Home » » എസ്‌.ഡി.പി.ഐ.പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിയ കേസ്‌ അഞ്ച്‌ പേര്‍ അറസ്റ്റില്‍.

എസ്‌.ഡി.പി.ഐ.പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിയ കേസ്‌ അഞ്ച്‌ പേര്‍ അറസ്റ്റില്‍.

Written By Unknown on Friday, 31 October 2014 | 01:39


പൊന്നാനി : വെളിയങ്കോട്‌ തണ്ണിത്തുറയില്‍ എസ്‌.ഡി.പി.ഐ.പ്രവര്‍ത്തകന്‍ തണ്ണിത്തുറക്കല്‍ ബഷീറിന്റെ (40) കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ അഞ്ച്‌ പേരെ  പൊന്നാനി സി.ഐ.മനോജ്‌ കബീര്‍ അറസ്റ്റ്‌ ചെയ്‌തു.
വെളിയങ്കോട്‌ സ്വദേശികളായ സൈഫുദ്ദീന്‍, ഷറഫുദ്ദീന്‍, സൈഫുദ്ദീന്‍ ഷാ, ഹസന്‍, ഫാസില്‍ എന്നിവരാണു പോലീസിന്റെ പിടിയിലായത്‌. അക്രമവുമായി പ്രതികള്‍ക്കു നേരിട്ടു ബന്ധമുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു.
സി.പി.എം. പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൈപ്പത്തി അറ്റുപോയ ബഷീര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഇയാളുടെ അറ്റുപോയ കൈപ്പത്തി രണ്ട്‌ ശസ്‌ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു. ബുധനാഴ്‌ച രാത്രി എട്ടോടെയാണ്‌ ഒരു സംഘം സി.പി.എം.പ്രവര്‍ത്തകര്‍ തണ്ണിത്തുറയില്‍ വച്ച്‌ ബൈക്കില്‍ വരുകയായിരുന്ന ബഷീറിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്‌.
കൂടെ യാത്രചെയ്‌തിരുന്ന ബന്ധു തണ്ണിത്തുറക്കല്‍ ഇല്യാസിനും ആക്രമണത്തില്‍ പരിക്കേറ്റു. കൂടുതല്‍ അക്രമസംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പോലീസ്‌ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്‌.
കഴിഞ്ഞ ഒരാഴ്‌ചയായി പ്രദേശത്ത്‌ എസ്‌.ഡി.പി.ഐ., സി.പി.എം. സംഘര്‍ഷാവസ്ഥ നിലവിലുണ്ട്‌. എസ്‌.ഡി.പി.ഐ.യുടെ കൊടിതോരണങ്ങള്‍ സി.പി.എം.പ്രവര്‍ത്തകര്‍ നശിപ്പിക്കുന്നതാണ്‌ സംഘര്‍ഷത്തിനിടയാക്കിയത്‌. ആക്രമണം സി.പി.എം.നേതൃത്വത്തിന്റെ അറിവോടെയല്ലെന്നാണ്‌ പോലീസിന്റെ വാദം.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.