തിരുവനന്തപുരം: ട്രഷറിയില്‍നിന്നു ബാങ്കുകളിലേക്കു മാറ്റിയ ഫണ്ടുകള്‍ മടക്കിക്കൊണ്ടുവരണമെന്ന ഉത്തരവ് നിലനില്‍ക്കുമ്പോഴും സര്‍ക്കാര്‍ ഇടപാടുകള്‍ ബാങ്കുകളിലേക്കു മാറ്റുന്നു. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്‌ഥാനത്തിന്റെ അവസ്‌ഥ കൂടുതല്‍ പരിതാപകരമാക്കും ഈ നീക്കം.
ധനവകുപ്പിലെ മുന്‍ മേധാവി വി.പി. ജോയിയുടെ ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ് പൊതുമേഖലാസ്‌ഥാപനങ്ങളിലേയും മറ്റും ഫണ്ട് ട്രഷറിയില്‍നിന്നു ബാങ്കുകളിലേക്കു മാറ്റിയത്. എന്നാല്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ അവസാനം സാമ്പത്തികപ്രതിസന്ധി രൂക്ഷമായപ്പോള്‍ ട്രഷറിയില്‍നിന്നു മാറ്റിയ ഫണ്ടുകള്‍ മടക്കിക്കൊണ്ടുവരണമെന്നു ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. എന്നാല്‍ വന്‍തുക മാറ്റിയ സ്‌ഥാനത്തു മടക്കിക്കൊണ്ടുവന്നതാവട്ടെ 200 കോടി രൂപ മാത്രവും. ഇതിനിടയിലാണ് നിയമസഭയിലെ ട്രഷറി ഇടപാടുകള്‍ തൊട്ടടുത്തുള്ള വികാസ്‌ഭവനിലെ ബാങ്കുകള്‍ വഴിയാക്കിയത്. മുമ്പ് ഇടപാടുകള്‍ക്കുവേണ്ട ഫണ്ട് ജില്ലാ ട്രഷറികളില്‍നിന്നും എടുത്തുകൊണ്ടുവന്ന് ഇവിടെ വച്ചുവിതരണം ചെയ്യുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ട്രഷറി ബില്ലുകള്‍ മാറുന്നുണ്ടെങ്കിലും പണം കൊടുക്കുന്നത് ബാങ്കുകളായിരിക്കും.
ട്രഷറിക്കുപകരം ബാങ്കുകളെ സമീപിക്കുന്നവര്‍ക്ക് അക്കൗണ്ടുകള്‍ തുടങ്ങേണ്ടിവരും. ഈ അക്കൗണ്ടിന്റെ ഈടില്‍ തന്നെ അതിന്റെ പലമടങ്ങ് വായ്‌പ നല്‍കാന്‍ ബാങ്കുകള്‍ തയാറാകുന്നുണ്ട്. ഇതു ട്രഷറി സേവിംഗ്‌സ് ബാങ്കിന് ഉപയോക്‌താക്കളെ നഷ്‌ടപ്പെടുത്തുകയാണ്. ഇങ്ങനെ ട്രഷറിയുടെ സാമ്പത്തികസ്‌ഥിതി മോശമാക്കുന്നതു സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നു ധനവകുപ്പു വൃത്തങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നു.
2000 കോടിയിലേറെ രൂപയാണ് ശമ്പളവും പെന്‍ഷനുമായി പ്രതിമാസം സര്‍ക്കാര്‍ നല്‍കുന്നത്. ഇതു പൂര്‍ണമായും ട്രഷറി വഴിയായിരുന്നെങ്കില്‍ 750 കോടിയെങ്കിലും മിച്ചമുണ്ടാകുമായിരുന്നു. തല്‍ക്കാല ആവശ്യങ്ങള്‍ മുടക്കം കൂടാതെ നടത്താന്‍ സര്‍ക്കാരിന് ഈ തുക വിനിയോഗിക്കാനാവുമായിരുന്നു. എന്നാല്‍ നല്ലശതമാനം സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പളം ബാങ്കുകള്‍ വഴിയാണിപ്പോള്‍. ഇതിനി ട്രഷറിയിലേക്ക് മടക്കിക്കൊണ്ടുവരാമെന്നു ധനവകുപ്പിനുപോലും വിശ്വാസമില്ല. ശമ്പളത്തിന്റെ ഈടില്‍ വന്‍വായ്‌പകള്‍ എടുത്ത ജീവനക്കാരുടെ അക്കൗണ്ട് ബാങ്കുകളില്‍നിന്നു മാറ്റാന്‍ ഉത്തരവിറക്കിയാല്‍പോലും എളുപ്പമല്ല.
നിത്യനിദാന ചെലവുകള്‍ക്ക് മാത്രം മൂന്നുമാസങ്ങള്‍ക്കിടെ 3,700 കോടി രൂപ പൊതുവിപണിയില്‍നിന്നു വായ്‌പയെടുത്തിട്ടുണ്ട്. കേന്ദ്രത്തിന്റെ നിര്‍ദേശപ്രകാരം ഇനി 10,000 കോടി രൂപയോളം മാത്രമേ പൊതുവിപണിയില്‍നിന്ന് വായ്‌പ എടുക്കാനാവുകയുള്ളു.
ഓണത്തിനുള്ള ബോണസ്, പെന്‍ഷനുകള്‍, അഡ്വാന്‍സ്, ഉത്സവബത്ത തുടങ്ങിയ അടുത്തമാസം നല്‍കുന്നതിനായി 3000 കോടിയിലധികംരൂപ കണ്ടെത്തേണ്ടി വരുന്നത് ഈ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കും. ഇതിനും വായ്‌പയെടുക്കേണ്ട സ്‌ഥിതിയായിരിക്കും വരാന്‍ പോകുന്നത്.
എന്നാല്‍ ഇതനുസരിച്ചുള്ള വരുമാന വര്‍ധന ഉണ്ടായിട്ടില്ല. കഴിഞ്ഞ ബജറ്റില്‍ 1500 കോടിയുടെ അധികനികുതി നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പൂര്‍ണമായും ഫലവത്താകുമോയെന്ന കാര്യം സംശയമാണ്. കൂടുതല്‍ വ്യാപാരികള്‍ രജിസ്‌ട്രേഷനില്‍ വന്നിട്ടുണ്ടെങ്കിലും അതനുസരിച്ചുള്ള നികുതി വര്‍ധനയുണ്ടായിട്ടില്ലെന്ന് സി.എ.ജി. തന്നെ കുറ്റപ്പെടുത്തുന്നു. നികുതിവകുപ്പിലേയും ട്രഷറികളിലേയും കമ്പ്യൂട്ടര്‍വല്‍ക്കരണവും ആധുനികവല്‍ക്കരണവും തകര്‍ത്തതാണ് ഇതിന് പ്രധാന കാരണം. ഇതുമൂലം ചെക്ക്‌പോസ്‌റ്റുകളിലൂടെയുള്ള നികുതിവെട്ടിപ്പുകള്‍ വ്യാപകമാകുന്നുണ്ട്. ഇതിനിടയില്‍ ഇന്ധനവിലവര്‍ധനയാണ് സര്‍ക്കാരിന് ആകെ ആശ്വാസം നല്‍കുന്നത്. അതുകൊണ്ടുതന്നെ ഇക്കുറി ഇന്ധനവിലവര്‍ധനയിലെ അധിക നികുതി വേണ്ടെന്നുവയ്‌ക്കില്ലെന്നു സര്‍ക്കാര്‍ വ്യക്‌തമാക്കിക്കഴിഞ്ഞു. ഇതിലൂടെ 500 കോടിയില്‍പരം രൂപയുടെ അധികവരുമാനം ഉണ്ടാകുമെന്നാണു കണക്കാക്കുന്നത്.








