മലയാളികളുടെ പ്രിയതാരങ്ങളായ സസ്രിയ നസീമും ഫഹദ് ഫാസിലും വിവാഹിതരായി. തിരുവനന്തപുരം കഴക്കൂട്ടത്തുള്ള അല്‍സാജ് കണ്‍വന്‍ഷന്‍ സെന്ററില്‍ ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു വിവാഹ ചടങ്ങുകള്‍ ആരംഭിച്ചത്. ഇരുവരുടെയും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.
പൂര്‍ണ്ണമായും മാതചാരപ്രകാരമായിരുന്നു ചടങ്ങുകള്‍. തുടര്‍ന്ന് താലികെട്ട് ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടന്നു. നസ്രിയയും കുംബവും നേരത്തെ തന്നെ ഹാളില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്ന് മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കല്‍ സല്‍മാനൊപ്പമാണ് ഫഹദ് ഓഡിറ്റോറിയത്തില്‍ പ്രവേശിച്ചത്.
ഓഡിറ്റോറിയത്തിനുള്ളിലും പരിസരങ്ങളിലും കനത്ത പോലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കും ചടങ്ങുകള്‍ നടന്ന ഓഡിറ്റോറിയത്തിനുള്ളിലേയ്‌ക്ക് പ്രവേശനം ലഭിച്ചില്ല. പ്രത്യേക അനുമതി ലഭിച്ച ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മാത്രമാണ് ചടങ്ങുകള്‍ നടക്കവേ ഓഡിറ്റോറിയത്തില്‍ പ്രവേശിക്കാനായത്. മൊബൈല്‍ ഫോണുകളൊന്നും തന്നെ ഓഡിറ്റോറിയത്തിനുള്ളില്‍ പ്രവേശിപ്പിച്ചിരുന്നില്ല.
സിനിമാ രംഗത്തിന് പുറമേ രാഷ്‌ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ നാലായിരത്തോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. എന്നാല്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും അസാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു.
കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍, മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, കെ.ബാബു എന്നിവര്‍ ചടങ്ങിനെത്തിയിരുന്നു. സംവിധായകന്മാരായ പ്രിയദര്‍ശന്‍, ഷാജി കൈലാസ്, സുരേഷ് കുമാര്‍ എന്നിവരും കുടുംബത്തോടൊപ്പമാണ് വിവാഹത്തിനെത്തിയത്. പ്രിയദര്‍ശന്‍, ലിസി പ്രിയദര്‍ശന്‍, സുരേഷ്‌കുമാര്‍, മേനകാ സുരേഷ്, അഹാന കൃഷ്‌ണകുമാര്‍, മീരാനന്ദന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി തുടങ്ങിയവരാണ് സിനിമാരംഗത്തു നിന്നെത്തിയ പ്രമുഖര്‍.
ഫഹദും കുടംബവും രണ്ട് ദിവസം മുന്‍പുതന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു. വിവാഹത്തിന് മുന്നോടിയായുള്ള മൈലാഞ്ചിക്കല്ല്യാണം നടന്നു.അല്‍സാജിലെ നാല് ഹാളുകളാണ് നിക്കാഹിനായി ബുക്ക് ചെയ്‌തിരിക്കുന്നത്. കോഴിക്കോടന്‍ ബിരിയാണിയാണ് നിക്കാഹിനു വിളമ്പിയ പ്രധാന ഭക്ഷണം.








