തലശേരി : പ്രമാദമായ ലൈംഗിക പീഡനക്കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞ മൂന്നാം പ്രതിക്ക് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും ശിക്ഷ. വടകര എടച്ചേരിയിലെ ചെട്യാര്‍ കോളനിയില്‍ താമസക്കാരനായ അണ്ടലൂര്‍ സ്വദേശി യു. ടി. സന്തോഷ് കുമാറിനെ (35) യാണ് തലശേരി ജില്ലാ സെഷന്‍സ് കോടതി ജഡ്‌ജി വി. ഷര്‍സി ശിക്ഷിച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതൃ സഹോദരനാണ് സന്തോഷ്. ഇയാള്‍ പിഴയടച്ചാല്‍ സംഖ്യ പെണ്‍കുട്ടിക്ക് നല്‍കണം. ഇല്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം.
കോടതി വിധിയാല്‍ അനുവദിച്ചു കിട്ടുന്ന തുക പെണ്‍കുട്ടിക്ക് മതിയാവില്ലെന്ന് നിരീക്ഷിച്ച ന്യായാധിപ കൂടുതല്‍ സംഖ്യക്കായി ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയെ സമീപിക്കാമെന്നും വിധി വാചകത്തില്‍ പറയുന്നു. ഇന്ത്യാ ശിക്ഷാ നിയമം 376 വകുപ്പ് പ്രകാരം ബലാത്സംഗ കുറ്റത്തിനാണ് ശിക്ഷയെങ്കിലും പീഡനത്തിനിരയായ പെണ്‍കുട്ടി മൈനറായതിനാല്‍ പരമാവധി ശിക്ഷ നല്‍കുകയായിരുന്നു. 2012 ലാണ് ലൈംഗിക പീഡന വിവരം പുറം ലോകം അറിയുന്നത്. പെണ്‍കുട്ടിയെ നാലു മുതല്‍ എട്ടാം ക്ലാസ് വരെ പ്രായപൂര്‍ത്തിയാകാത്ത സ്വന്തം സഹോദരന്‍, മൂന്ന് അമ്മാവന്‍മാര്‍ എന്നിവര്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതോടെ അഞ്ച്‌പേരെയും പ്രതിചേര്‍ത്ത് ധര്‍മ്മടം പോലീസ് കേസെടുത്തിരുന്നു.
അന്വേണംഏറ്റെടുത്ത തലശേരി (സി. ഐ.) എം. പി. വിനോദ് റിക്കാര്‍ഡ് വേഗതയില്‍ അന്വേഷണം പൂര്‍ത്തിയാക്കി. അണ്ടല്ലുരിലെ കണ്ണന്‍ കൊറുമ്പില്‍ കെ. അരുണ്‍കുമാര്‍ (47) പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍, അമ്മാവന്‍മാരായ സന്തോഷ്, സുധീര്‍, സുരേഷ് ബാബു, എന്നിവരാണ് കുറ്റപത്രത്തില്‍ ഒന്നുമുതല്‍ അഞ്ച് വരെ കുറ്റക്കാരായി പ്രതിസ്‌ഥാനത്തുണ്ടായത്. പ്രതികളില്‍ പിതാവിനെ കുറ്റക്കാരനെല്ലെന്ന് കണ്ട് കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു. രണ്ടാം പ്രതിയായ സഹോദരനെതിരെയുള്ളകേസ് ജുവനൈല്‍ കോടതിയിലാണുള്ളത്.
നാലാം പ്രതി സുധീര്‍ റിമാന്റില്‍ കഴിയവെ ജയിലിലേക്കുള്ള വഴയില്‍ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. അഞ്ചാം പ്രതി സ്‌ഥാനത്തുള്ള സുരേഷ് ബാബുവിന്റെ കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരുന്നതിനാല്‍ വിചാരണകോടതി പരിഗണിച്ചില്ല. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ: തങ്കച്ചന്‍ മാത്യുവാണ് വാദം നടത്തിയത്.








