Home » » ജനസഭ ഏപ്രില്‍ 20 മുതല്‍; സ്വാഗതസംഘങ്ങളായി

ജനസഭ ഏപ്രില്‍ 20 മുതല്‍; സ്വാഗതസംഘങ്ങളായി

Written By Unknown on Thursday, 19 March 2015 | 17:15

കോഴിക്കോട്; കോഴിക്കോട്‌ സൗത്ത്‌ നിയോജകമണ്ഡലത്തിന്റെ സമഗ്രവികസനവും ജനക്ഷേമവും ലക്ഷ്യമിട്ട്‌ പഞ്ചായത്ത്‌-സാമൂഹ്യനീതിവകുപ്പ്‌ ഏപ്രിലില്‍ സംഘടിപ്പിക്കുന്ന രണ്ടാംഘട്ട ജനസഭയ്‌ക്കായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. വകുപ്പ്‌ മന്ത്രിയും മണ്ഡലം എം.എല്‍.എയുമായ ഡോ. എം.കെ മുനീറിന്റെ നേതൃത്വത്തില്‍ നാടിന്റെ വികസനവുമായും ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങളുമായും ബന്ധപ്പെട്ട പരാതികള്‍ നേരിട്ട്‌ സ്വീകരിച്ച്‌ തല്‍സമയം തീര്‍പ്പ്‌കല്‍പ്പിക്കുന്ന പരിപാടിയാണിത്‌.
ഏപ്രില്‍ 20ന്‌ പന്നിയങ്കര, പയ്യാനക്കല്‍, 23ന്‌ പുതിയറ, കോവൂര്‍, 25ന്‌ കുറ്റിച്ചിറ, കിണാശ്ശേരി എന്നിങ്ങനെ ആറു മേഖലകളിലായി സംഘടിപ്പിക്കുന്ന ജനസഭകളുടെ വിജയത്തിനായി സ്വാഗതസംഘങ്ങള്‍ നിലവില്‍വന്നുകഴിഞ്ഞു. കൗണ്‍സിലര്‍മാരായ സുധാമണി (പന്നിയങ്കര), പി.വി അവറാന്‍ (പയ്യാനക്കല്‍), കെ ശ്രീകുമാര്‍ (പുതിയറ), മീരാ ദര്‍ശക്‌ (കോവൂര്‍), കെ.പി അബ്ദുല്ലക്കോയ (കുറ്റിച്ചിറ), കെ.ടി ബീരാന്‍ കോയ (കിണാശ്ശേരി) എന്നിവര്‍ ചെയര്‍പേഴ്‌സണ്‍മാരായാണ്‌ സ്വാഗതസംഘത്തിന്‌ രൂപം നല്‍കിയത്‌.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കീഴിലുള്ള ക്ഷേമപദ്ധതികള്‍ക്ക്‌ അനുയോജ്യരായ ഗുണഭോക്താക്കളെ കണ്ടെത്തുകയും ഗ്രാമസഭയുടെ ലക്ഷ്യമാണ്‌. മണ്ഡലത്തെ ലഹരി-മാലിന്യ മുക്തമാക്കുന്നതിന്‌ ശുചിത്വമിഷന്‍, കുടുംബശ്രീ, മണ്ഡലം ശുചിത്വസേന, എന്‍.എസ്‌.എസ്‌, എക്‌സൈസ്‌, പോലീസ്‌ വിഭാഗങ്ങള്‍ എന്നിവയുമായി ചേര്‍ന്ന്‌ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ജനസഭയുടെ ഭാഗമായി നടത്തും. ഇതോടൊപ്പം മണ്ഡലത്തെ വ്യവഹാരമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ നിയമ അദാലത്തും ജനസഭയോടനുബന്ധിച്ച്‌ സംഘടിപ്പിക്കുന്നുണ്ട്‌. കേരള ലീഗല്‍ സര്‍വീസ്‌ അതോറിറ്റി, വനിതാ കമ്മീഷന്‍, ചൈല്‍ഡ്‌ റൈറ്റ്‌സ്‌ കമ്മീഷന്‍ എന്നിവയുമായി സഹകരിച്ചാണ്‌ ആറ്‌ മേഖലകളിലും നിയമ അദാലത്ത്‌ നടത്തുക.
അദാലത്തുമായി ബന്ധപ്പെട്ട പരാതികളും ക്ഷേമപദ്ധതികള്‍ക്കുള്ള അപേക്ഷകളും സമീപത്തെ അംഗണവാടി സെന്റര്‍, സ്വാഗതസംഘം ഓഫീസ്‌ എന്നിവയിലോ വാര്‍ഡ്‌ കൗണ്‍സിലര്‍മാര്‍ വഴിയോ മാര്‍ച്ച്‌ 30നകം നല്‍കണമെന്ന്‌ മണ്ഡലം കണ്‍വീനര്‍ കെ. മൊയ്‌തീന്‍ കോയ അറിയിച്ചു.
2013ല്‍ മണ്ഡലത്തെ ആറ്‌ മേഖലകളാക്കി തിരിച്ച്‌ നടത്തിയ ജനസഭയുടെ രണ്ടാംഘട്ടമാണ്‌ ഏപ്രിലില്‍ നടക്കുന്നത്‌. അന്ന്‌ ലഭിച്ച പരാതികള്‍ക്ക്‌ കൗണ്‍സിലര്‍മാരുടെയും വകുപ്പ്‌ ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ സത്വര പരിഹാരം കണ്ടെത്താന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ്‌ അണിയറ പ്രവര്‍ത്തകര്‍. വിവിധ വകുപ്പ്‌ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സെല്‍ രൂപീകരിച്ചായിരുന്നു അതിസങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക്‌ അന്ന്‌ പരിഹാരം കണ്ടെത്തിയത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.