Home » » വാളയാര്‍: ലോറി ഉടമകള്‍ അനിശ്‌ചിതകാല സമരം തുടങ്ങി.

വാളയാര്‍: ലോറി ഉടമകള്‍ അനിശ്‌ചിതകാല സമരം തുടങ്ങി.

Written By Unknown on Tuesday, 31 March 2015 | 19:48

പാലക്കാട്‌: വാളയാര്‍ ചെക്‌പോസ്‌റ്റിലെ ഗതാഗതകുരുക്ക്‌ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ലോറി ഉടമകളുടെ സംഘടനയായ ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ കോണ്‍ഗ്രസിന്റെ (എ.ഐ.എം.ടി.സി) നേതൃത്വത്തില്‍ അനിശ്‌ചിതകാല പണിമുടക്ക്‌ ആരംഭിച്ചു. പാലക്കാട്‌ ജില്ലയിലെ അതിര്‍ത്തി ചെക്‌പോസ്‌റ്റുകള്‍ വഴി കേരളത്തിലേക്കുള്ള ചരക്ക്‌ നീക്കമാണ്‌ ചൊവ്വാഴ്‌ച അര്‍ദ്ധരാത്രി മുതല്‍ നിര്‍ത്തിയത്‌.
ഇന്നലെ ധനമന്ത്രി കെ.എം. മാണി ചര്‍ച്ചയ്‌ക്ക് വിളിച്ചിരുന്നെങ്കിലും സമരത്തിന്റെ തലേന്ന്‌ വിളിച്ച ചര്‍ച്ചയ്‌ക്ക് പ്രസക്‌തിയില്ലെന്ന്‌ പറഞ്ഞ്‌ ലോറി ഉടമകള്‍ പങ്കെടുത്തില്ല. സംസ്‌ഥാനത്തെ മുഴുവന്‍ ചെക്‌പോസ്‌റ്റുകള്‍ വഴിയുള്ള ചരക്ക്‌ നീക്കവും ഏപ്രില്‍ ഒന്നു മുതല്‍ നിര്‍ത്തി വയ്‌ക്കുമെന്നാണ്‌ നേരത്തെ പറഞ്ഞിരുന്നതെങ്കിലും പിന്നീട്‌ ഈ തീരുമാനത്തില്‍ നിന്ന്‌ ലോറി ഉടമകള്‍ പിന്നോട്ട്‌ പോവുകയായിരുന്നു.
വാളയാര്‍ ചെക്‌പോസ്‌റ്റിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 2013 ജൂലൈ 22ന്‌ മുഖ്യമന്ത്രിയും ചീഫ്‌ സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍ എടുത്ത തീരുമാനങ്ങളൊന്നും നടപ്പായില്ലെന്ന്‌ ലോറി ഉടമകള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വണ്ടികള്‍ക്ക്‌ വേഗം ക്ലിയറന്‍സ്‌ ലഭിക്കാനായി ചെക്‌പോസ്‌റ്റില്‍ സ്‌കാനിംഗ്‌ മെഷീനും കാമറകളും സ്‌ഥാപിക്കുക, സുഗമമായ ചരക്ക്‌ നീക്കത്തിന്‌ ഗ്രീന്‍ ചാനല്‍ സംവിധാനം നടപ്പാക്കുക, സംയോജിത ചെക്‌പോസ്‌റ്റ് തുടങ്ങുക, വാണിജ്യ നികുതി ചെക്‌പോസ്‌റ്റില്‍ ആവശ്യത്തിന്‌ ജീവനക്കാരെ നിയമിക്കുക, ലോറി ജീവനക്കാര്‍ക്ക്‌ കുടിവെള്ളവും പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൗകര്യങ്ങളും വിശ്രമകേന്ദ്രവും ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളാണ്‌ മുന്നോട്ട്‌ വച്ചത്‌. ഇക്കാര്യത്തില്‍ രേഖാമൂലം ലഭിച്ച ഉറപ്പുകള്‍ പോലും പാലിക്കപ്പെട്ടില്ല.
ലോറി ഉടമാസംഘടന വാളയാറില്‍ ഓഫീസ്‌ ആരംഭിച്ചെങ്കിലും നാളിതുവരെ ഇവിടേക്ക്‌ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ നല്‍കിയില്ല. ഈ സാഹചര്യത്തില്‍ ചര്‍ച്ചയ്‌ക്കു മുമ്പേ മുഖ്യമന്ത്രിയും ധനമന്ത്രിയും വാളയാറിലെ പ്രശ്‌നങ്ങള്‍ നേരില്‍ ബോധ്യപ്പെടുകയാണ്‌ വേണ്ടത്‌. പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണുംവരെ സമരം തുടരും. അനിശ്‌ചിതമായി നീണ്ടുപോയാല്‍ മറ്റ്‌ ചെക്‌പോസ്‌റ്റുകളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിനെകുറിച്ച്‌ ആലോചിക്കും.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.