Home » » ഹനീഷയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍.

ഹനീഷയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍.

Written By Unknown on Friday, 25 April 2014 | 10:56

മലപ്പുറം: മലപ്പുറം ചങ്ങരംകുളം പൊലീസ് സ്‌റ്റേഷനില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനെതിരെ പരാതിയുമായി യുവതിയുടെ ബന്ധുക്കള്‍. ഹനീഷയെ പൊലീസുകാര്‍ കൊന്നതാണെന്നും പൊലീസല്ലാതെയുള്ള ഏജന്‍സിക്ക് അന്വേഷണം കൈമാറണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ഹനീഷയുടെ ഉമ്മയും സഹോദരങ്ങളും. മോഷണ കേസില്‍ പൊലീസ് പിടിച്ചു കൊണ്ടു പോയി എന്നറിഞ്ഞപ്പോള്‍ ഹനീഷയുടെ ഉമ്മ സൈനബ വിവരം അന്വേഷിച്ച് ബുധനാഴ്ച്ച വൈകിട്ട് ചങ്ങരംകുളം പൊലീസ് സ്‌റ്റേഷനില്‍ ചെന്നിരുന്നു. മകളെ രാവിലെ വിടാമെന്ന് പറഞ്ഞ് പൊലീസ് തന്നെ തിരിച്ചയക്കുകയായിരുന്നുവെന്ന് സൈനബ പറഞ്ഞു. രാവിലെ സ്‌റ്റേഷനില്‍ പൊലീസുകാരുടെ ഇടയില്‍ നിന്ന് ഹനീഷ തൂങ്ങിമരിച്ചെന്നത് പൊലീസ് ഉണ്ടാക്കിയ കള്ളക്കഥയാണ്. സത്യം പുറത്തുവരാന്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ അന്വേഷണം പോരന്നും. പൊലീസല്ലാത്ത ഉന്നത സംഘം കേസ് അന്വേഷിക്കണമെന്നും സൈനബ പറഞ്ഞു.

ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സൈനബ പാരാതി നല്‍കിയിട്ടുണ്ട്. ഈ പൊലീസ് സ്‌റ്റേഷനില്‍ തന്നെ മൂന്നുമാസം മുമ്പ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവം ഉണ്ടായിട്ടുണ്ട്. ഇതിനിടെ രാത്രികാല പട്രോളിംഗിനിടെ സ്‌റ്റേഷനിലെത്തിയ കുറ്റിപ്പുറം എസ്.ഐ മനോഹരന്‍ മറ്റൊരു കേസുമായി ബന്ധപെട്ട് ഹനീഷയെ അര്‍ദ്ധരാത്രി ചോദ്യം ചെയ്‌തെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. പൊലീസ് കംപ്ലൈന്റ് അതോറിട്ടി ചങ്ങരംകുളം പൊലീസ് സ്‌റ്റേഷനിലെത്തി പൊലീസുകാരില്‍ നിന്നും മൊഴിയെടുത്തു. പ്രാഥമിക അന്വേഷണത്തില്‍ യുവതിയെ കസ്റ്റഡിയിലെടുക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളില്‍ പൊലീസ് വീഴ്ച്ച വരുത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് അംഗം പി.മുരളീധരന്‍ പറഞ്ഞു. വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിനും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.