കണ്ണൂരില്‍ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ കോണ്‍ഗ്രസിനെതിരേ സിപിഐഎമ്മുമായി സഹകരിക്കാന്‍ മുസ്ലീം ലീഗ് നേതൃത്വം തയ്യാറെടുക്കുന്നു. കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് കരിയാട് പഞ്ചായത്ത് ഭരണം നഷ്ടമായതോടെയാണ് ലീഗ് കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്.
തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി കെ സുലേഖ സ്ഥാനം രാജിവെച്ചു. പ്രശ്‌നം പരിഹരിക്കാനായി ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രനെ സമീപിച്ചെങ്കിലും അദ്ദേഹം ഇടപെടാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ലീഗ് ജില്ലാ പ്രസിഡന്റ് കെ എം സൂപ്പി വ്യക്തമാക്കി.
ഇതോടെയാണ് കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസ് ഭരിക്കുന്ന രണ്ട് ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ ഉള്‍പ്പെടെയുള്ള 27 ലീഗ് അംഗങ്ങള്‍ നേതൃത്വത്തെ രാജിസന്നദ്ധത അറിയിച്ചു. എന്നാല്‍ ഇത് സ്വീകരിക്കാത്ത ലീഗ് ജില്ലാ നേതൃത്വം സിപിഐഎമ്മുമായി സഹകരിച്ച് ഇവിടങ്ങളില്‍ കോണ്‍ഗ്രസിനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.
ഇതോടെ കണ്ണൂരിലെ യുഡിഎഫ് സംവിധാനം തകരുകയാണ്. കോണ്‍ഗ്രസും ലീഗും തമ്മില്‍ കാലങ്ങളായി നിലനിന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഡിസിസി നേതൃത്വം ഇടപെടാത്തതാണ് തങ്ങളെ കടുത്ത നടപടിക്ക് പ്രേരിപ്പിക്കുന്നതെന്ന് ലീഗ് വ്യക്തമാക്കുന്നു.








