തൊടുപുഴ: കെഎസ്‌ആര്‍ടിസി ബസിനുളളില്‍ യാത്രക്കാരനെ വെട്ടിക്കൊലപ്പെടുത്തി. ബൈക്കില്‍ ബസിനെ പിന്തുടര്‍ന്നെത്തിയ അക്രമി ബസ് തടഞ്ഞശേഷം ബസിനുള്ളിലിരുന്ന് ഉറങ്ങുകയായിരുന്ന യാത്രക്കാരനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മാട്ടുപ്പെട്ടി ഇന്‍ഡോ സ്വിസ് പ്രോജക്‌ടിലെ ഡ്രൈവര്‍ സുബ്രഹ്‌മണ്യനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മറയൂര്‍ മാച്ചി വയല്‍ സ്വദേശി വടിവേലുവിനെ പോലീസ് പിടികൂടി.
പത്തു മണിക്ക് ഉടുമലപ്പെട്ടയില്‍ നിന്ന് മൂന്നാറിലേക്കു പുറപ്പെട്ട ബസ് പതിനൊന്നരയോടെ മറയൂര്‍ പിന്നിട്ടപ്പോഴായിരുന്നു സംഭവം. ബസ് ലക്കം വെള്ളച്ചാട്ടത്തിന് സമീപമെത്തിയപ്പോള്‍ ബൈക്കിലെത്തിയ അക്രമി ബസിനെ മറികടക്കുകയും ബൈക്ക് ബസിനു മുന്നില്‍ മറിച്ചിട്ടശേഷം ബസിനുള്ളിലേയ്‌ക്ക് കയി. തുടര്‍ന്ന് കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് മുന്നിലെ സീറ്റിലിരുന്ന് ഉറങ്ങിയിരുന്ന സുബ്രഹ്‌മണ്യനെ വെട്ടുകയായിരുന്നു. വെട്ടേറ്റ സുബ്രഹ്‌മണ്യന്‍ ബസില്‍ നിന്ന് ഇറങ്ങിയോടിയെങ്കിലും പിന്‍തുടര്‍ന്ന അക്രമി വഴിയിലിട്ടും വെട്ടി. വെട്ടേറ്റ സുബ്രഹ്‌മണ്യന്‍ റോഡില്‍ കിടന്ന് ചോര വാര്‍ന്ന് മരിക്കുകയായിരുന്നു. കൊലയ്‌ക്ക് ശേഷം അക്രമി ബൈക്കില്‍ കയറി രക്ഷപ്പെട്ടു.
വടിവേലുവും ഭാര്യയും ഉടുമ്പഞ്ചോലയില്‍ നിന്ന് ഇതേ ബസ്സില്‍ യാത്ര ചെയ്‌തിരുന്നുവെന്ന് പറയപ്പെടുന്നു. മറയൂരില്‍ ഇറങ്ങി ഭാര്യയെ വീട്ടിലാക്കിയ ശേഷം ബൈക്കുമെടുത്ത് ബസിനെ പിന്തുടര്‍ന്നായിരുന്നു അക്രമം. എന്താണ് കൊലപാതക കാരണമെന്ന് വ്യക്‌തമല്ല.
സംഭവ സമയത്ത് ബസില്‍ മുപ്പതോളം യാത്രക്കാരുണ്ടായിരുന്നുവെങ്കിലും അക്രമിയുടെ ഭീഷണിയെ തുടര്‍ന്ന് എല്ലാര്‍ക്കും നോക്കിനില്‍ക്കാനേ സാധിച്ചിരുന്നുള്ളൂ. തുടര്‍ന്ന് കണ്ടക്‌ടര്‍ അറിയിച്ചതനുസരിച്ച് പ്രതിയെ പിന്തുടര്‍ന്ന മറയൂര്‍ പോലീസ് പ്രതിയെ പിടികൂടി. ദേഹാസ്വാസ്‌ഥ്യം പ്രകടിപ്പിച്ച ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.








