കൊച്ചി: സോളാര്‍ തട്ടിപ്പ് കേസുകളുടെ അന്വേഷണം സി.ബി.ഐക്ക് കൈമാറേണ്ട ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. തട്ടിപ്പില്‍ സര്‍ക്കാരിന് സാമ്പത്തിക നഷ്‌ടം ഉണ്ടായിട്ടില്ലെന്നും കേസ് അന്വേഷണത്തിനെതിരേയോ പ്രതികളെ ഒഴിവാക്കിയെന്നതിനെക്കുറിച്ചോ തട്ടിപ്പിനിരയായവരാരും ആരോപണം ഉന്നയിച്ചിട്ടില്ലെന്നും സര്‍ക്കാരിനുവേണ്ടി കോട്ടയം ഡിവൈ.എസ്.പി: വി. അജിത് കോടതിയില്‍ സമര്‍പ്പിച്ച പത്രികയില്‍ പറയുന്നു.
തട്ടിപ്പുമായി ബന്ധപ്പെട്ട 33 കേസുകളുടെ അന്വേഷണം സി.ബി.ഐക്കു കൈമാറണമെന്നും പ്രതികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ആദായനികുതി വകുപ്പോ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറോ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വിശദീകരിച്ചത്.
33 കേസുകളുടെ അന്വേഷണത്തിനായി രൂപവല്‍ക്കരിച്ച പ്രത്യേക അന്വേഷണ സംഘം 1092 സാക്ഷികളെ ചോദ്യം ചെയ്ുകയും യ1676 രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്‌തു. ഭൂരിഭാഗം കേസുകളിലും വിശ്വാസവഞ്ചന, വഞ്ചന, വ്യാജരേഖ ചമക്കല്‍ എന്നീ കുറ്റങ്ങളാണ് ആരോപിച്ചിട്ടുള്ളത്. കേസുകള്‍ നിലവില്‍ വിചാരണാഘട്ടത്തിലാണ്. ഈ സാഹചര്യത്തില്‍ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന ആവശ്യം നിയമപരമല്ല. തട്ടിപ്പിനിരയായ വ്യക്‌തിയോ പ്രതിയോ അല്ലാത്തതിനാല്‍ അന്വേഷണം മറ്റൊരു ഏജന്‍സിക്കു കൈമാറണമെന്നാവശ്യപ്പെടാന്‍ വി.എസിന് അവകാശമില്ല.
അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ കേസില്‍ നടന്നിട്ടില്ലെന്നും പ്രത്യേക അന്വേഷണസംഘം നടത്തിയ വിശദമായ അന്വേഷണത്തില്‍നിന്നും പ്രതികള്‍ 6.01 കോടി രൂപ സമാഹരിച്ചതായും ഇതില്‍ 5.5 കോടി വ്യക്‌തിപരമായ ആവശ്യങ്ങള്‍ക്കും കമ്പനി നടത്തിപ്പിനുമായി ചെലവഴിച്ചതായും വിശദീകരണ പത്രികയില്‍ പറയുന്നു.
പരാതിക്കാരില്‍ ഒരാളായ ശ്രീധരന്‍ നായരുടെ ആരോപണവുമായി ബന്ധപ്പെട്ട സി.സി.ടി.വി. ദൃശ്യങ്ങള്‍ അടങ്ങുന്ന കമ്പ്യൂട്ടര്‍ ഡിസ്‌ക്കുകള്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും ഫോറന്‍സിക് പരിശോധനയ്‌ക്ക് വിധേയമാക്കുകയും ചെയ്‌തു.
പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ കണ്ടെത്തിയതായും വിശദീകരിച്ചിട്ടുണ്ട്. വി.എസിന്റെ ഹര്‍ജി ചീഫ് ജസ്‌റ്റിസ് ഡോ. മഞ്‌ജുള ചെല്ലൂര്‍, പി.ആര്‍. രാമചന്ദ്രമേനോന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് അടുത്താഴ്‌ചത്തേക്കു മാറ്റി.








