Home » » പാക്‌ ഭീകരന്‍ പട്ടാള യൂണിഫോം ധരിച്ച്‌ സെക്രട്ടേറിയറ്റിനുള്ളില്‍ കടന്നെന്നു സംശയിക്കുന്നതായും ഐ.പി.എസ്‌. ഉന്നതനെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായും രഹസ്യ റിപ്പോര്‍ട്ട്‌.

പാക്‌ ഭീകരന്‍ പട്ടാള യൂണിഫോം ധരിച്ച്‌ സെക്രട്ടേറിയറ്റിനുള്ളില്‍ കടന്നെന്നു സംശയിക്കുന്നതായും ഐ.പി.എസ്‌. ഉന്നതനെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായും രഹസ്യ റിപ്പോര്‍ട്ട്‌.

Written By Unknown on Tuesday, 22 April 2014 | 18:10

തിരുവനന്തപുരം: മൂന്നാറില്‍ ഒളിവില്‍ കഴിഞ്ഞ പാക്‌ ഭീകരന്‍ സിയാ ഉള്‍ റഹ്‌മാന്‍ (വഖാസ്‌-25) പട്ടാള യൂണിഫോം ധരിച്ച്‌ സെക്രട്ടേറിയറ്റിനുള്ളില്‍ കടന്നെന്നു സംശയിക്കുന്നതായും ജയില്‍ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന ഐ.പി.എസ്‌. ഉന്നതനെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായും രഹസ്യ റിപ്പോര്‍ട്ട്‌. മൂന്നാറില്‍ വഖാസിനു താമസസൗകര്യമൊരുക്കിക്കൊടുത്ത ഡല്‍ഹി സ്വദേശി ജമാല്‍ സഫിക്കുള്‍, മറ്റൊരു സഹായി രവീന്ദര്‍ ജോഷി എന്നിവര്‍ കേരളം വിട്ടിട്ടില്ല. ഇവരുടെ ഫോണ്‍ നമ്പര്‍ സഹിതമുള്ള രഹസ്യ റിപ്പോര്‍ട്ട്‌ കേസന്വേഷിക്കുന്ന ഡല്‍ഹി പോലീസ്‌ സ്‌പെഷല്‍ സെല്ലിനു കേരളാ പോലീസ്‌ കൈമാറും.
 
ഇന്ത്യന്‍ മുജാഹിദീന്‍ സ്‌ഥാപകനേതാവും കൊടുംഭീകരനുമായ റിയാസ്‌ ഭട്‌കലിന്റെ ഉറ്റഅനുയായി വഖാസ്‌ തെരഞ്ഞെടുപ്പുവേളയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനം ലക്ഷ്യമിട്ടാണ്‌ ഇവിടെയെത്തിയതെന്നാണു സൂചന. കഴിഞ്ഞ മാര്‍ച്ചില്‍ രാജസ്‌ഥാനിലെ അജ്‌മീറില്‍ വഖാസിനെ ഡല്‍ഹി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. സെപ്‌റ്റംബറില്‍ ഇന്ത്യന്‍ മുജാഹിദീന്‍ മേധാവി തെഹ്‌സിന്‍ അക്‌തറും പിടിയിലായി. സ്‌ഫോടനങ്ങള്‍ നടത്താന്‍ ഗൂഢാലോചന നടത്തിയതു മൂന്നാര്‍ കേന്ദ്രീകരിച്ചാണെന്ന്‌ ഇരുവരും ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു.
പട്ടാള യൂണിഫോം ധരിച്ചാണു കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വഖാസ്‌ സഞ്ചരിച്ചിരുന്നത്‌. ഇയാളുടെ സഹായികളായ ജമീലും രവീന്ദര്‍ ജോഷിയും സംസ്‌ഥാനം വിട്ടിട്ടില്ലെന്നാണു പോലീസ്‌ നിഗമനം. ഇവരെ പിടികൂടാന്‍ ഡല്‍ഹി സ്‌പെഷല്‍ സെല്ലിന്റെ സഹായം തേടും. ജമീലിന്റെയും രവീന്ദര്‍ ജോഷിയുടെയും ഫോണ്‍ നമ്പരുകളിലേക്ക്‌ (യഥാക്രമം 9946414411, 8588865759) നിരവധി വിളിയെത്തിയിരുന്നതായും രഹസ്യാന്വേഷണവിഭാഗം സ്‌ഥിരീകരിച്ചു.
 
പുതിയ കണ്ടെത്തലുകളുടെ അടിസ്‌ഥാനത്തില്‍, തീവ്രവാദസംഘടനയായ സിമിയെ മൂന്നുവര്‍ഷത്തേക്കുകൂടി നിരോധിക്കണമെന്നാവശ്യപ്പെടാന്‍ കേരളം തീരുമാനിച്ചു. നിരോധനം തുടരണോയെന്നു തീരുമാനിക്കാന്‍ തിരുവനന്തപുരത്തെത്തിയ ട്രിബ്യൂണല്‍ മുമ്പാകെ കേരളം ഈ ആവശ്യമുന്നയിക്കും. സിമിയുടെ നിരോധനം നീക്കേണ്ടതില്ലെന്നു ശിപാര്‍ശ ചെയ്യാന്‍ പോലീസ്‌ ആസ്‌ഥാനത്ത്‌ ഇന്റലിജന്‍സ്‌ വിഭാഗം എ.ഡി.ജി.പി: എ. ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. വഖാസിനു സിമിയുമായി ബന്ധമുണ്ടെന്നും യോഗം വിലയിരുത്തി. ഇക്കാര്യം ട്രിബ്യൂണല്‍ ജഡ്‌ജി സുരേഷ്‌ കെയ്‌റ്റിനെ ധരിപ്പിക്കും. അഡീഷണല്‍ സോളിസിറ്റ്‌ ജനറല്‍ രാജീവ്‌ മെഹ്‌റ, കേന്ദ്ര ആഭ്യന്തരവകുപ്പ്‌ രജിസ്‌ട്രാര്‍ ലൊറെയ്‌ല്‍, സച്ചിന്‍ ദത്ത, രവീന്ദ്ര അഗര്‍വാള്‍ എന്നിവരാണു ട്രിബ്യൂണലിലുള്ളത്‌. തിരുവനന്തപുരം ഗസ്‌റ്റ്‌ ഹൗസിലാണ്‌ ഇന്നും നാളെയുമായി ട്രിബ്യൂണല്‍ സിറ്റിംഗ്‌.
 
വിവിധ സ്‌ഫോടനക്കേസുകളുമായി ബന്ധപ്പെട്ടു വഖാസ്‌ പിടിയിലായശേഷമാണു കേരളാ പോലീസിലെ ഇന്റലിജന്‍സ്‌ വിഭാഗം അന്വേഷണം തുടങ്ങിയത്‌. വഖാസ്‌ കേരളത്തിലെത്തുന്നതിനുമുമ്പ്‌ ജമീല്‍ മൂന്നാറിലെത്തിയിരുന്നതായി ഇന്റലിജന്‍സ്‌ വിഭാഗം സ്‌ഥിരീകരിച്ചു.
 
ഇയാള്‍ മൂന്നാര്‍ കോളനി റോഡിലെ ഗുരൂസ്‌ ഹോട്ടലില്‍ അടുക്കളപ്പണിക്കാരനായിരുന്നു. കോളനിയില്‍ ഹോട്ടല്‍ തൊഴിലാളികള്‍ക്കു താമസിക്കാന്‍ വാടകയ്‌ക്കെടുത്തിരുന്ന എയ്‌റ്റ്‌ ലാന്റ്‌സ്‌ കോട്ടേജിനോടു ചേര്‍ന്നുള്ള ഷെഡ്‌ഡിലായിരുന്നു താമസം. ഹോട്ടലുടമയായ പ്രശാന്തുമായി വഴക്കുണ്ടാക്കിയ ജമീല്‍ തുടര്‍ന്നും ഇവിടെത്തന്നെ താമസിച്ചു. പിന്നീടു സംശയം തോന്നാതിരിക്കാന്‍ ചെറിയ രീതിയില്‍ ചായക്കച്ചവടം തുടങ്ങി. 2013 സെപ്‌റ്റംബറിലാണു വഖാസ്‌, ജമീലിന്റെ അടുത്തെത്തിയത്‌. ഇയാളുടെ കൈയില്‍ ലാപ്‌ടോപ്പുമുണ്ടായിരുന്നു. വഖാസും ജമീലും അര്‍ധരാത്രിക്കുശേഷവും ഉണര്‍ന്നിരുന്നു സംസാരിച്ചിരുന്നതായി ദൃക്‌സാക്ഷിമൊഴിയുണ്ട്‌. വഖാസിനെയും അക്‌തറിനെയും ജമീലിനെയും കുറിച്ച്‌ ഇവര്‍ക്കു മുറി വാടകയ്‌ക്കു നല്‍കിയ മുനീഷും മൊഴി നല്‍കി.
 സംശയം തോന്നിയതിനേത്തുടര്‍ന്നു തിരിച്ചറിയല്‍രേഖ ആവശ്യപ്പെട്ടപ്പോള്‍ വഖാസ്‌ കടന്നുകളഞ്ഞു. വഖാസിനുമുമ്പു മൂന്നാറിലെത്തിയ ജമീല്‍ 2014 മാര്‍ച്ചോടെ കേരളം വിട്ടു. അതിനുശേഷം രവീന്ദര്‍ ജോഷി എന്ന പേരില്‍ ഒരാള്‍ ജമീലിന്റെ സുഹൃത്താണെന്നു പറഞ്ഞ്‌ ഇവരുടെ മുറിയില്‍ താമസിക്കുകയും അവിടെയുണ്ടായിരുന്ന കടലാസുകളും മറ്റും പരിശോധിക്കുകയും ചെയ്‌തതായി പോലീസ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. വഖാസിന്റെ 9747457965 എന്ന നമ്പരിലേക്കു മുനീഷ്‌ വിളിച്ചപ്പോള്‍ പലതവണ മലയാളത്തില്‍ മറുപടി കേട്ടെന്നു പോലീസിനു മൊഴി നല്‍കി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.