കൊച്ചി : സംസ്‌ഥാന സര്‍ക്കാരിന്റെ മദ്യനയം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് അംഗീകരിച്ചു. ഇതിന്റെ അടിസ്‌ഥാനത്തില്‍ സംസ്‌ഥാനത്തെ മൂന്നൂറ് ബാറുകള്‍ക്ക് ഇന്ന് പൂട്ടുവീഴും. ഫോര്‍ സ്‌റ്റാര്‍ ബാറുകള്‍ തുറക്കാന്‍ നല്‍കിയ വിധിയും കോടതി റദ്ദാക്കിയതോടെ 24 ബാറുകള്‍ മാത്രമാണ് സംസ്‌ഥാനത്ത് ഇനി തുറന്ന് പ്രവര്‍ത്തിക്കുക.
രാവിലെ പത്തേകാലിന് ആരംഭിച്ച വിധി പ്രസ്‌താവം വൈകുന്നേരം നാലരയോടെയാണ് പൂര്‍ത്തിയായത്. മാധ്യമപ്രവര്‍ത്തകരെ പോലും അകറ്റി നിര്‍ത്തിയായിരുന്നു ബാര്‍ കേസില്‍ ഹൈക്കോടതിയുടെ വിധിപ്രസ്‌താവം. ബാറുകള്‍ പൂട്ടിയാല്‍ തൊഴില്‍ നഷ്‌ടപ്പെടുമെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ കോടതി ഇഷ്‌ടം പോലെ മദ്യം ലഭ്യമാക്കണമെന്നത് മൗലീകാവകാശമല്ലെന്നും നിരീക്ഷിച്ചു. പൊതു സ്‌ഥലത്ത് മദ്യപിക്കാനുള്ള ആവശ്യം അംഗീകരിക്കാനാകില്ല. മദ്യവില്‍പ്പന കുറയുമ്പോള്‍ സര്‍ക്കാരിനുണ്ടാകുന്ന നഷ്‌ടത്തില്‍ ബാര്‍ ഉടമകള്‍ ആശങ്കപ്പെടേണ്ടതില്ല. മദ്യമില്ലെങ്കില്‍ ടൂറിസം മേഖല തകരുമെന്ന വാദം അംഗീകരിക്കാനാകില്ല. ടൂറിസം മേഖല നിലനില്‍ക്കാന്‍ കൊക്കയ്‌ന്‍ വേണമെന്ന് നാളെ വാദിച്ചാല്‍ എന്തുചെയ്യുമെന്നും കോടതി ചോദിച്ചു.
സംസ്‌ഥാന സര്‍ക്കാരിന് പോളിസി തീരുമാനിക്കാനുള്ള അധികാരമുണ്ട്. ഇതിലേയ്‌ക്ക് കോടതി കടക്കുന്നില്ല. സംസ്‌ഥാനത്ത് മദ്യത്തിന്റെ ലഭ്യത കുറയ്‌ക്കാന്‍ സര്‍ക്കാരിന് താത്‌പര്യമുണ്ടെന്നും ജനക്ഷേമത്തിനായി സാഹചര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന് അറിയാമെന്നും കോടതി വിലയിരുത്തി.








