തിരുവനന്തപുരം: അപ്രതീക്ഷിതമായി വെള്ളിയാഴ്‌ച ഉണ്ടായ കനത്ത മഴയില്‍ കേരളത്തില്‍ കനത്ത നാശം. താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായപ്പോള്‍ മലയോര മേഖലയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വ്യാപക കൃഷിനാശവും സംഭവിച്ചു. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുള്ള കനത്തമഴ തിങ്കളാഴ്‌ച വരെ തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം വ്യക്‌തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം കോഴിക്കോട് ജില്ലകളിലെ മലയോര പ്രദേശങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായത് ഗതാഗത സംവിധാനങ്ങള്‍ താറുമാറാക്കിയപ്പോള്‍ താഴ്‌ന്ന പ്രദേശങ്ങളില്‍ പലയിടത്തും റോഡുകളില്‍ വെള്ളം കയറി. എല്ലാ ജില്ലകളിലും തന്നെ ജില്ലാ ഭരണാധികാരികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. തിരുവനന്തപുരത്തിന്റെ തീരപ്രദേശങ്ങളില്‍ നിന്നും ജനങ്ങളോട് മാറിതാമസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കിഴക്കന്‍ മേഖലയായി പൊന്മുടി, ബോണക്കാട്, കൊല്ലം ജില്ലയിലെ തെന്മല എന്നിവിടങ്ങളില്‍ മണ്ണിടിഞ്ഞു. മിക്ക മലയോര പ്രദേശങ്ങളും ഒറ്റപ്പെട്ടിട്ടുണ്ട്. പാലോട് വീട് ഇടിഞ്ഞുവീണു. സാമാന്യം തെരക്കുള്ള ഇരുഞ്ചയം നഗരത്തിലും വെള്ളംകയറി. കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. കരമനയാറും വാമനാപുരം നദിയും കരകവിഞ്ഞൊഴുകകയാണ്. പേപ്പാറ ഡാമില്‍ പരമാവധി പരിധിയേക്കാള്‍ ഒരുമീറ്റര്‍ ഉയരത്തിലായി ജലനിരപ്പ്.
കനത്ത മഴയില്‍ കോട്ടയം ജില്ലയില്‍ ഈരാറ്റുപേട്ട പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ കൈപ്പള്ളി മുട്ടം ഭാഗത്താണ് ഉരുള്‍പൊട്ടി. കനത്ത കൃഷിനാശം സംഭവിച്ചിട്ടുണ്ട്. വൈദ്യുതി ബന്ധം തകര്‍ന്നിരിക്കുകയാണ്. ഈരാറ്റുപേട്ട നടയ്‌ക്കല്‍ ഭാഗത്തും കുന്നോന്നി ലക്ഷംവീടിന് സമീപവും വെള്ളം കയറി. കൈപ്പള്ളി കളത്വ റോഡില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു.
എറണാകുളം ജില്ലയിലെ താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. പത്തനംതിട്ട കോക്കാത്തോട് വനത്തിനുള്ളില്‍ ശക്‌തമായ മഴയെ തുടര്‍ന്ന് ഒറ്റപ്പെട്ടു പോയ 38 പേരെ രക്ഷപ്പെടുത്തി. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഇവരെ ഇന്ന് പുലര്‍ച്ചയോടെ രക്ഷപ്പെടുത്തിയത്.ശക്‌തമായ മലവെള്ളപ്പാച്ചിലില്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും പ്രത്യേക വഞ്ചി തയ്യാറാക്കിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.
കോഴിക്കോടിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും വയനാട് ജില്ലയിലും വ്യാപക മണ്ണിടിച്ചില്‍ ഉണ്ടായി. താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചിലുണ്ടായത് ഗതാഗതം തടസ്സപ്പെടുത്തി. കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശങ്ങളും ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. ഇവിടെ ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. താഴ്‌ന്ന മേഖലയില്‍ ഉള്ളവരെ ഉയര്‍ന്ന പ്രദേശത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. എല്ലാ നദികളും കരകവിഞ്ഞൊഴുകുകയാണ്. ശക്‌തമായ മലവെള്ളപ്പാച്ചിലുണ്ട്. കോഴിക്കോട് നഗരത്തിലെ മാവൂര്‍റോഡ് വെള്ളത്തിലായി.








