തിരുവനന്തപുരം: പാറ്റൂരിലെ വിവാദ ഫ്‌ളാറ്റ് നിര്‍മാണക്കമ്പനിക്ക് അനുകൂലമായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഇടപെട്ടതിന്റെ രേഖകള്‍ പുറത്ത്. വിവാദഭൂമിയിലെ വാട്ടര്‍ അഥോറിട്ടിയുടെ പൈപ്പ് ലൈന്‍ മാറ്റി സ്‌ഥാപിക്കണമെന്നു നിര്‍ദേശിച്ച് 2012 ഫെബ്രുവരി 16-നാണ് അന്നത്തെ റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ ഉത്തരവിട്ടത്. കമ്പനിയുടെ പക്കലുള്ള സ്‌ഥലത്ത് നിര്‍മാണപ്രവര്‍ത്തനങ്ങളും തുടര്‍കൈമാറ്റങ്ങളും തടഞ്ഞുകൊണ്ടുള്ള റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കാന്‍ തിരുവഞ്ചൂര്‍ നിര്‍ദേശിച്ചതായാണു രേഖകള്‍.
ഫ്‌ളാറ്റ് കമ്പനിയുടെ കൈവശം പുറമ്പോക്ക് ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്നും അതു തുടര്‍ന്നും കൈവശം വയ്‌ക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രിയുടെ ഉത്തരവില്‍ പറയുന്നു. ഇക്കാര്യം അന്വേഷിച്ച റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം 118.5 സെന്റ് ഭൂമി ആവൃതി മാള്‍ മാനേജ്‌മെന്റ് കമ്പനിക്കു നിയമാനുസൃതം കൈമാറി ലഭിച്ച്, നികുതിയടച്ചു കൈവശം വച്ചിരിക്കുന്നതാണ്. ഇക്കാര്യം പ്രമാണങ്ങളില്‍നിന്നു വ്യക്‌തമാണെന്നും ഉത്തരവില്‍ പറയുന്നു. നിയമാനുസൃതം കൈമാറിക്കിട്ടിയതില്‍, അളവില്‍ കൂടുതലുളള 16.635 സെന്റ് ജില്ലാ കലക്‌ടറുടെ നിര്‍ദേശപ്രകാരം കമ്പനിയുടെ അറിവോടും സമ്മതത്തോടും കൂടി ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കലക്‌ടര്‍ അളന്നുതിരിച്ചു മാറ്റിയിട്ടുണ്ട്. റവന്യൂ അധികൃതരുടെയും വാട്ടര്‍ അഥോറിട്ടിയുടെയും റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതില്‍, കമ്പനി നിയമാനുസൃതം കൈവശം വയ്‌ക്കാവുന്ന സ്‌ഥലത്തേക്കാള്‍ കൂടുതല്‍ കൈവശംവച്ചതു പുറമ്പോക്കാണെന്നും ഉത്തരവില്‍ വ്യക്‌തമാക്കുന്നു.








