തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറിതലം വരെയുള്ള വിദ്യാര്‍ഥികള്‍ക്കു ഫെബ്രുവരി ഒന്നുമുതല്‍ കെ.എസ്.ആര്‍.ടി.സിയില്‍ സമ്പൂര്‍ണ യാത്രാസൗജന്യം അനുവദിക്കുമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. നിലവില്‍ കെ.എസ്.ആര്‍.ടി.സിയില്‍ നിരക്കിളവ് ആനുകൂല്യം ലഭിക്കുന്ന 1,30,000 വിദ്യാര്‍ഥികള്‍ക്കാണു യാത്ര സമ്പൂര്‍ണ സൗജന്യമാക്കുകയെന്ന് അദ്ദേഹം നിയമസഭയില്‍ വ്യക്‌തമാക്കി.
മലബാര്‍ മേഖലയില്‍ നിന്നുള്ള ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും നിലവില്‍ ആനുകൂല്യം കിട്ടുന്നില്ലെന്നിരിക്കെ സമ്പൂര്‍ണ സൗജന്യം അവര്‍ക്കു നഷ്‌ടമാകുമെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചു. ഏതൊക്കെ ജില്ലയില്‍ നിന്നുള്ള കുട്ടികള്‍ക്കാണ് ആനുകൂല്യം ലഭിച്ചുവരുന്നതെന്നു കണ്ടെത്താന്‍ നിര്‍വാഹമില്ലാത്ത സാഹചര്യത്തില്‍ നിലവില്‍ ആനുകൂല്യം കിട്ടിക്കൊണ്ടിരിക്കുന്നവരെ മാത്രമേ പരിഗണിക്കാനാവൂ എന്നു മന്ത്രി വ്യക്‌തമാക്കി.
ഒരു ദിവസം രണ്ടു തവണയാണു വിദ്യാര്‍ഥികള്‍ക്കു സൗജന്യയാത്ര അനുവദിക്കുക. ഇതിനായി എല്ലാ കുട്ടികള്‍ക്കും അതതു സ്‌കൂളുകളില്‍ നിന്ന് ഒരു വര്‍ഷത്തേക്കു പ്രത്യേകം കാര്‍ഡ് വിതരണം ചെയ്യും. ഈ കാര്‍ഡിനു പത്തു രൂപ ഈടാക്കും. ഒരു വര്‍ഷത്തേക്കു പരീക്ഷണാടിസ്‌ഥാനത്തിലാണു സൗജന്യയാത്ര നടപ്പാക്കുന്നതെന്നും വിജയകരമായാല്‍ തുടരുമെന്നും മന്ത്രി വിശദീകരിച്ചു.
ഇത്തരത്തില്‍ യാത്രാ സൗജന്യം അനുവദിക്കുന്നതിലൂടെ കെ.എസ്.ആര്‍.ടി.സിക്കുണ്ടാകുന്ന അധികബാധ്യത എത്രയെന്നു വ്യക്‌തമാക്കാന്‍ സി.പി.എം.നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്‌ണന്‍ ആവശ്യപ്പെട്ടെങ്കിലും മന്ത്രി വ്യക്‌തമായ മറുപടി പറഞ്ഞില്ല. ഡീസലിന്റെ വിലയിടിവിനെത്തുടര്‍ന്നു നിലവില്‍ കെ.എസ്.ആര്‍.ടി.സി.ഒരു ലിറ്റര്‍ ഡീസല്‍ അടിക്കുമ്പോള്‍ ലാഭമായി കിട്ടുന്ന 16.5 ലക്ഷം രൂപ കുട്ടികള്‍ക്കുള്ള യാത്രാസൗജന്യത്തിനായി വിനിയോഗിക്കുമെന്നു മന്ത്രി പറഞ്ഞു. ബി.പി.എല്‍.വിഭാഗം, പെണ്‍കുട്ടികള്‍, പട്ടികവര്‍ഗവിഭാഗം, സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്നവര്‍ എന്നിവര്‍ക്കു യാത്രാസൗജന്യം അനുവദിക്കുന്നതില്‍ മുന്‍ഗണന നല്‍കും. രാജ്യത്ത് ആദ്യമായാണ് ഇങ്ങനെ സൗജന്യം നടപ്പാക്കുന്നത്. കുട്ടികള്‍ക്ക് ഈ സൗജന്യം ലഭിച്ചേ തീരൂ. അതൊരു സാമൂഹ്യമായ ബാധ്യതയാണ്. എത്രയോ പതിറ്റാണ്ടായി നമ്മള്‍ യാത്രാസൗജന്യത്തിനു വേണ്ടി സമരം ചെയ്യുന്നു. ഇവിടെ ഇരിക്കുന്നതില്‍ 90 ശതമാനം പേരും വിദ്യാര്‍ഥി രാഷ്‌്രടീയത്തിലൂടെ വന്നവരാണ്. അവരെല്ലാം വിദ്യാര്‍ഥികളുടെ യാത്രാസൗജന്യത്തിനായി സമരം ചെയ്‌തിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിക്ക് എത്ര സാമ്പത്തികക്ലേശം ഉണ്ടായാലും സമ്പൂര്‍ണസൗജന്യം അനുവദിക്കാന്‍ തന്നെയാണ് തീരുമാനമെന്നു മന്ത്രി വ്യക്‌തമാക്കി.








