തിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ധനമന്ത്രി കെ.എം. മാണിയുടെ ഉറ്റബന്ധുവിന്റെ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ പരിശോധിക്കാന്‍ വിജിലന്‍സ് പ്രത്യേക സംഘം തീരുമാനിച്ചതായി സൂചന. കേസില്‍ പ്രതിയായ കെ.എം. മാണിയെ പ്രത്യേകസംഘം വിശദമായി ചോദ്യം ചെയ്യും.
കോഴയായി ലഭിച്ച പണം ബന്ധുവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിെച്ചന്ന് വിജിലന്‍സിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് അസാധാരണ നീക്കത്തിന് പ്രത്യേക സംഘം ഒരുങ്ങുന്നത്. കേസില്‍ ബാഹ്യശക്‌തികളുടെ ഇടപെടല്‍ വകവയ്‌ക്കേണ്ടതില്ലെന്ന് വിജിലന്‍സ് ഡയറക്‌ടര്‍ വിന്‍സന്‍ എം. പോള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.മാണിയുടെ പഴ്‌സണല്‍ സ്‌റ്റാഫംഗങ്ങളെയും ചോദ്യം ചെയ്യും.
തലസ്‌ഥാനത്തെ ഔദ്യോഗിക വസതിയിലും പാലായിലെ വസതിയിലും തെളിവെടുപ്പ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. ബിജു രമേശ് കോഴയാരോപണം ഉന്നയിച്ച ദിവസങ്ങളില്‍ മാണിയോ ബന്ധുക്കളോ വന്‍ തുക നിക്ഷേപം നടത്തിയിട്ടുണ്ടോ എന്നും വിജിലന്‍സ് പരിശോധിക്കും.
മാണിയുടെയും ഒരു പഴ്‌സണല്‍ അസിസ്‌റ്റന്റിന്റെയും ഫോണ്‍ വിളികളുടെ വിശദവിവരങ്ങള്‍ നല്‍കണമെന്ന് മൊബൈല്‍ സേവനദാതാക്കളോട് ആവശ്യപ്പെടും. ബിജു രമേശ് കഴിഞ്ഞ ദിവസം പുതുതായി ഉയര്‍ത്തിയ ആരോപണങ്ങളെക്കുറിച്ച് രഹസ്യാന്വേഷണം നടത്താനും വിജിലന്‍സ് ആലോചിക്കുന്നുണ്ട്.








