Home » » കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്‌.

കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്‌.

Written By Unknown on Friday, 25 April 2014 | 19:26

തിരുവനന്തപുരം: കേബിള്‍ ടിവി ആവശ്യത്തിനായി സര്‍ക്കാര്‍ അനുവദിച്ച വൈദ്യുത പോസ്റ്റുകളുടെ നിരക്കു വര്‍ധനവില്‍ പ്രതിഷേധിച്ച്‌ കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷന്‍ പ്രക്ഷോഭത്തിലേക്ക്‌. ചൊവ്വാഴ്‌ച സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ എന്‍.എച്ച്‌. അന്‍വര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

നിരക്ക്‌ വര്‍ധനവിനെതിരേ നിരാഹാര സമരവും കേബിള്‍ ടിവി സര്‍വീസ്‌ നിര്‍ത്തിവച്ചും അസോസിയേഷന്‍ സമരം നടത്തിയിരുന്നു. അതില്‍ ഫലം കാണാത്തതിനെ തുടര്‍ന്നാണ്‌ അനിശ്ചിതകാല നിരാഹാര സമരം അരംഭിക്കുന്നത്‌.

1993ലാണ്‌ സംസ്ഥാന സര്‍ക്കാര്‍ കേബിള്‍ ടിവി ആവശ്യത്തിന്‌ ഒരു രൂപ നിരക്കില്‍ വൈദ്യുതി പോസ്റ്റുകള്‍ അനുവദിച്ചത്‌. ഇത്‌ ഏഷ്യാനെറ്റ്‌ കേബിള്‍ ടിവിക്കു മാത്രമാണു ലഭിച്ചത്‌. അതിനെതിരേ സമരങ്ങളും നിയമ പോരാട്ടങ്ങളും നടത്തിയാണ്‌ കേബിള്‍ ടിവി ആവശ്യത്തിനായി പോസ്റ്റുകള്‍ നല്‍കാന്‍ ഹൈക്കോടതി വിധിയിലൂടെ അനുമതി ലഭിച്ചത്‌. എന്നാല്‍, നിരക്ക്‌ പല തവണയായി വര്‍ധിപ്പിച്ച്‌ നിലവില്‍ പോസ്റ്റ്‌ വാടക 311 രൂപയായി. 12.3 ശതമാനം സര്‍വീസ്‌ ടാക്‌സും ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്‌ടറേറ്റിന്റെ ഇന്‍സ്‌പെക്ഷന്‍ ഫീസ്‌ അടക്കം ഒരു പോസ്റ്റിന്‌ 354 രൂപ 25 പൈസയാണ്‌ വാടകയായി നല്‍കേണ്‌ടത്‌.

ഒരു കേബിള്‍ കണക്ഷന്‌ പ്രതിമാസം 30 രൂപ വീതം പോസ്റ്റ്‌ വാടകയിനത്തില്‍ മാത്രം ചെലവാകുന്നുണ്‌ട്‌. ഇത്‌ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്ക്‌ വന്‍ സാമ്പത്തിക ബാധ്യത വരുത്തിവയ്‌ക്കുന്നു. അതിനാല്‍ വൈദ്യുതി പോസ്റ്റ്‌ വാടക 311 ല്‍ നിന്നു കോര്‍പറേഷന്‍ പരിധിയില്‍ 250 രൂപയും മുനിസിപ്പല്‍ പരിധിയില്‍ 200 രൂപയും ഗ്രാമപഞ്ചായത്ത്‌ പരിധിയില്‍ 125 രൂപയുമായി പുനര്‍നിശ്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചു ശതമാനം വാര്‍ഷിക വര്‍ധന പിന്‍വലിക്കുക, ഒരു വര്‍ഷത്തെ വാടക മുന്‍കൂര്‍ ഒന്നിച്ചടയ്‌ക്കുന്നതിനു പകരം നാലു തവണകളായി അടക്കാന്‍ അവസരമുണ്‌ടാക്കുക, ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്‌ടറേറ്റിന്റെ വാര്‍ഷിക പരിശോധനയും ഫീസും അഞ്ചു വര്‍ഷത്തില്‍ ഒരിക്കലാക്കി മാറ്റുക എന്നീ ആവശ്യങ്ങളും സമരത്തില്‍ ഉന്നയിക്കും. അസോസിയേഷന്‍ ഭാരവാഹികളായ ബിനു ശിവദാസ്‌, കെ. വിജയകൃഷ്‌ണന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.