Home » » രമേശ്‌ ചെന്നിത്തല, കെ. ബാബു, വി.എസ്‌. ശിവകുമാര്‍ എന്നിവര്‍ക്കെതിരേ ബിജുവിന്റെ മൊഴി

രമേശ്‌ ചെന്നിത്തല, കെ. ബാബു, വി.എസ്‌. ശിവകുമാര്‍ എന്നിവര്‍ക്കെതിരേ ബിജുവിന്റെ മൊഴി

Written By Unknown on Monday, 30 March 2015 | 20:21

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം. മാണിക്കുപുറമേ കോണ്‍ഗ്രസ്‌ മന്ത്രിമാരായ രമേശ്‌ ചെന്നിത്തല, കെ. ബാബു, വി.എസ്‌. ശിവകുമാര്‍ എന്നിവര്‍ക്കെതിരേയും ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ്‌ അസോസിയേഷന്‍ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ ബിജു രമേശ്‌ കോടതിയില്‍ മൊഴിനല്‍കി. ഇതില്‍ എക്‌സൈസ്‌ മന്ത്രി കെ. ബാബുവിനെതിരേ വ്യക്‌തമായ തെളിവും ഹാജരാക്കിയതായി ബിജു രമേശ്‌ അവകാശപ്പെട്ടു. മാണി പ്രതിയായ കേസില്‍ മൊഴിനല്‍കാനാണു വിജിലന്‍സ്‌ അന്വേഷണസംഘത്തിന്റെ ആവശ്യപ്രകാരം ബിജു ജുഡീഷ്യല്‍ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ (രണ്ട്‌) കെ. വിഷ്‌ണുവിനു മുമ്പാകെ ഹാജരായത്‌.
എന്നാല്‍, മൂന്നു കോണ്‍ഗ്രസ്‌ മന്ത്രിമാരുടെ പങ്കുകൂടി വ്യക്‌തമാക്കുന്ന മൊഴിയാണു കോടതിക്കു നല്‍കിയതെന്നു ബിജു രമേശ്‌ മാധ്യമങ്ങളോടു പറഞ്ഞു. മാണിക്കുശേഷം ബാബുവിനെ പിടിക്കാനാണ്‌ ഉദ്ദേശിച്ചിരുന്നത്‌. കേസില്‍നിന്നു പിന്മാറാന്‍ കോണ്‍ഗ്രസിന്റെ ഉന്നതനേതാവ്‌ വീട്ടിലെത്തി സമ്മര്‍ദം ചെലുത്തി. ഒരു മന്ത്രിക്കെതിരേ മൊഴി നല്‍കിയപ്പോഴേ ഇത്രയും പുകില്‍. ഇനി മറ്റുള്ളവര്‍ക്കെതിരേകൂടി പറഞ്ഞാല്‍ രാജ്യം വിട്ടുപോകേണ്ടിവരും. അന്വേഷണസംഘത്തെ സര്‍ക്കാര്‍ അട്ടിമറിക്കുമെന്നതിനാലാണു കൂടുതല്‍ തെളിവുകള്‍ നല്‍കാത്തത്‌.
17 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിവിധ ചര്‍ച്ചകളുടെ ശബ്‌ദരേഖയും ഇതുവരെ വെളിപ്പെടുത്താത്ത വിഷയങ്ങളും ഉള്‍പ്പെട്ട ഫോണ്‍, ചിത്രങ്ങളടക്കമുള്ള ഡിവിഡി എന്നിവ കോടതിക്കു കൈമാറി. ജോസ്‌ കെ. മാണി എം.പി. സാക്ഷികളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതു ശബ്‌ദരേഖയിലുണ്ടെന്നും ബിജു അവകാശപ്പെട്ടു. കോടതിയില്‍ 30 പേജുള്ള മൊഴിയാണു നല്‍കിയത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.