കോഴിക്കോട്: ജനസമ്പര്‍ക്ക പരിപാടിയില്‍ ഓണ്‍ ദ് സ്‌പോട്ട്‌പരിഹാരം ലഭിച്ചവര്‍ ഭാഗ്യവാന്മാര്‍! മറ്റുള്ളവരുടെ പരാതികളില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടും പരിഹാരമില്ല. മുഖ്യമന്ത്രി നേരിട്ടു നല്‍കിയ പല ഉത്തരവുകളും നിയമപ്രകാരം നിലനില്‍ക്കില്ലെന്ന് ഉദ്യോഗസ്‌ഥര്‍. ആവശ്യമില്ലാത്ത നടപടിക്രമങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു വീണ്ടും ചിലപരാതികളില്‍ മുഖ്യമന്ത്രി ഇടപെട്ടിട്ടും ഫലമില്ല.
ജനസമ്പര്‍ക്കം വിജയിപ്പിച്ചു കൈയടി നേടിയ ഉദ്യോഗസ്‌ഥര്‍ തന്നെ നിയമതടസം പറഞ്ഞു പഴയപടി അപേക്ഷകള്‍ ഫയലില്‍ പൂഴ്‌ത്തുന്നതു വിരോധാഭാസമായി. മുഖ്യമന്ത്രി ഒറ്റവരിയിലെഴുതി ഒപ്പിട്ട ഒരു കടലാസിന്റെ മാത്രം അടിസ്‌ഥാനത്തില്‍ ഔദ്യോഗിക കാര്യങ്ങള്‍ ചെയ്ാനാവില്ലെന്നാണ് ഉദ്യോഗസ്‌ഥരുടെ കടുത്ത നിലപാട്. അതുകൊണ്ടു മുഖ്യമന്ത്രി തീര്‍പ്പാക്കാന്‍ നിര്‍ദേശിച്ച അപേക്ഷകളില്‍ ഭൂരിഭാഗവും മാസങ്ങളായി ഫയലുകളില്‍ ഉറങ്ങുന്നു.
പട്ടയം, ബി.പി.എല്‍.കാര്‍ഡ്, ചികിത്സാ സഹായം, വിദ്യാഭ്യാസ ധനസഹായം, ക്ഷേമപദ്ധതികളില്‍ പരിഗണിക്കല്‍, ജനന, ജാതി സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ളതായിരുന്നു ജനസമ്പര്‍ക്ക പരാതികളിലധികവും. പലവിധ നൂലാമാലകളില്‍ കുരുങ്ങി ഒടുവില്‍ അവസാന ആശ്രയമെന്ന നിലയിലാണ് ഇവ മുഖ്യമന്ത്രിക്കുമുമ്പില്‍ എത്തിച്ചത്. ജനനസര്‍ട്ടിഫിക്കറ്റ് അപേക്ഷകളിലടക്കം പലപ്പോഴും പോലീസ് വെരിഫിക്കേഷന്റെ റിപ്പോര്‍ട്ടും വില്ലേജ് ഓഫീസര്‍ മുതല്‍ സബ് കലക്‌ടര്‍ വരെയുള്ളവരുടെ സാക്ഷ്യപത്രവും ലഭിച്ചാല്‍ മാത്രമേ നടപടി പൂര്‍ത്തിയാക്കാന്‍ കഴിയൂ എന്ന ശാഠ്യത്തിലാണ് അധികൃതര്‍.
ജനസമ്പര്‍ക്കപരിപാടിയില്‍ ഓണ്‍ലൈനായി സ്വീകരിച്ച പരാതികളിലെടുത്ത തീരുമാനങ്ങള്‍ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ നടപ്പാക്കണമെന്നായിരുന്നു നേരത്തേ മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഇതിന്റെ പ്രശ്‌നങ്ങള്‍ കലക്‌ടര്‍മാര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയതിന്റെ അടിസ്‌ഥാനത്തില്‍ വകുപ്പുകളിലേക്ക് അയച്ച പരാതികളില്‍ യുക്‌തമായ സമയപരിധി സ്വീകരിച്ച് നടപടിയെടുക്കണമെന്നും നിയമപരമായി ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ തന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.
ജനസമ്പര്‍ക്ക പരിപാടിയില്‍ എത്തിയ പരാതികളില്‍ പരിഹാരത്തിനു മുഖ്യമന്ത്രി നിര്‍ദേശിച്ചവയില്‍ ഏറിയ കൂറും വില്ലേജാഫീസിലോ താലൂക്ക് ഓഫീസിലോ പഞ്ചായത്ത് നഗരസഭാ ഓഫീസുകളിലോ തീര്‍പ്പാക്കേണ്ടവയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു നല്‍കാനാവുന്ന സഹായത്തിനപ്പുറം ഫലത്തില്‍ ജനസമ്പര്‍ക്ക പരിപാടിയിലെ ഫയലുകള്‍ തീര്‍പ്പാകുന്നില്ലെന്നതാണു വസ്‌തുത.







