Home » » വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം രംഗത്ത്‌.

വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം രംഗത്ത്‌.

Written By Unknown on Thursday, 17 July 2014 | 03:30

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം രംഗത്ത്‌. ദീര്‍ഘവീക്ഷണമില്ലാത്തതും പരസ്പരബന്ധമില്ലാത്തതുമായ പല നടപടികളും കാരണം വിദ്യാഭ്യാസ വകുപ്പ്‌ കുത്തഴിഞ്ഞിരിക്കുകയാണെന്ന് ‘ഈ ഈജിയന്‍ തൊഴുത്ത് വൃത്തിയാക്കിയേ പറ്റൂ’ എന്ന പേരില്‍ വീക്ഷണം വ്യാഴാഴ്ച പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ പറയുന്നു.
പുതിയ ബാച്ചുകളും സ്കൂളുകളും തുടങ്ങാനുള്ള ഉത്തരവ് കിട്ടാനാണോ കേസ് നടത്തിയതെന്നും വടക്കന്‍ജില്ലകളില്‍ മാത്രം പുതിയ സ്കൂളുകള്‍ തുടങ്ങാനുള്ള വ്യഗ്രതക്ക് മറ്റ് മാനങ്ങള്‍ ഉണ്ടോയെന്നും വീക്ഷണം ചോദിക്കുന്നു. സ്കൂളുകള്‍ തുറന്ന് ഒന്നരമാസമായിട്ടും ഏയ്ഡഡ് സര്‍ക്കാര്‍ മേഖലയില്‍ അസ്വസ്ഥതയാണെന്നും വീക്ഷണം പറയുന്നു. പ്ലസ്ടു സ്കൂളുകള്‍ അനുവദിക്കുന്നത് സംബന്ധിച്ചുണ്ടായ പ്രശ്നങ്ങളും, പാഠപുസ്തകവും വൈകുന്നതും, യൂണിഫോം, ഉച്ചഭക്ഷണം തുടങ്ങിയ വിഷയങ്ങളിലും വീക്ഷണം കണക്കുകള്‍ എണ്ണിയെണ്ണി പറഞ്ഞ് വിദ്യാഭ്യാസ വകുപ്പിനെ വിമര്‍ശിക്കുന്നു.Veekshanam
വിദ്യാഭ്യാസ രംഗത്തെ ആരോഗ്യ പരിപാലനത്തില്‍ വന്ന വീഴ്ചയും വീക്ഷണം ചൂണ്ടിക്കാട്ടുന്നു. എറണാകുളം ജില്ലയില്‍ മാത്രം 718 വിദ്യാലയങ്ങളില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൌകര്യം പോലുമില്ലെന്നും, ഒരു അണ്‍ എയിഡ്ഡ് സ്കൂളില്‍ ഉച്ചഭക്ഷണം പാകം ചെയ്യുന്നത് കക്കൂസിനോട് ചേര്‍ന്നാണെന്നും മുഖപ്രസംഗം പറയുന്നു.
രാഷ്ട്രീയ ലക്ഷ്യവും വ്യക്തിതാല്പര്യങ്ങളും മുന്നില്‍വച്ച് കൊണ്ടുള്ള പ്രശ്ന പരിഹാര ശ്രമങ്ങളാണ് വിദ്യാഭ്യാസ രംഗത്തെ ഇത്രയധികം കലുഷിതമാക്കുന്നതെന്നു മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. എല്ലാവരും കൂടി പരിശ്രമിച്ച് ഈ ഈജിയന്‍ തൊഴുത്ത് ശുദ്ധിയാക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് മുഖപ്രസംഗം അവസാനിക്കുന്നത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.