തിരുവനന്തപുരം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് അദ്ദേഹത്തോടൊപ്പം പ്രചരണത്തിന് ഇറങ്ങിയ കോണ്‍ഗ്രസ് ദേശീയ നേതാവ് പോലും വോട്ടുചെയ്‌തില്ല. വോട്ടിംഗ് ദിനം തലസ്ഥാനത്ത് ഉണ്ടായിരുന്നിട്ടും വോട്ടിംഗിന് ഇദ്ദേഹം എത്താതിരുന്നത് ഇപ്പോള്‍ വിവാദമാകുകയാണ്. ഈ ദേശീയ നേതാവിന്റെ കുടുംബവും വോട്ടിംഗിന് എത്തിയിരുന്നില്ല. തെക്കന്‍ നിയമസഭ മണ്ഡലത്തിലെ ഒരു നേതാവാണ് തെരഞ്ഞെടുപ്പ് ദിവസം പാര്‍ട്ടി പത്രത്തിന്റെ ഓഫീസില്‍ ചിലവഴിച്ചെങ്കിലും തരൂരിന് വോട്ട് ചെയ്യാന്‍ എത്താതിരുന്നത്.
നേരത്തെ തിരുവനന്തപുരത്ത് സീറ്റ് ലഭിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയാണ് ഈ നേതാവ്. തൊഴിലാളി യൂണിയന്‍ നേതാവായ ഇദ്ദേഹത്തിന്റെ അതേസമുദായത്തില്‍ നിന്നും തന്നെയാണ് ബെന്നറ്റ് എബ്രഹാമെന്ന ഇടതു സ്ഥാനാര്‍ത്ഥി എത്തിയതെന്നതും ഇദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നു. നിലവില്‍ തമിഴ്‌നാട്ടില്‍ പ്രചരണ ചുമതലയുള്ള ഇദ്ദേഹം തിരികെ വന്നാല്‍ ഉടന്‍ കെപിസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാം തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം ഡിസിസിയാണ് ഇദ്ദേഹത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.








