Home » » സഭയില്‍ വനിതാ അംഗങ്ങള്‍ക്കു നേരെയുണ്ടായത് ആസൂത്രിത ആക്രമo ജമീല പ്രകാശം.

സഭയില്‍ വനിതാ അംഗങ്ങള്‍ക്കു നേരെയുണ്ടായത് ആസൂത്രിത ആക്രമo ജമീല പ്രകാശം.

Written By Unknown on Tuesday, 17 March 2015 | 03:41

തിരുവനന്തപുരം: ബജറ്റ അവതരണ ദിവസം നിയമസഭയില്‍ പ്രതിപക്ഷ വനിതാ അംഗങ്ങള്‍ക്കു നേരെയുണ്ടായത് ആസൂത്രിത ആക്രമണമാണെന്ന് ജമീല പ്രകാശം. ശിവദാസന്‍ നായര്‍, ബെന്നി ബഹനാന്‍, ഡൊമനിക് പ്രസന്റേഷന്‍ എന്നിവരാണ് ആക്രമണത്തിന് മുന്‍കൈയെടുത്തത്. മുഖ്യമന്ത്രി ഇതിനെല്ലാം ദൃക്‌സാക്ഷിയാണെന്നും ജമീല പ്രകാശം പറഞ്ഞു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളുടെ സ്റ്റില്‍ അടങ്ങിയ തെളിവുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെള്ളിയാഴ്ച രാവിലെ 8.46 മുതല്‍ 8.48 വരെ സഭയില്‍ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് ഇവര്‍ പുറത്തുവിട്ടത്. സഭ ചേരുന്നതിനു മുന്‍പാണ് ഈ സംഭവങ്ങള്‍ നടന്നത്.
സഭയിലെത്തുന്ന കെ.എം മാണിയെ ഉപരോധിക്കാന്‍ താനടക്കമുള്ള വനിതാ അംഗങ്ങള്‍ മന്ത്രിമാരുടെ ഇരിപ്പിടത്തിന് സമീപം നിലയുറപ്പിച്ചിരുന്നു. ഈ സമയം തങ്ങളുടെ പിന്നില്‍ ആസൂത്രണം ചെയ്ത നാടകം അറിഞ്ഞിരുന്നില്ല. ബെന്നി ബഹനാനും ഡൊമനിക് പ്രസന്റേഷനും ശിവദാസന്‍ നായരുമാണ് സ്ത്രീകളെ ആക്രമിക്കാന്‍ മുന്നില്‍ നിന്നത്. ഇവര്‍ മനഃപൂര്‍വ്വം ആക്രമിക്കുകയായിരുന്നു. തന്നെ അപമാനിക്കുന്നത് മുഖ്യമന്ത്രി നോക്കി നിന്നു. തന്നെ അപമാനിച്ച ശിവദാസന്‍ നായരില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ് താന്‍ കടിച്ചത്. കടിക്കുമെന്ന് പറഞ്ഞുകൊണ്ടുതന്നെയാണ് കടിച്ചതെന്നും ജമീല പ്രകാശം അറിയിച്ചു.
മുഖ്യമന്ത്രിയെ തങ്ങള്‍ ഒരുതരത്തിലും ആക്രമിക്കാന്‍ ശ്രമിച്ചിട്ടല്ല. മുഖ്യമന്ത്രിയെ നോക്കുകപോലും ചെയ്തിട്ടില്ല. ബിജിമോള്‍ക്കു നേരെയാണ് ആദ്യം ആക്രമണം നടന്നത്. ഡൊമനിക് പ്രസന്റേഷനാണ് പിന്നില്‍ നിന്ന് ബിജിമോളെ ആക്രമിച്ചത്. ബിജിമോള്‍ അലറിക്കരയുന്നത് കേട്ട് മുഖ്യമന്ത്രി പിന്നിലേക്ക് തിരിഞ്ഞുനോക്കുന്നുണ്ട്. ബിജി മോളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ തങ്ങള്‍ക്കിടയിലേക്ക് കടന്നുവന്ന ശിവദാസന്‍ നായര്‍ തനിക്കു നേരെ ആക്രമണം നടത്തി. മുഖ്യമന്ത്രി ഇതെല്ലാം കാണുന്നുണ്ട്. ബെന്നി ബഹനാന്‍ പിന്നില്‍ നിന്ന് ആക്രോശിക്കുന്നുമുണ്ടായിരുന്നു.
തങ്ങളെ ആക്രമിക്കുന്നത് കണ്ടാണ് മറ്റ് അംഗങ്ങളും ഇവിടേക്കു വന്നതെന്നും ഇതില്‍ രോഷാകുലാരായാണ് പിന്നീട് സ്പീക്കറുടെ ഡയസില്‍ കയറി സംഘര്‍ഷമുണ്ടാക്കിയതെന്നും ജമീലാ പ്രകാശം പറഞ്ഞു. ദൃശ്യങ്ങള്‍ ഒരുമിച്ചിരുന്ന് കാണാമെന്ന് പറയുന്ന മുഖ്യമന്ത്രി ഈ ദൃശ്യങ്ങള്‍ തന്റെ കുടുംബത്തെ കാണിക്കാന്‍ തയ്യാറാകുമോയെന്നും ജമീല ആരാഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.