Home » » ഡി.എല്‍.എഫ്‌. ഫ്‌ളാറ്റ്‌ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് പരിസ്‌ഥിതിവകുപ്പും ആഭ്യന്തരവകുപ്പും രണ്ടുവഴിക്ക്‌.

ഡി.എല്‍.എഫ്‌. ഫ്‌ളാറ്റ്‌ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് പരിസ്‌ഥിതിവകുപ്പും ആഭ്യന്തരവകുപ്പും രണ്ടുവഴിക്ക്‌.

Written By Unknown on Wednesday, 2 July 2014 | 22:00

തിരുവനന്തപുരം: കൊച്ചിയിലെ ചെലവന്നൂര്‍ കായല്‍ കൈയേറി നിര്‍മിച്ച ഡി.എല്‍.എഫ്‌. ഫ്‌ളാറ്റ്‌ സമുച്ചയത്തിന്‌ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട അന്വേഷണകാര്യത്തില്‍ പരിസ്‌ഥിതിവകുപ്പും ആഭ്യന്തരവകുപ്പും രണ്ടുവഴിക്ക്‌. പ്രശ്‌നത്തില്‍ തീരപരിപാലന അഥോറിട്ടി ചെയര്‍മാന്‍ ആരോപണവിധേയനായിരിക്കേ, അഥോറിട്ടി മുമ്പു നിയോഗിച്ച മൂന്നംഗസമിതിയെക്കൊണ്ടുതന്നെ പാരിസ്‌ഥിതികാനുമതിയിലെ സാങ്കേതികപ്രശ്‌നങ്ങള്‍ വീണ്ടും അന്വേഷിപ്പിക്കാനുള്ള നീക്കം വിവാദമാകുന്നു. 

 കേരള സര്‍വകലാശാല ഫിഷറീസ്‌ വിഭാഗം മേധാവി ഡോ. പത്മകുമാര്‍, കൊച്ചി ശാസ്‌ത്രസാങ്കേതിക സര്‍വകലാശാലയിലെ ഡോ. രാമചന്ദ്രന്‍, ശാസ്‌ത്രസാങ്കേതിക-പരിസ്‌ഥിതി കൗണ്‍സില്‍ പ്രിന്‍സിപ്പല്‍ സയിന്റിഫിക്‌ ഓഫീസര്‍ ഡോ. കമലാക്ഷന്‍ കൊക്കല്‍ എന്നിവരടങ്ങിയ സമിതിയുടെ അന്വേഷണം പരിസ്‌ഥിതിമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചതിനു പിന്നാലെ, ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല വിജിലന്‍സ്‌ ഡയറക്‌ടര്‍ക്ക്‌ അന്വേഷണനിര്‍ദേശം നല്‍കി. ഡി.എല്‍.എഫിന്‌ അനുമതി നല്‍കിയതടക്കമുള്ള പരിസ്‌ഥിതിവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍, പാറമടകള്‍ക്കു നല്‍കിയ അനുമതി/ലൈസന്‍സ്‌ എന്നിവ സംബന്ധിച്ച്‌ അടിയന്തരാന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചീഫ്‌ സെക്രട്ടറിയോടും നിര്‍ദേശിച്ചു. കോണ്‍ഗ്രസ്‌ നിയമസഭാ ചീഫ്‌ വിപ്പ്‌ ടി.എന്‍. പ്രതാപന്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര, പരിസ്‌ഥിതിമന്ത്രിമാര്‍ക്കും നല്‍കിയ കത്തിന്റെ അടിസ്‌ഥാനത്തിലാണിത്‌.
 
പ്രശ്‌നം പരിശോധിക്കാന്‍ പത്മകുമാര്‍, രാമചന്ദ്രന്‍, കമലാക്ഷന്‍ എന്നിവരെ തീരപരിപാലന അഥോറിട്ടി നേരത്തേ നിയോഗിച്ചതാണെങ്കിലും പിന്നീടു പിന്‍വലിച്ച്‌ ഫ്‌ളാറ്റ്‌ ഉടമയ്‌ക്ക്‌ അനുകൂലമായ തീരുമാനമെടുക്കുകയായിരുന്നു.
 
അഥോറിട്ടി ചെയര്‍മാന്‍ ആരോപണവിധേയനായിരിക്കേ അതേ സമിതിയെക്കൊണ്ടുതന്നെ വീണ്ടും പരിശോധിപ്പിക്കുന്നതു ശരിയാണോ എന്ന ചോദ്യത്തിന്‌, സമിതിയെ ഒഴിവാക്കിയെന്നല്ലേ ആരോപണമെന്നായിരുന്നു പത്രസമ്മേളനത്തില്‍ മന്ത്രിതിരുവഞ്ചൂരിന്റെ മറുചോദ്യം. ചീഫ്‌ സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണു തീരുമാനമെന്നും 15 ദിവസത്തിനകം സമിതി റിപ്പോര്‍ട്ട്‌ നല്‍കുമെന്നും തിരുവഞ്ചൂര്‍ നിയമസഭയില്‍ വ്യക്‌തമാക്കിയതിനു പിന്നാലെയാണു വിജിലന്‍സ്‌ ഡയറക്‌ടര്‍ക്ക്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല അന്വേഷണനിര്‍ദേശം നല്‍കിയത്‌.
 
ചീഫ്‌ സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട്‌ ഇന്നലെ നിയമസഭയില്‍ വച്ചു. അതിനുമുമ്പ്‌ റിപ്പോര്‍ട്ട്‌ മാധ്യമങ്ങള്‍ക്കു ചോര്‍ന്നതു ഗൗരവതരമാണെന്നു സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‍ ചൂണ്ടിക്കാട്ടി. രഹസ്യം സൂക്ഷിക്കുന്നതിലുണ്ടായ വീഴ്‌ചയില്‍ സ്‌പീക്കര്‍ അമര്‍ഷം രേഖപ്പെടുത്തി. ഇക്കാര്യം അന്വേഷിച്ചു നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്‌തമാക്കി. ചീഫ്‌ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ തീരപരിപാലന അഥോറിട്ടി ചെയര്‍മാന്‍, പരിസ്‌ഥിതി ആഘാത അഥോറിട്ടി ചെയര്‍മാന്‍, അപ്രൈസല്‍ കമ്മിറ്റി മെമ്പര്‍ സെക്രട്ടറി എന്നിവര്‍ക്കെതിരേ പരാമര്‍ശമുണ്ടെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പത്രസമ്മേളനത്തില്‍ വ്യക്‌തമാക്കി. ഇവര്‍ക്കെതിരേ നടപടിയെടുക്കുന്ന കാര്യം മൂന്നംഗസമിതിയുടെ റിപ്പോര്‍ട്ട്‌ വന്നശേഷം ആലോചിക്കും. 2009-നുശേഷം കായല്‍ കൈയേറിയെന്നു സെസിന്റെ പഠനത്തില്‍ കണ്ടെത്തിയിരുന്നു. പാരിസ്‌ഥിതികാനുമതി നല്‍കുന്നതില്‍ നിലവിലുള്ള നിയമങ്ങള്‍ കാറ്റില്‍ പറത്തുകയാണെന്നും മാനദണ്ഡങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെന്നും ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. മുഖ്യമന്ത്രിക്കും ആഭ്യന്തര/പരിസ്‌ഥിതിമന്ത്രിമാര്‍ക്കും നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി. സ്‌ഥലപരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പാലിക്കാറില്ല. നിയമലംഘനത്തിലൂടെ പൊതുമുതല്‍ കൊള്ളയടിക്കപ്പെടാനും കേരളത്തിന്റെ അമൂല്യസമ്പത്ത്‌ നശിപ്പിക്കപ്പെടാനുമാണ്‌ ഇതുമൂലം വഴിയൊരുങ്ങുന്നത്‌. കാലാവസ്‌ഥാവകുപ്പ്‌ ഡയറക്‌ടര്‍ പി. ശ്രീകണ്‌ഠന്‍നായര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മൊഹന്തി എന്നിവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു ഗുരുതര ആരോപണങ്ങളുണ്ട്‌. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നല്‍കിയ ക്വാറി അനുമതികളെക്കുറിച്ചു വിജിലന്‍സ്‌ അന്വേഷണം നടത്തണം. പി. ശ്രീകണ്‌ഠന്‍നായര്‍, പി.കെ. മൊഹന്തി എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ആഭ്യന്തരം/റവന്യൂ/നിയമം/ പൊതുഭരണവകുപ്പ്‌ സെക്രട്ടറിമാരെക്കൊണ്ട്‌ അന്വേഷിപ്പിക്കണം എന്നിവയാണു പ്രതാപന്‍ ഉന്നയിച്ച മറ്റാവശ്യങ്ങള്‍.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.