Home » » പുതിയ പ്ലസ്‌ടു സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചതു കേരള വിദ്യാഭ്യാസചട്ടങ്ങളുടെ നഗ്നമായ ലംഘനം.

പുതിയ പ്ലസ്‌ടു സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചതു കേരള വിദ്യാഭ്യാസചട്ടങ്ങളുടെ നഗ്നമായ ലംഘനം.

Written By Unknown on Friday, 25 July 2014 | 14:27

തിരുവനന്തപുരം: പുതിയ പ്ലസ്‌ടു സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചതു കേരള വിദ്യാഭ്യാസചട്ടങ്ങളുടെ (കെ.ഇ.ആര്‍) നഗ്നമായ ലംഘനം. നിലവിലുള്ള സ്‌കൂളിന്റെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ പുതിയ സ്‌കൂളുകള്‍ തുടങ്ങരുതെന്നും സ്‌കൂളുകള്‍ക്കായുള്ള അപേക്ഷ എ.ഇ.ഒ. തലത്തില്‍ പരിശോധിച്ചശേഷം ഗസറ്റില്‍ വിജ്‌ഞാപനം ചെയ്യണമെന്നുമുള്ള വ്യവസ്‌ഥകളാണു ലംഘിച്ചത്‌. കെ.ഇ.ആര്‍. ലംഘിച്ചാണു പുതിയ സ്‌കൂളുകള്‍ക്കും ബാച്ചുകള്‍ക്കും മാനേജ്‌മെന്റുകള്‍ ശ്രമിക്കുന്നതെന്ന കാര്യം അഡ്വക്കേറ്റ്‌ ജനറല്‍ കെ.പി. ദണ്ഡപാണിയും ഹൈക്കോടതിയില്‍ മറച്ചുവച്ചു. എ.ജിയുടെ മേല്‍നോട്ടത്തിലുള്ള ദണ്ഡപാണി അസോസിയേറ്റ്‌സാണു മാനേജ്‌മെന്റുകളുടെ പല കേസുകളും കോടതിയില്‍ വാദിച്ചത്‌. പ്ലസ്‌ടു സംബന്ധിച്ച കേസില്‍ കോടതിയില്‍ മൗനം പാലിച്ചതിനു പ്രതിഫലമായി മാനേജ്‌മെന്റുകളില്‍നിന്നു കോടികളാണു സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരുടെ കീശയിലേക്കൊഴുകിയത്‌.
 
കേരള വിദ്യാഭ്യാസചട്ടങ്ങള്‍ (1959) അഞ്ചാം അധ്യായമനുസരിച്ച്‌, പുതുതായി സ്‌കൂളുകള്‍ അനുവദിക്കാന്‍ പ്രത്യേക നടപടിക്രമങ്ങള്‍ പാലിക്കണം. ഏതെങ്കിലും പ്രദേശത്തു സ്‌കൂളുകള്‍ സ്‌ഥാപിക്കണമെങ്കില്‍ പ്രാദേശികമായ വിദ്യാഭ്യാസ ആവശ്യം പരിശോധിച്ച്‌ സ്‌ഥലങ്ങളുടെ പട്ടിക ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടര്‍ നേരിട്ടു തയാറാക്കണം. ഇങ്ങനെ പട്ടിക തയാറാക്കുമ്പോള്‍, അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ മറ്റു സ്‌കൂളുകളില്ലെന്ന്‌ ഉറപ്പുവരുത്തണം. പരിശോധനകള്‍ നടത്തിയശേഷം സ്‌കൂളുകള്‍ക്ക്‌ അര്‍ഹതയുള്ള സ്‌ഥലങ്ങളുടെ പട്ടിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച്‌, ഒരുമാസത്തിനകം എ.ഇ.ഒ, ഡി.ഇ.ഒമാര്‍ വഴി പുതിയ സ്‌കൂളുകള്‍ക്കായി അപേക്ഷ ക്ഷണിക്കണം.
 
അപേക്ഷ ലഭിച്ചാല്‍ എ.ഇ.ഒ, ഡി.ഇ.ഒമാര്‍ സ്‌കൂളുകള്‍ക്കായി പരിഗണിക്കുന്ന സ്‌ഥലം സന്ദര്‍ശിച്ചു ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടര്‍ക്കു റിപ്പോര്‍ട്ട്‌ നല്‍കണം. ഡയറക്‌ടര്‍ നല്‍കുന്ന പട്ടികയില്‍ സര്‍ക്കാര്‍ ഭേദഗതിക്ക്‌ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്കു നോട്ടീസ്‌ നല്‍കി ആവലാതികള്‍ കേള്‍ക്കണം. വീണ്ടും ഉദ്യോഗസ്‌ഥര്‍ പരിശോധന നടത്തിയശേഷം അന്തിമപട്ടിക ഗസറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും കെ.ഇ.ആറില്‍ നിര്‍ദേശിക്കുന്നു. നടപടിക്രമം ഇതാണെന്നിരിക്കേ, മാനേജ്‌മെന്റുകള്‍ക്ക്‌ അനുകൂലമായ വിധിക്കുവേണ്ടി എ.ജി. ഇക്കാര്യങ്ങള്‍ കോടതിയില്‍നിന്നു മറച്ചുവച്ചു. എന്നാല്‍, കേസില്‍ വാദം കേട്ട ജസ്‌റ്റിസ്‌ സി.ടി. ദിവാകരന്‍ കേരളത്തിലെ വിദ്യാഭ്യാസ സാഹചര്യങ്ങള്‍ വിലയിരുത്തി കെ.ഇ.ആര്‍. കര്‍ശനമായി നടപ്പാക്കണമെന്നു നിര്‍ദേശിച്ചു. തുടര്‍ന്നു മാനേജ്‌മെന്റുകള്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. വാദിച്ചതു കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസായിരുന്ന മഞ്‌ജുളാ ചെല്ലൂരിന്റെ സീനിയറും മുന്‍കേന്ദ്രമന്ത്രിയുമായ അശ്വനികുമാര്‍. 25 ലക്ഷം രൂപയാണ്‌ ഒരുദിവസത്തെ വാദത്തിന്‌ അശ്വനികുമാര്‍ വാങ്ങിയത്‌. കോര്‍പറേറ്റ്‌ മാനേജ്‌മെന്റുകള്‍ ഒഴികെയുള്ളവര്‍ 25,000 രൂപവീതം വക്കീല്‍ ഫീസ്‌ ഇനത്തില്‍ നല്‍കി. കെ.ഇ.ആര്‍. പ്രകാരം സ്‌കൂളുകള്‍ അനുവദിക്കണമെന്ന കാര്യം എ.ജി. അപ്പോഴും കോടതിയെ അറിയിച്ചില്ല.
 
പുതിയ സ്‌കൂളുകളും ബാച്ചും സംസ്‌ഥാനത്തിനു വന്‍സാമ്പത്തികബാധ്യതയുണ്ടാക്കുമെന്ന കാര്യവും കോടതിയില്‍നിന്നു മറച്ചുവച്ചു. തുടര്‍ന്ന്‌ അവധിക്കുശേഷം കോടതി വീണ്ടും ചേര്‍ന്നപ്പോള്‍ ബാച്ചുകളും അപ്‌ഗ്രഡേഷനുമെന്ന ആവശ്യം മാനേജ്‌മെന്റുകള്‍ ഉന്നയിച്ചു. എ.ജി. കൃത്യമായ രേഖകള്‍ ഹാജരാക്കാത്തതിനേത്തുടര്‍ന്ന്‌ മാനേജ്‌മെന്റുകളുടെ ആവശ്യം ൈഹക്കോടതി അംഗീകരിക്കുകയായിരുന്നു. ഇതോടെ വന്‍സാമ്പത്തികബാധ്യതയാണു സര്‍ക്കാരിനുണ്ടായത്‌. കെ.ഇ.ആര്‍. നടപ്പാക്കണമെന്ന്‌ എ.ജി. ആവശ്യപ്പെട്ടിരുന്നെങ്കില്‍ ആവശ്യമുള്ള സ്‌ഥലങ്ങളില്‍ മാത്രം സ്‌കൂളുകള്‍ സ്‌ഥാപിക്കാനും വിവാദങ്ങള്‍ ഒഴിവാക്കാനും കഴിയുമായിരുന്നു. സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ അധ്യാപക ബാങ്കില്‍നിന്നു നിയമനം നടത്തുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനവും തെറ്റാണെന്നു കണക്കുകള്‍ വ്യക്‌തമാക്കുന്നു. ഹയര്‍ സെക്കന്‍ഡറില്‍ പഠിപ്പിക്കാനുള്ള യോഗ്യതയായ നെറ്റ്‌ പാസായ നൂറില്‍ താഴെ അധ്യാപകരാണ്‌ 12,000 പേരടങ്ങുന്ന അധ്യാപക ബാങ്കിലുള്ളത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.