കൊച്ചി: അമിതകൂലി നല്കാന്‍ വിസമ്മതിച്ച മാധ്യമപ്രവര്‍ത്തകന്റെ കൈ ഓട്ടോഡ്രൈവര്‍ തല്ലിയൊടിച്ചു. കേരളകൗമുദി സബ് എഡിറ്റര്‍ ലെനിനാണ് മര്‍ദനമേറ്റത്. വ്യാഴാഴ്ച രാത്രി പതിനൊന്നോടെ എറണാകുളം എംജി റോഡിലെ കെപിസിസി ജംഗ്ഷനിലാണ് സംഭവം. സംഭവത്തെത്തുടര്‍ന്ന് ഓട്ടോഡ്രൈവര്‍ മുരളിയെ കൊച്ചി സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
ഓട്ടോക്കൂലിയായി മുരളി നാല്പതു രൂപ ആവശ്യപ്പെട്ടപ്പോള്‍, 30 രൂപയാണ് താന്‍ സ്ഥിരമായി കൊടുക്കുന്നത് എന്ന് ലെനിന്‍ പറഞ്ഞു. എന്നാല്‍ മുരളി താന്‍ പറഞ്ഞ തുക തന്നെ വേണമെന്നു ശഠിച്ചു. അമിതകൂലി ഈടാക്കുന്ന കാര്യം പോലീസില്‍ പരാതിപ്പെടുമെന്ന് ലെനിന്‍ പറഞ്ഞു. ഇതില്‍ പ്രകോപിതനായ മുരളി ജാക്കി ലിവര്‍ ഉപയോഗിച്ച് ലെനിനെ മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ ഇരുകൈകളും ഒടിഞ്ഞ ലെനിന്‍ ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.








