തിരുവനന്തപുരം: മാറിമാറിവരുന്ന സര്‍ക്കാരുകള്‍ കോര്‍പ്പറേറ്റ് ശക്‌തികളുടെ തടവുകാരായി മാറുന്നെന്നു ബി.എം.എസ്. മുന്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണന്‍. ബി.എം.എസ്. സംസ്‌ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോഡി സര്‍ക്കാരിനും ഇതുവരെയും സാമ്പത്തികമേഖലയിലും തൊഴില്‍ മേഖലയിലും ഒന്നും ചെയ്യാനില്ല. ഇത് അപകടകരമായ സ്‌ഥിതിവിശേഷമാണ്. ഏതു സര്‍ക്കാര്‍ വന്നാലും മാറ്റമില്ലാത്ത ബ്യൂറോക്രസിയാണു ഭരണകൂടത്തെ നിയന്ത്രിക്കുന്നത്. ഇവരുടെ വികസനമാതൃകയാണു സര്‍ക്കാര്‍ പിന്തുടരുന്നത്. കമ്യൂണിസത്തിന്റെ തകര്‍ച്ചയ്‌ക്കുശേഷം മുതലാളിത്തം എന്ന ഏകധ്രുവലോകം ലോകരാജ്യങ്ങള്‍ സ്വീകരിച്ചു.
വാള്‍സ്‌ട്രീറ്റ് മോഡലാണു കേന്ദ്ര സര്‍ക്കാര്‍ പിന്തുടരാന്‍ ശ്രമിക്കുന്നത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍, നീതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗാര്യ, ചീഫ് ഇക്കണോമിക് അഡൈ്വസര്‍ അരവിന്ദ് സുബ്രഹ്‌മണ്യന്‍ എന്നിവര്‍ വാള്‍സ്‌ട്രീറ്റിന്റെ ഉപദേശകരായിരുന്നു. അമേരിക്കയില്‍ ജീവിച്ച ഇവര്‍ക്കു ഭാരതത്തിലെ സാധാരണക്കാരുടെ യാതനകള്‍ മനസിലാക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ തെറ്റുകളുടെ പരിണിതഫലം അനുഭവിക്കുന്നത് സാധാരണ ജനങ്ങളും തൊഴിലാളികളുമാണ്. ഔഷധങ്ങളുടെയും ഇന്ധനത്തിന്റെയും വില നിയന്ത്രണത്തില്‍നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങിയതുമൂലം ജീവന്‍രക്ഷാമരുന്നുകളുടെയും നിത്യോപയോഗ സാധിനങ്ങളുടെയും വില ക്രമാതീതമായി വര്‍ധിക്കുന്നു.
ഭരണാധികാരികള്‍ കാര്‍ഷികമേഖലയെ കൈവിട്ടതുമൂലം ജനങ്ങള്‍ ഭക്ഷണത്തിനു വകയില്ലാതെ വിഷമിക്കുന്നു. ഇത്തരം സ്‌ഥിതിവിശേഷം നോക്കി നില്‍ക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ബി.എം.എസ്. സംസ്‌ഥാന പ്രസിഡന്റ് അഡ്വ. എം.പി. ഭാര്‍ഗവന്‍ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി സി.ആര്‍. നന്ദകുമാര്‍, ഐ.എന്‍.ടി.യു.സി സംസ്‌ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, എ.ഐ.ടി.യു.സി വര്‍ക്കിങ് പ്രസിഡന്റ് ജെ. ഉദയഭാനു, ബി.എം.എസ് അഖിലേന്ത്യ സഹ. സംഘടനാ സെക്രട്ടറി ബി. സരേന്ദ്ര, ദക്ഷിണക്ഷേത്രീയ സംഘടനാ സെക്രട്ടറി എന്‍.എം. സുകുമാരന്‍, സംസ്‌ഥാന ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരന്‍, കെ.കെ. വിജയകുമാര്‍, കെ. ഗംഗാധരന്‍, ടി.വി. ശങ്കരനാരായണന്‍, എ.എം. പങ്കജാക്ഷന്‍, അഡ്വ. മുരളീധരന്‍, എന്‍.കെ. മോഹന്‍ദാസ്, വി. രാധാകൃഷ്‌ണന്‍, സി.വി. രാജേഷ്, കെ.ആര്‍. ശോഭനകുമാരി, വേണാട് വാസുദേവന്‍, അഡ്വ. ആശാമോള്‍, എം.പി. രാജീവന്‍, പി. ശശിധരന്‍, ജി.കെ. അജിത്, കെ. മനോഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.








