കണ്ണൂര്‍ സര്‍വകലാശാല വിസിക്കെതിരെയുള്ള വിവരാവകാശ രേഖകള്‍ ശേഖരിച്ച മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ക്ക് മര്‍ദ്ദനം. പെന്‍ഷന്‍ തടഞ്ഞുവച്ചത് അന്വേഷിക്കാനായി യൂണിവേഴ്‌സിറ്റിയിലെത്തിയ തന്നെ ഒരു സംഘം മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ സുധീര്‍ ചന്ദ്രന്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി വ്യാജരേഖ ഉപയോഗിച്ച് പിഎച്ച്ഡി സമ്പാദിച്ചതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിവരാവകാശ നിയമപ്രകാരം രേഖകള്‍ ശേഖരിച്ചയാളാണ് സുധീര്‍ ചന്ദ്രന്‍. വിസിക്കെതിരേ ഗവര്‍ണര്‍ക്ക് പരാതി നല്‍കുകയും നിരന്തര നിയമപോരാട്ടം നടത്തുകയും ചെയ്ത തന്നോടുള്ള പ്രതികാര നടപടിയുടെ ഭാഗമായാണ് മര്‍ദ്ദനമെന്ന് അദ്ദേഹം പറഞ്ഞു.
സര്‍വകലാശാല വിസി അനധികൃതമായി കാറില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നത് സംബന്ധിച്ച രേഖകള്‍ക്കായി ഇദ്ദേഹം അപേക്ഷ നല്‍കിയിരുന്നു. നിരവധി വിവരാവകാശ അപേക്ഷകളും ഇദ്ദേഹം യൂണിവേഴ്‌സിറ്റിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ തന്റെ പെന്‍ഷന്‍ ആനുകൂല്യങ്ങളും യൂണിവേഴ്‌സിറ്റി തടഞ്ഞുവെച്ചതായി സുധീര്‍ ചന്ദ്രന്‍ ആരോപിക്കുന്നു. സര്‍വകലാശാലയില്‍ പ്രവേശിക്കുന്നതിന് വിലക്കുള്ള ഇദ്ദേഹം നേരത്തെ വിസിക്കെതിരേ കവിതയെഴുതിയതിന് സസ്‌പെന്‍ഷനിലുമായിട്ടുണ്ട്.







