ, ദേവസ്‌പര്‍ശം എന്നിവ ദേവനെക്കുറിച്ച്‌ എഴുതപ്പെട്ട പുസ്‌തകങ്ങളാണ്‌.

കേരള ലളിതകലാ അക്കാദമി ഫെലോഷിപ്‌, കേന്ദ്ര ലളിതകലാ അക്കാദമി ക്രിട്ടിക്‌ അവാര്‍ഡ്‌, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം, മാതൃഭൂമി പുരസ്‌കാരം, എംകെകെ നായര്‍ അവാര്‍ഡ്‌, മലയാറ്റൂര്‍ രാമകൃഷ്‌ണന്‍ പുരസ്‌കാരം, രാജാ രവിവര്‍മ പുരസ്‌കാരം, മയില്‍പീലി പുരസ്‌കാരം, സഞ്‌ജയന്‍ പുരസ്‌കാരം, രാമാശ്രമം അവാര്‍ഡ്‌, സി. അച്യുതമേനോന്‍ പുരസ്‌കാരം തുടങ്ങി ഒട്ടേറെ അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തി.

മൂന്നര പതിറ്റാണ്ടായി ആലുവ പുളിഞ്ചോടിലെ വസതിയായ `ചൂര്‍ണിയിലായിരുന്നു താമസം. ഭാര്യ എം.കെ. ശ്രീദേവി ജീവിച്ചിരിപ്പില്ല. മക്കള്‍: ജമീല (കുവൈത്ത്‌), ശാലിനി (എന്‍ജിനീയര്‍, ഗോവ) മരുമക്കള്‍: കൊച്ചുമോന്‍ ഫ്രാന്‍സിസ്‌, രാജ്‌മോഹന്‍. ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ എം.വി. ദേവന്‌ അന്ത്യാഞ്‌ജലി അര്‍പ്പിക്കാനെത്തി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.