Home » » യുവതി മരിച്ചത്‌ ജിന്ന്‌ ഒഴിപ്പിക്കുന്നതിനിടെ മന്ത്രവാദിയുടെ ക്രൂരമര്‍ദനത്തെ തുടര്‍ന്നാണെന്ന്‌.

യുവതി മരിച്ചത്‌ ജിന്ന്‌ ഒഴിപ്പിക്കുന്നതിനിടെ മന്ത്രവാദിയുടെ ക്രൂരമര്‍ദനത്തെ തുടര്‍ന്നാണെന്ന്‌.

Written By Unknown on Thursday, 17 July 2014 | 03:06

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി തഴവയില്‍ യുവതി മരിച്ചത്‌ ജിന്ന്‌ ഒഴിപ്പിക്കുന്നതിനിടെ മന്ത്രവാദിയുടെ ക്രൂരമര്‍ദനത്തെ തുടര്‍ന്നാണെന്ന്‌ അനേ്വഷണത്തില്‍ തെളിഞ്ഞു. തഴവ കടത്തൂര്‍ കണ്ണങ്കര കുറ്റിയില്‍ ഹസീന(26)യാണ്‌ ഒരു മാസത്തോളം നീണ്ട കൊടിയ മര്‍ദനത്തിനും പീഡനത്തിനുമൊടുവില്‍ മരിച്ചത്‌.

മാനസികാസ്വാസ്‌ഥ്യത്തിനു ചികിത്സ നടത്തിയിട്ടും പ്രയോജനമുണ്ടാകാത്തതിനെ തുടര്‍ന്നു ഹസീനയുടെ പിതാവിന്റെ ബന്ധുവിന്റെ ഒത്താശയോടെയാണ്‌ മന്ത്രവാദിയുടെ സഹായം തേടിയത്‌. ദിവസവും രാത്രി എത്തുന്ന സിദ്ധന്‍ ഹസീനയെ മസാജ്‌ ചെയ്യുക പതിവായിരുന്നു. ജിന്നിനെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഇവര്‍ക്ക്‌ ആഹാരം നല്‍കിയിരുന്നില്ല. കൂടാതെ ചൂരലുകൊണ്ടുളള മര്‍ദനവും പതിവായിരുന്നു.
ഒരു മാസമായി നടന്നുവന്നിരുന്ന ചികിത്സയിലും ഓതലിലും യുവതി തീരെ അവശയായിരുന്നു. സംഭവദിവസം രാത്രി എട്ടിനു യുവതിയെ നിലത്ത്‌ കമഴ്‌ത്തിക്കിടത്തി മസാജ്‌ ചെയ്‌തശേഷം കൈകള്‍ പിന്നിലേക്ക്‌ പിടിച്ചുവലിക്കുകയും കാല്‍മുട്ട്‌ പുറത്ത്‌ അമര്‍ത്തുകയും ചെയ്‌തു. ഇതിനിടെ ഇവരുടെ നട്ടെല്ല്‌ രണ്ടായി ഒടിയുകയും ആന്തരീക രക്‌തസ്രാവം ഉണ്ടാകുകയും ചെയ്‌തതാണ്‌ മരണകാരണമെന്ന്‌ പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
മുഖ്യപ്രതിയും മന്ത്രവാദിയുമായ നൂറനാട്‌ ആദിക്കാടുകുളങ്ങര സ്വദേശി സിറാജുദീനായുള്ള അനേ്വഷണം പോലീസ്‌ ഊര്‍ജിതമാക്കി. ഇയാളെ അടൂര്‍ പോലീസിന്റെ സഹായത്തോടെ പിടികൂടിയെന്നും സൂചനയുണ്ട്‌. സംഭവത്തെ തുടര്‍ന്നു യുവതിയുടെ പിതാവ്‌ ഹസന്‍(60), മന്ത്രവാദിയുടെ സഹായിയും റിട്ട.അധ്യാപകനുമായ തഴവ വട്ടപ്പറമ്പു സ്വദേശി കബീര്‍(58) എന്നിവരെ പോലീസ്‌ കഴിഞ്ഞദിവസം കസ്‌റ്റഡിയിലെടുത്തിരുന്നു.
ഹസീന വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണെങ്കിലും ഭര്‍ത്താവ്‌ ഉപേക്ഷിച്ചനിലയിലായിരുന്നു. ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ചതിനെ തുടര്‍ന്ന്‌ പോലീസ്‌ സ്‌ഥലത്ത്‌ എത്തിയതോടെയാണ്‌ മന്ത്രവാദി മുങ്ങിയത്‌.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.