Home » » മുകുന്ദന്‍ സി മേനോന്‍ അവാര്‍ഡ്‌ സി കെ ജാനുവിന്‌ സമ്മാനിച്ചു

മുകുന്ദന്‍ സി മേനോന്‍ അവാര്‍ഡ്‌ സി കെ ജാനുവിന്‌ സമ്മാനിച്ചു

Written By Unknown on Sunday, 29 March 2015 | 10:19

കോഴിക്കോട്‌: ദേശീയ മനുഷ്യാവകാശ ഏകോപന സമിതിയുടെ 2014 ലെ മുകുന്ദന്‍ സി മേനോന്‍ അവാര്‍ഡ്‌ ആദിവാസി ഗോത്രമഹാസഭ ചെയര്‍പേഴ്‌സണ്‍ സി കെ ജാനുവിന്‌ നല്‍കി. കോഴിക്കോട്‌ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പെണ്‍കൂട്ട്‌ ചെയര്‍പേഴ്‌സണ്‍ ടി വിജിയാണ്‌ അവാര്‍ഡ്‌ നല്‍കിയത്‌. ഇന്ത്യയിലെ തന്നെ ആദിവാസിജനവിഭാഗങ്ങളുടെ വിമോചനത്തിനായി വലിയ സമരങ്ങള്‍ നയിച്ച വലിയ മനുഷ്യാവകാശപ്രവര്‍ത്തകന്റെ പേരിലുള്ള അവാര്‍ഡ്‌ ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന്‌ സി കെ ജാനു മറുപടി പ്രസംഗത്തില്‍ പറഞ്ഞു. കേരളത്തിലെ ആദിവാസി സമരങ്ങളെ കലവറയില്ലാതെ മേനോന്‍ പിന്തുണച്ചിരുന്നു. തലസ്ഥാനത്ത്‌ ഭൂമിക്ക്‌ വേണ്ടി ആദ്യമായി സമരം നയിച്ചപ്പോള്‍ ഞങ്ങളിലൊരാളെപ്പോലെ നിന്നാണ്‌ പോരാട്ടഭൂമിയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചത്‌. മേനോന്റെ വിട്ടുവീഴ്‌ചയില്ലാത്ത വാദങ്ങളാണ്‌ ഭരണകൂടത്തെ ആദിവാസികള്‍ക്ക്‌ അനുകൂലമാക്കിയത്‌. നില്‍പ്പുസമരത്തിന്റെയും വിജയത്തിന്റെ പാഠങ്ങള്‍ മേനോനില്‍ നിന്നും സ്വായത്തമാക്കിയതായിരുന്നു. ആദിവാസികളുടെ പ്രശ്‌നങ്ങള്‍ മാധ്യമങ്ങളിലൂടെ യഥാര്‍ത്ഥമായി അവതരിപ്പിക്കുന്നതിലും മേനോന്‍ വിജയിക്കുകയായിരുന്നു. ഇത്തരം മനുഷ്യാവകാശപ്രവര്‍ത്തകരെയാണ്‌ വരാനിരിക്കുന്ന കലികാലങ്ങള്‍ കാത്തിരിക്കുന്നത്‌. മേനോന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടര്‍ച്ചയുണ്ടാക്കാനുള്ള പ്രതിജ്ഞയാണ്‌ നാം എടുക്കേണ്ടത്‌- സി കെ ജാനു പറഞ്ഞു.

എന്‍.സി.എച്ച്‌.ആര്‍.ഒ. കേരള ചാപ്‌റ്റര്‍ മുന്‍ പ്രസിഡന്റ്‌ എ വാസു അധ്യക്ഷതവഹിച്ചു. പോപുലര്‍ ഫ്രണ്ട്‌ ജനറല്‍സെക്രട്ടറി കെ എച്ച്‌ നാസര്‍ മുകുന്ദന്‍ സി മേനോന്‍ അനുസ്‌മരണപ്രഭാഷണം നടത്തി. മര്‍ഡര്‍ ബൈ അതര്‍ മീന്‍സ്‌ എന്ന പുസ്‌തകം എ പി കുഞ്ഞാമു, വിളയോടി ശിവന്‍ കുട്ടിക്ക്‌ നല്‍കി പ്രകാശനം ചെയ്‌തു. ടി വിജി, എന്‍.സി.എച്ച്‌.ആര്‍.ഒ. ദേശീയ ജനറല്‍ സെക്രട്ടറി പ്രഫ. പി കോയ, ഡോ. എ ഐ വിലായത്തുല്ല, ഡോ. അസീസ്‌ തരുവണ, റെനി ഐലിന്‍, പി നൂറുല്‍ അമീന്‍, എന്‍.സി.എച്ച്‌.ആര്‍.ഒ. ഹെല്‍പ്പ്‌ ലൈന്‍ കോ-ഓഡിനേറ്റര്‍ എം കെ ഷറഫുദ്ധീന്‍ സംസാരിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.