Home » » മരാമത്തുവകുപ്പിലെ അഴിമതി;ഇബ്രാഹിംകുഞ്ഞിനെതിരേ കെ.ബി. ഗണേഷ്‌കുമാര്‍.

മരാമത്തുവകുപ്പിലെ അഴിമതി;ഇബ്രാഹിംകുഞ്ഞിനെതിരേ കെ.ബി. ഗണേഷ്‌കുമാര്‍.

Written By Unknown on Monday, 30 March 2015 | 20:16

തിരുവനന്തപുരം: മരാമത്തുവകുപ്പിലെ അഴിമതിയുമായി ബന്ധപ്പെട്ടു മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരേ കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ. ലോകായുക്‌തയില്‍ മൊഴി നല്‍കി. മന്ത്രിയുടെയും പഴ്‌സണല്‍ സ്‌റ്റാഫിന്റെയും ആദായനികുതിവിവരമുള്‍പ്പെടെ പരിശോധിച്ചാല്‍ കോടികളുടെ അഴിമതി പുറത്തുവരുമെന്നും ആയിരത്തിന്റെ നോട്ടുകെട്ടുകള്‍കൊണ്ടു ചിലര്‍ വായ മൂടിക്കെട്ടാന്‍ ശ്രമിക്കുകയാണെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. 10 കോടിയുടെ അഴിമതിയുമായി ബന്ധപ്പെട്ട്‌ വയനാട്‌ സി.വി.ജി. റോഡ്‌ നിര്‍മാണത്തിന്റെ ചിത്രങ്ങളും അദ്ദേഹം ലോകായുക്‌തയില്‍ ഹാജരാക്കി. ലോകായുക്‌തയില്‍ സമര്‍പ്പിച്ച രേഖകള്‍ തന്റെ മാനത്തിന്റെയും ജീവന്റെയും വിലയാണെന്നും പറഞ്ഞു.
മരാമത്തുവകുപ്പിലെ കരാര്‍ ഇടപാടുകള്‍, പ്രോജക്‌ട്‌ കണ്‍സള്‍ട്ടന്‍സി വഴി സര്‍ക്കാരിനുണ്ടായ സാമ്പത്തികനഷ്‌ടം എന്നിവ സംബന്ധിച്ച രേഖകളാണു ഗണേഷ്‌ ഹാജരാക്കിയത്‌. 1983-84 കാലഘട്ടത്തില്‍ ഇബ്രാഹിംകുഞ്ഞ്‌ എറണാകുളത്തു പുറംകരാറുകാരന്റെ മസ്‌ദൂര്‍ ജീവനക്കാരനായിരുന്നെന്നു ചൂണ്ടിക്കാട്ടിയാണു ഗണേഷിന്റെ മൊഴിയുടെ തുടക്കം. കടങ്ങല്ലൂര്‍ പഞ്ചായത്തിലെ കോണിക്കോ ബിനാനി സിങ്ക്‌ ലിമിറ്റഡില്‍ പുറംപണി ചെയ്‌തിട്ടുണ്ട്‌. 1991-ല്‍ ഫോറസ്‌റ്റ്‌ ഇന്‍ഡസ്‌ട്രീസ്‌ ട്രാവന്‍കൂര്‍ ചെയര്‍മാനായി. ഇക്കാലത്ത്‌ 1000 രൂപയായിരുന്നു ശമ്പളം.
മന്ത്രിയോ ഭാര്യയോ വിദേശത്തു ജോലി ചെയ്‌തിട്ടില്ല. പൊതുപ്രവര്‍ത്തനമല്ലാതെ മറ്റ്‌ ഇടപാടുകളില്ലെന്നു വ്യക്‌തമാക്കുന്ന മന്ത്രിക്കു പിന്നെങ്ങനെ കോടികളുടെ ആസ്‌തി കൈവന്നു? ഇക്കാര്യം വ്യക്‌തമാകാന്‍ ആദായനികുതിരേഖകള്‍ പരിശോധിക്കണം. മന്ത്രിയുടെ പേരില്‍ ഇപ്പോഴുള്ളതു കുടുംബ ഓഹരിയാണോയെന്ന്‌ അന്വേഷിക്കണം. കൂടുതല്‍ രേഖകള്‍ വിവരാവകാശനിയമപ്രകാരം ആവശ്യപ്പെട്ടിട്ടുണ്ട്‌. മന്ത്രിയുടെ പഴ്‌സണല്‍ സ്‌റ്റാഫില്‍പ്പെട്ട ആര്‍.പി. റഹീം, നാസിമുദ്ദീന്‍, സി.എം. അബ്‌ദുല്‍ റാഫി എന്നിവരുടെ ആദായനികുതിവിവരങ്ങളും പരിശോധിക്കണം. മന്ത്രിയുടെ ഓഫീസിനെതിരേ ആദ്യം ആരോപണമുന്നയിച്ചതു കരാറുകാരുടെ സംസ്‌ഥാനസംഘടനയാണ്‌. മന്ത്രിയുടെ അസിസ്‌റ്റന്റ്‌ പ്രൈവറ്റ്‌ സെക്രട്ടറി വന്‍അഴിമതി നടത്തുന്നുവെന്നായിരുന്നു ആരോപണം. കരാര്‍ നല്‍കാനും ബില്ലുകള്‍ പാസാക്കാനും കോഴ വാങ്ങുന്നതായി ബാബു പാലിശ്ശേരി എം.എല്‍.എ. നിയമസഭയില്‍ ആരോപണമുന്നയിച്ചിരുന്നു.
ഇക്കാര്യത്തില്‍ വിജിലന്‍സ്‌ അന്വേഷണം നടക്കുകയാണെന്നും ആരോപണവിധേയനായ ഉദ്യോഗസ്‌ഥന്‍ അവധിയില്‍ പ്രവേശിച്ചെന്നും നിരീക്ഷണത്തിലാണെന്നുമായിരുന്നുമന്ത്രിയുടെ മറുപടി. എന്നാല്‍, ഇയാള്‍ പിന്നീടും മന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്യുന്നതു കണ്ടിട്ടുണ്ടെന്നു ഗണേഷ്‌ മൊഴി നല്‍കി. അഴിമതിക്കെതിരേ പ്രതികരിക്കുന്നതിനാല്‍ ജീവനു ഭീഷണിയുണ്ടെങ്കിലും പോലീസ്‌ സംരക്ഷണമാവശ്യമില്ല. ആരോപണങ്ങള്‍ ഏപ്രില്‍ 16-നു മുമ്പ്‌ സത്യവാങ്‌മൂലമായി നല്‍കാന്‍ ലോകായുക്‌ത നിര്‍ദേശിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലെ അഴിമതിക്കാരായ മറ്റു മന്ത്രിമാരുടെ പേരുകളും ഉടന്‍ വെളിപ്പെടുത്തുമെന്നു മൊഴി നല്‍കി പുറത്തിറങ്ങിയ ഗണേഷ്‌ മാധ്യമങ്ങളോടു പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.