കോഴിക്കോട്: ക്വിറ്റ് ഇന്ത്യാദിനമായ ആഗസ്റ്റ് ഒമ്പതിന് കോര്‍പ്പറേറ്റുകള്‍ ഇന്ത്യ വിടുക എന്ന മുദ്രാവാക്യമുയര്‍ത്തി ജില്ലാ കേന്ദ്രങ്ങളില്‍ സമരസംഗമം സംഘടിപ്പിക്കാന്‍ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
കോര്‍പ്പറേറ്റുകളുടെ ചൂഷണത്തില്‍ നിന്ന് സാധാരണ പൗരന്‍മാരെ സംരക്ഷിക്കേണ്ടതിനുപകരം കോര്‍പ്പറേറ്റുകളുടെ താല്‍പര്യങ്ങള്‍ പ്രയോഗവല്‍ക്കരിക്കുന്നതില്‍ അമിതതാല്‍പര്യമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്നത്. നികുതി ഇനത്തില്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് ലഭിക്കേണ്ട കോടി കണക്കിന് രൂപ എഴുതിത്തള്ളി കോര്‍പ്പറേറ്റുകള്‍ക്ക് വഴിവിട്ട സഹായമാണ് സര്‍ക്കാരുകള്‍ ചെയ്‌ത് കൊടുക്കുന്നത്. ജനങ്ങള്‍ക്ക് പ്രതീക്ഷ വാഗ്‌ദാനം ചെയ്‌തുകൊണ്ട് മോഡി സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളെല്ലാം തന്നെ വിദേശ കുത്തകകളെ പ്രീണിപ്പിക്കുന്നതായിരുന്നു.
കോര്‍പ്പറേറ്റുകളുടെ കൊടിയ ചൂഷണങ്ങള്‍ക്കെതിരെ നടക്കുന്ന ജനാധിപത്യ പ്രതിഷേധങ്ങളെ ഭരണകൂടം അടിച്ചമര്‍ത്തുകയാണ്. സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാമ്പത്തിക സ്രോതസായി പ്രവര്‍ത്തിക്കുന്നത് കോര്‍പ്പറേറ്റുകളും വന്‍കിട മുതലാളിമാരുമാണ്. അതുകൊണ്ടുതന്നെ കുത്തകകള്‍ക്കെതിരായ സമരങ്ങള്‍ പ്രഹസനമാകുകയാണ്. ഈ സാഹചര്യത്തിലാണ് കോര്‍പ്പറേറ്റുകളുടെ ചൂഷണങ്ങള്‍ക്കെതിരായും ഭരണകൂടത്തിന്റെ കോര്‍പ്പറേറ്റ് പ്രീണന സമീപനങ്ങളില്‍ പ്രതിഷേധിച്ചുമാണ് ക്വിറ്റ് ഇന്ത്യാദിനത്തില്‍ എസ്.ഡി.പി.ഐ സമരസംഗമം സംഘടിപ്പിക്കുന്നത്.
സെക്രട്ടറിയേറ്റ് യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സാംകുട്ടി ജേക്കബ്, നാസറുദ്ദീന്‍ എളമരം, എം.കെ മനോജ്‌കുമാര്‍, പി.അബ്‌ദുല്‍ ഹമീദ്, മുവ്വാറ്റുപുഴ അഷ്‌റഫ് മൗലവി, തുളസീധരന്‍ പള്ളിക്കല്‍, വി.ടി ഇഖ്‌റാമുല്‍ ഹക്ക് എന്നിവര്‍ സംസാരിച്ചു.







