കൊല്ലം: വാളകം കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള സി.ബി.ഐയുടെ തീരുമാനത്തിൽ ദുരൂഹതയുണ്ടെന്ന് അക്രമത്തിനിരയായ അദ്ധ്യാപകൻ കൃഷ്ണകുമാർ പറയുന്നു. നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് സി.ബി.ഐ ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. മറുപടി ലഭിക്കും മുമ്പാണ് അന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനം.
എസ്.പി രഘുകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കൃഷ്ണകുമാറിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. അന്വേഷണം പുരോഗമിക്കവേ എസ്.പിയെ സ്ഥലംമാറ്റി. പിന്നീട് അന്വേഷിച്ച എ.എസ്.പി നന്ദകുമാറിനെയും സ്ഥലംമാറ്റി. എസ്.പി ജോസ് മോഹന്റെയും ഡിവൈ.എസ്.പി ഹരികുമാറിന്റെയും നേതൃത്വത്തിൽ അന്വേഷണം പുനരാരംഭിച്ചെങ്കിലും ശരിയായ ദിശയിലായിരുന്നില്ലെന്ന് കൃഷ്ണകുമാർ പറയുന്നു.
സി.ബി.ഐ സംഘത്തിൽ തുടക്കം മുതലുണ്ടായിരുന്നവരെ എല്ലാം മാറ്റി. പിന്നീട് കേരള പൊലീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ മൂന്ന് പേരെ അന്വേഷണസംഘത്തിൽ തിരുകിക്കയറ്റി. ഇവർ ഭരണകക്ഷിയിലെ പ്രമുഖരുമായി ബന്ധമുള്ളവരാണ്. പ്രതികളെന്ന് ആരോപിക്കപ്പെട്ടവരെ ചോദ്യം ചെയ്യാൻ ഒരു തവണ മാത്രമാണ് പുതിയ സംഘം ശ്രമിച്ചത്. എന്നാൽ ബാംഗ്ളൂരിലും തിരുവനന്തപുരത്തുമൊക്കെ വിളിച്ചുവരുത്തി കൃഷ്ണകുമാറിനെ നാല്പത് തവണ ചോദ്യം ചെയ്തു. പരമാവധി ബുദ്ധിമുട്ടിച്ച് കേസിൽ നിന്ന് പിന്തിരിപ്പിക്കാനായിരുന്നു ഇതെന്നാണ് കൃഷ്ണകുമാർ പറയുന്നത്.
പ്രതികളെന്ന് ആരോപിക്കപ്പെട്ടവരെ സാക്ഷിമൊഴി ഉണ്ടായിരുന്നിട്ടുകൂടി നുണ പരിശോധന നടത്താൻ സി.ബി.ഐ താത്പര്യമെടുത്തില്ല. പകരം കൃഷ്ണകുമാറിനെയും ഭാര്യയെയും ഭാര്യാ സഹോദരനെയും നുണപരിശോധനയ്ക്ക് നിർബന്ധിച്ചു. രേഖാമൂലം വിയോജിപ്പ് അറിയിച്ചപ്പോൾ സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് അന്വേഷണം നിറുത്താനാണ് സി.ബി.ഐ തീരുമാനം. ഇതിനെതിരെ പ്രധാനമന്ത്രിക്കും സി.ബി.ഐ ഡയറക്ടർക്കും പരാതി നൽകുമെന്ന് കൃഷ്ണകുമാർ പറഞ്ഞു.









