ഇടുക്കി: ജില്ലയിലേക്കു കഞ്ചാവും ഹാഷിഷും കടത്തുന്ന മാഫിയയെ സഹായിക്കുന്നതു പോലീസ്-എക്‌സൈസ് ഉദ്യോഗസ്‌ഥരെന്നു എക്‌സൈസ് ജോയിന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ട്. പല കേസുകളിലും അന്വേഷണം നടത്താന്‍ കഴിയാത്തത് ഈ മാഫിയയുടെ ഇടപെടല്‍ മൂലമാണെന്നും മധ്യമേഖലാ ജോയിന്റ് കമ്മിഷണര്‍ എക്‌സൈസ് കമ്മീഷണര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കഞ്ചാവ് കടത്തു കേസില്‍ എക്‌സൈസ് പിടികൂടിയ രാജാക്കാട് സ്വദേശിയായ അനിലിന്റെ പരാതിയുടെ അടിസ്‌ഥാനത്തില്‍ കമ്മിഷണര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് റിപ്പോര്‍ട്ട്. തന്നെ കള്ളക്കേസില്‍ കുടുക്കിയെന്നു കാണിച്ചാണ് അനില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചതെന്ന് കമ്മിഷണര്‍ പറയുന്നു.
ഉദ്യോഗസ്‌ഥ മാഫിയയുടെ സഹായത്തോടെയാണ് കഞ്ചാവും ഹാഷിഷ് ഓയിലും എത്തിക്കുന്നത്. ഇടുക്കിയാണ് ഇവരുടെ പ്രധാനകേന്ദ്രം. സത്യസന്ധരായ ഉദ്യോഗസ്‌ഥരെ ഭീഷണിപ്പെടുത്തിയും വിജിലന്‍സിനും ഉന്നതഉദ്യോഗസ്‌ഥര്‍ക്കും കള്ളപരാതികള്‍ നല്‍കിയും നിഷ്‌ക്രിയരാക്കുന്നത് ഇവരാണന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉദ്യോഗസ്‌ഥ സഹായത്തോടെയാണു കഞ്ചാവ് ലോബി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നു നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇടുക്കിയിലെ രാജാക്കാടാണ് ഇവരുടെ പ്രധാനകേന്ദ്രം. ബസ്‌സ്‌റ്റാന്റിനു സമീപമാണ് താവളം. ഉദ്യോഗസ്‌ഥ-കഞ്ചാവ് മാഫിയ ഒത്തുകൂടി പദ്ധതികള്‍ തയാറാക്കുകയും കഞ്ചാവും ഓയിലും മറ്റ് സ്‌ഥലങ്ങളില്‍ എത്തിക്കുകയും ചെയ്യും. പലപ്പോഴും ഏജന്റുമാരാകുന്നതും ഉദ്യോഗസ്‌ഥരാണ്.
തങ്ങളുടെ ലോബികളില്‍ ഒരാളെ പിടികൂടിയാല്‍ കള്ളസാക്ഷികളെ സൃഷ്‌ടിച്ച് രക്ഷിക്കുന്നതും ഈ മാഫിയയാണ്. കച്ചവടത്തിനു മറയായി ഇടയ്‌ക്കിടെ ഇവരുടെ ലോബിയില്‍പ്പെടാത്തവരെ ബലിയാടാക്കി അറസ്‌റ്റ് ചെയ്യിക്കുകയും കള്ളയൊപ്പിട്ട് സാക്ഷികളെ വരെ സൃഷ്‌ടിക്കുകയും ചെയ്യുന്നു. ഇതുസംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ മുമ്പ് സൂചന നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് എക്‌സൈസ് ജോയിന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.








