തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണിക്കെതിരെ കടുത്ത ആരോപണവുമായി ബാര്‍ ഉടമ ബിജു രമേശ് വീണ്ടും രംഗത്ത്. ക്വാറി, ജൂവലറി, ബേക്കറി ഉടകളില്‍നിന്നു മന്ത്രി മാണി കോടികള്‍ വാങ്ങിയെന്നും അതുമായി തട്ടിച്ചു നോക്കുമ്പോള്‍ ബാര്‍ കോഴ ചെറുതാണെന്നും ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ ബിജു രമേശ് ആരോപിച്ചു. ക്വാറി ഉടമകളില്‍നിന്നു മാണി 10 കോടി വാങ്ങിയെന്നും മൈദയ്‌ക്കു നികുതി ഒഴിവാക്കിയത് ഉത്തരേന്ത്യന്‍ മൈദ ലോബിയുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്‌ഥാനത്തിലാണെന്നും ബിജു രമേശ് ആരോപിച്ചു.
ബാര്‍ കോഴയില്‍ മാണി നേരിട്ടാണു പണം വാങ്ങിയതെന്നും മൂന്നു കോടിയോളം രൂപയുടെ കൈമാറ്റം നടന്നിട്ടുള്ളതായാണു തന്റെ അറിവെന്നും അദ്ദേഹം പറഞ്ഞു. മാണിയെ മന്ത്രിസ്‌ഥാനത്തുനിന്നു മാറ്റിനിര്‍ത്തി സമഗ്ര അന്വേഷണം വേണമെന്നും ബാര്‍ കോഴയുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അതു സമയമാകുമ്പോള്‍ അന്വേഷണ സംഘത്തിന്റെ മുന്നില്‍ ഹാജരാക്കുമെന്നും ബിജു രമേശ് പറഞ്ഞു.







